പത്മനാഭന്റെ ചെറുകഥകൾ എന്നും മനുഷ്യത്വത്തിന്, സ്നേഹത്തിന്, ആർദ്രതയ്ക്ക്, അവ അനാഥമല്ലെന്നതിന് ലഭിക്കുന്ന ഉറപ്പാണ്.
‘സത്യദീപം’ ശതാബ്ദി ആഘോഷിക്കുന്ന അവസരമാണിത്. ശതാബ്ദി സ്മാരകമായി ഏർ പ്പെടുത്തിയിരിക്കുന്ന സാഹിത്യപുരസ്കാരം ശ്രീ. ടി പത്മനാഭന് സമർപ്പിക്കാൻ തീരുമാനിച്ചത് അങ്ങേയറ്റം ഉചിതമായി എന്ന് ഞങ്ങൾ കരുതുന്നു. കേരള കത്തോലിക്കാസഭയുടെ എറണാ കുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം എന്ന സ്ഥാനം മാത്രമല്ല സത്യദീപത്തിനുള്ളത്. സഭാവൃത്താന്തങ്ങൾ ആധികാരികതയോടെ അറിയിക്കുന്ന ധർമ്മം മാത്രമല്ല സത്യദീപത്തിനുള്ളത്. അത് വാരികയുടെ പ്രാഥമികമായ ചുമതലയാണ്. സഭ പ്രവർത്തിക്കുന്നത് ലോകത്തിലാണ്. അതുകൊണ്ട് ലോകത്തിൽ നടക്കുന്ന സംഭവങ്ങളുടെ സുദൃഢമായ ഒരു മൂല്യസങ്കല്പത്തിന് എതിരെ വച്ച് പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. ആ ധർമ്മം നിറവേറ്റുന്നതിൽ വീഴ്ച വരാതെ ജാഗരൂകമായിരിക്കാൻ സത്യദീപം എന്നും ശ്രദ്ധിച്ചിരുന്നു. സഭയുടെ ഒരു ബുള്ളറ്റിൻ എന്ന പരിമിതിയിൽ ഒതുങ്ങാതെ മാനവമൂല്യങ്ങളുടെ കാവലാളാകാൻ കഴിഞ്ഞ തുകൊണ്ടാണ് കേരളത്തിന്റെ പൊതുജീവിതത്തിൽ പ്രസക്തിയുള്ള സാന്നിധ്യമാകാൻ ഈ വാരികയ്ക്കു കഴിഞ്ഞത്.
ഈ മൂല്യശ്രദ്ധയാണ് ടി പത്മനാഭനെയും സത്യദീപത്തെയും ബന്ധിക്കുന്നത്. ഇക്കാര്യത്തിൽ പത്മനാഭൻ കഥകൾ വേറിട്ടു നിൽക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. മാനുഷികതയുടെ കേവല വിശുദ്ധിയിലേക്ക് വിരൽ ചൂണ്ടുന്നതാണ് അദ്ദേഹത്തിന്റെ എല്ലാ കഥകളും. പവിത്രമായ പ്രാർത്ഥനപോലെ ആ കഥകൾ മനുഷ്യചേതനയെ വിമലീകരിക്കുന്നു.
ധാരാളം അശുദ്ധികളുള്ള ഈ ലോകത്തിൽ വീണ്ടും മാലിന്യം വർദ്ധിപ്പിക്കാൻ തന്റെ കഥകൾ ഇടവരുത്തരുത് എന്ന് നിഷ്ഠവച്ചിട്ടുള്ള എഴുത്തുകാരനാണ് ടി പത്മനാഭൻ. വിദ്യാർത്ഥി യായിരുന്ന കാലം മുതൽ ഇന്നോളം എഴുതിയിട്ടുള്ള കഥകളിലൊന്നും അതിന് ഇടവരുത്തിയിട്ടില്ല എന്നത് അദ്ദേഹത്തിന്റെ സ്വകാര്യമായ അഭിമാനവുമാണ്. ജീവിതത്തിന്റെ ഇരുണ്ട വശങ്ങളൊന്നും കാണാതെ ഒരു മൂഢസ്വർഗം സൃഷ്ടിച്ച് ഇവിടെ വെളിച്ചമേയുള്ളൂ, ഇരുട്ട് തീരെയില്ല, എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്ന കഥകളല്ല പത്മനാഭൻ എഴുതുന്നത്. അങ്ങനെ ചെയ്താൽ കഥകൾ കൃത്രിമവും ഉപരിപ്ലവവും ആകും. പത്മനാഭൻ കഥകൾ അങ്ങനെയല്ല. മനുഷ്യജീവിതത്തിന്റെ നീക്കുപോക്കില്ലാത്ത ദുഃഖാത്മകതയെ അദ്ദേഹം കാണുന്നു; ഇരുട്ടിൽ ഇഴയുന്ന ബീഭത്സതകളെ അദ്ദേഹം അറിയുന്നു.
നിലവിളികളും ഗദ്ഗദങ്ങളും നിറഞ്ഞതാണ് ഈ ലോകം എന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയവുമില്ല. ഈ ലോകത്തിൽ വെളിച്ചം അമ്പേ കെട്ടുപോയിരിക്കുന്നു എന്നു കാണിക്കാനല്ല, ഇവിടെ, ഈ ഇരുട്ടിൽ, ഒരു വെളിച്ചത്തരി ഉണർന്നിരിക്കുന്നു, അത് കാണൂ എന്നു പറയാനാണ് ഈ കഥകൾ ഉദ്യമിക്കുന്നത്. ആസുരഘോഷങ്ങൾ ചെകിടടപ്പിക്കുന്ന ഈ ലോകത്തിൽ എവിടെ നിന്നോ പാറി വന്ന ഒരു പറവയുടെ ചിറകടിയുടെ നേർത്ത നാദവും ഉണ്ട് എന്ന് അദ്ദേഹം പറയുന്നു; അത് കേൾക്കാൻ നമ്മുടെ കാതുകളെ ആ കഥകൾ സജ്ജമാക്കുകയും ചെയ്യുന്നു. സംശയങ്ങളും കുത്തുവാക്കുകളും കൊണ്ട് മനസ്സ് കടൽപോലെ ക്ഷുബ്ധമാകുമ്പോഴും അവയെ വകവയ്ക്കാതെ സഹജമായ ആഭിജാത്യത്തിന്റെയും സ്വഭാവശുദ്ധിയുടെയും ബലം സത്യോദാരതയെ ഉദാഹരിക്കുന്നതെങ്ങനെയെന്ന് അവ പറഞ്ഞു തരുന്നു. പത്മനാഭന്റെ ചെറുകഥകൾ എന്നും മനുഷ്യത്വത്തിന്, സ്നേഹത്തിന്, ആർദ്രതയ്ക്ക്, അവ അനാഥമല്ലെന്നതിന് ലഭിക്കുന്ന ഉറപ്പാണ്.
ചെറുകഥകൾ മാത്രം എഴുതുകയല്ല, ചെറുകഥകൾ മാത്രമേ എഴുതൂ എന്നു ശഠിച്ചു നില്ക്കുകയും ചെയ്ത എഴുത്തുകാരനാണ് ടി പത്മനാഭൻ. ചെറുകഥ എന്ന സാഹിത്യരൂപം സ്വതഃപ്രാമാണ്യമുള്ള ഒരു സംവർഗകമാണെന്ന് അംഗീകരിച്ചു കിട്ടാൻ നിരന്തരം പൊരുതിക്കൊണ്ടിരുന്ന എഴുത്തുകാരനുമാണ് അദ്ദേഹം. കുലാചലങ്ങളെ ഓർമ്മിപ്പിക്കുന്ന തലയെടു പ്പോടെ അദ്ദേഹം മലയാള സാഹിത്യത്തിൽ വാഴുന്നു. താരതമ്യമില്ലാത്ത ആ സാഹിതിയുടെ സത്യബലത്തെ ആദരിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യം സത്യദീപത്തിന് അവകാശപ്പെട്ടതാണ്.