Coverstory

ലില്ലിപ്പൊട്ടന്മാർ: ലില്ലിപ്പുട്ടിലെ ക്രേസി ഗോപാലൻസ്!

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

1726-ൽ പ്രസിദ്ധീകരിക്കപ്പെട്ട ജോനാഥൻ സ്വിഫ്റ്റിന്റെ “ഗള്ളിവേഴ്സ് ട്രാവൽസ്” എന്ന നോവൽ പ്രത്യക്ഷത്തിൽ ഫാന്റസി എന്ന് തോന്നിപ്പിക്കു മെങ്കിലും എല്ലാക്കാലത്തും പ്രസക്തമായ ആഴമേറിയ സാമൂഹ്യ-രാഷ്ട്രീയ വിമർശനം ഉൾക്കൊള്ളുന്ന ഒന്നാണ്. ഗള്ളിവറിന്റെ യാത്രകളിലൂടെ അദ്ദേഹം എത്തിപ്പെടുന്ന സ്ഥലങ്ങളിലെ മനുഷ്യരെയും ആശയസംഹിതകളെയും മുൻനിർത്തി ജോനാഥൻ സ്വിഫ്റ്റ് ഉന്നയിക്കുന്ന രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾ വിയർക്കാതെ വിജയം ഭക്ഷി ക്കുന്ന രാഷ്ട്രീയ നേതാക്കന്മാ രുള്ള ഇക്കാലത്തും വളരെ പ്രസക്തമാണ്! അതേ, ലില്ലി പ്പുട്ടിന്റെ എക്സ്റ്റൻഷനാണ് നമ്മുടെ നാടും!

ഒന്നാമത്തെ യാത്രയിൽ കപ്പൽ തകർന്ന് ഗള്ളിവർ എത്തി ച്ചേരുന്നത് ലില്ലിപ്പുട്ട് എന്ന ചെറിയ ദ്വീപ് രാജ്യത്തിലാണ്.

ആറ് ഇഞ്ച് ഉയരം മാത്രമുള്ള കുള്ളന്മാരുടെ നാടാണത്. ആറ് ഇഞ്ചിന്റെ ഉയരമേയുള്ളൂവെ ങ്കിലും 600 ഇഞ്ചിന്റെ അഹന്ത യും ഗർവും വ്യർത്ഥാഭിമാനവും കൂടെ കൊണ്ട് നടക്കുന്നവരാ ണിവർ. നാഗരികർ, പരിഷ്.കൃതർ എന്നൊക്കെ സ്വയം കരുതുന്ന മനുഷ്യർ എത്രയോ ചെറുതാ ണെന്ന് ഓർമ്മിപ്പിക്കുന്ന സ്വഭാവ സവിശേഷതകളുള്ളവർ! അതേ, ലില്ലിപ്പുട്ടിലെ മനുഷ്യർ ചിരഞ്ജീവി കളാണ്! എല്ലാ ദേശത്തും സ്വയം ചെറുതാകുന്ന ഇത്തരം മനുഷ്യരുണ്ട്.

ലില്ലിപ്പുട്ടിന്റെ എക്സ്റ്റൻഷനാണ് നമ്മുടെ നാടും! ലില്ലിപ്പൊട്ടന്മാർ എല്ലായിടത്തുമുണ്ട്; പുഴുങ്ങിയ മുട്ടയും കയ്യിൽ പിടിച്ച് ഏതറ്റം പൊട്ടിക്കണമെന്ന ഹൈക്കമാന്റിന്റെ ഉത്തരവും കാത്ത്!

ലില്ലിപുട്ടിൽ സർക്കാർ പദവികൾ നേടുന്നത് വിചിത്ര മായ രീതിയിലാണ്. കയറിന്മേൽ നൃത്തം ചെയ്യൽ, രാജാവിനെ സന്തോഷിപ്പിക്കുന്ന കളികൾ എന്നിവയൊക്കെ വഴിയാണ് പലരും സ്ഥാനമാനങ്ങൾ കൈവശപ്പെടുത്തുന്നത്. ഏറ്റവും ഉയരത്തിൽ ചാടുന്നവർക്കാണ് ഉയർന്ന പദവി! യോഗ്യതയല്ല, അധികാരികളെ സന്തോഷിപ്പിക്കാനുള്ള കഴിവാണ് പല സമൂഹങ്ങളിലും ഉയർച്ചയ്ക്ക് കാരണമെന്ന് ജോനാഥൻ സ്വിഫ്റ്റ് വർഷങ്ങൾക്ക് മുൻപ് എഴുതിയത് ഹൈക്കമാൻഡിനെ സന്തോഷിപ്പിച്ച് പദവികൾ അടിച്ചെടുക്കുന്ന “ക്രേസി ഗോപാ ലന്മാരുടെ” കാലത്തും “വിജയ സ്തുതി” പാടി സ്ഥാനമൊപ്പി ക്കുന്ന “പെറുക്കിത്തീനി”കളുടെ കാലത്തും പ്രസക്തമാണ്. അച്ചൻവഴിയും കിച്ചൻവഴിയും സ്ഥാനങ്ങൾ നേടുന്നത് സഭ യിലും സമൂഹത്തിലും ഒരുപോലെ തന്നെ! “നിലപാടുകളുടെ രാജകുമാരന്മാർക്ക്” ആരെങ്കിലും പിന്തുണച്ചില്ലെങ്കിൽ വനവാസം തന്നെ വിധി!

ലില്ലിപ്പുട്ടിൽ നടക്കുന്ന യുദ്ധത്തിന്റെ കാരണമാണ് ഏറ്റവും വിചിത്രം! പുഴുങ്ങിയ മുട്ടയുടെ വലിയ അറ്റം പൊട്ടിക്കണോ ചെറിയ അറ്റം പൊട്ടി ക്കണോ എന്നതിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസമാണ് യുദ്ധത്തിലേക്ക് നയിക്കുന്നത്. “മുട്ടയുടെ വലിയ അറ്റം മാത്രമേ പൊട്ടിക്കാവൂ” എന്ന് ഉത്തരവിട്ട ചക്രവർത്തിയുടെ ഇടുങ്ങിയ മനസ്സാണ് പിന്നീട് വലിയ യുദ്ധത്തിലേക്ക് നയിക്കുന്നത്. ഇത്തരം “മഹത്തായ” ഉത്തരവുകൾ പുറപ്പെടുവിക്കുന്ന അല്പന്മാർ എല്ലാക്കാലത്തും ഉണ്ട്; അവരെ പിന്തുണയ്ക്കാൻ തലച്ചോർ പണയം വച്ച സൈബർ ഗുണ്ടകളും! വലിയ അറ്റം പൊട്ടിക്കണം എന്ന് വാദിച്ചവർ Big Endians അഥവാ വലിയ അറ്റ വാദികൾ എന്നും ചെറിയ അറ്റം പൊട്ടിക്കണം എന്ന് വാദിച്ചവർ

Small Endians/Little Endians അഥവാ ചെറിയ അറ്റ വാദി കൾ എന്നും അറിയപ്പെട്ടു. മുട്ടയുടെ പേരിൽ ചേരിതിരിഞ്ഞ ഇവർ തമ്മിലാണ് യുദ്ധം! സഭയിലും സമൂഹത്തിലുമൊക്കെ യുദ്ധം തുടങ്ങുന്നത് എത്രയോ നിസ്സാര കാര്യങ്ങളിൽ നിന്നാണ് എന്ന ആത്മപരിശോധനയ്ക്ക് നമ്മെ ഓർമ്മിപ്പി ക്കുന്ന സറ്റയർ! ഏകീകരണത്തിന്റെ വലിയ അറ്റം പൊട്ടി ക്കലുകൾ നമ്മെ എവിടെയാണെത്തിച്ചത്?

ലില്ലിപ്പുട്ടിലെ പ്രബലമായ രണ്ട് വിഭാഗങ്ങളുടെ പേരാണ് അതിലും രസം. ആദ്യത്തെ വിഭാഗം അറിയപ്പെടുന്നത് High-Heels. രണ്ടാമത്തെ പാർട്ടിയുടെ പേര് Low-Heels. വലിയ ഹീലുള്ള ചെരുപ്പിടുന്നവരാണ് High-Heels എന്ന പേരിലുള്ള രാഷ്ട്രീയ പാർട്ടിയിലുള്ളത്. ചെറിയ ഹീലുള്ള ചെരുപ്പിടുന്നവരാണ് Low-Heels പാർട്ടിയിലുള്ളത്. ചെരു പ്പിന്റെ ഹീലിന്റെ ഉയരത്തെക്കുറിച്ചാണ് ഇവർ തമ്മിലുള്ള പ്രധാന തർക്കം. പഴയ മലയാളം സിനിമയിലെ ഇരട്ടകളായ മറുകുള്ള ഉണ്ണിയും മറുക് ഇല്ലാത്ത ഉണ്ണിയും തമ്മിലുള്ള വ്യത്യാസം മാത്രമാണ് സത്യത്തിൽ ഈ രണ്ട് പാർട്ടിക്കാരും തമ്മിലുള്ളത്. സിനിമയിൽ ഒരു ഉണക്കമുന്തിരി കൊണ്ട് തീർക്കാവുന്ന പ്രശ്നം ആണെങ്കിൽ ലില്ലിപ്പുട്ടിൽ ഒരു ചെരുപ്പു കുത്തിയുടെ ഉളികൊണ്ട് തീർക്കാവുന്ന പ്രശ്നമേയുള്ളൂ. നമ്മുടെ നാട്ടിലെ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം പോലെ തന്നെ. രണ്ടും ഒരേ തൂവൽ പക്ഷികൾ! “അധികാരം കൊയ്യണമാദ്യം നാം; അതിനു മേലാകട്ടെ പൊന്നാര്യൻ” എന്ന് പാടിയ കവിയാണ് ഈ രണ്ട് കൂട്ടരുടെയും ഭരണ ഭാഷാപിതാവ്!

തന്റെ ഇടം കാലിലെ മന്ത് വലം കാലിലേക്ക് മാറ്റാൻ ചുടല ഭദ്രകാളിയോട്‌ വരം ചോദിച്ച നാറാണത്തു ഭ്രാന്തന്റെ അവസ്ഥ പോലെയാണ് കേരളത്തിലെ ഭരണ മാറ്റങ്ങൾ. ഇടതും വലതും വീതംവച്ചെടുത്ത അഞ്ചിന്റെ ഗുണിതങ്ങളാ യാകും ഒരു പക്ഷെ വരും കാലം കേരള ചരിത്രത്തെ വിലയിരുത്താൻ പോകുന്നത്. “ഇണ്ടൻ അമ്മാവൻ ഇടം കാലിലെ ചെളി വലം കാലിൽ തുടച്ചു; പിന്നെ വലം കാലിലെ ചെളി ഇടം കാലിൽ തുടച്ചു” എന്ന അയ്യപ്പപ്പണിക്ക രുടെ കവിത പോലെ തുടരുന്ന ഈ കക്ഷിരാഷ്ട്രീയത്തിന്റെ അശ്ലീലക്കളികളാണു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

സത്യത്തിൽ ഈ “നേരില്ലാക്കളി” ജനം മടുത്തു. “എതിരേ വരുന്ന, അവസരവാദിയായ പഞ്ചായത്ത് പ്രസിഡന്റിനെ, തല്ലിപ്പോകുമോയെന്ന് ഭയന്ന്, കണ്ടില്ലെന്ന് നടിക്കും” എന്ന ഒറ്റവരി കവിതയെഴുതിയ കണ്ണൂരിലെ ആ യുവ കവി ആവിഷ്ക്കരിച്ചത് സാധാരണക്കാരന്റെ നിസ്സഹായതയാണ്. ക്രേസി ഗോപാലന്മാരുടെ പീപ്പിയൂതലിന് തലയാട്ടുന്ന Real LOW-HEELS ആണ് നമ്മുടെ പല സാമാജികരും.

അതേ, ലില്ലിപ്പുട്ടിന്റെ എക്സ്റ്റൻഷനാണ് നമ്മുടെ നാടും! ലില്ലിപ്പൊട്ടന്മാർ എല്ലായിടത്തുമുണ്ട്; പുഴുങ്ങിയ മുട്ടയും കയ്യിൽ പിടിച്ച് ഏതറ്റം പൊട്ടിക്കണമെന്ന ഹൈക്കമാന്റിന്റെ ഉത്തരവും കാത്ത്!

ലെബനോന്‍ ക്രൈസ്തവര്‍ക്കു നിലനില്‍പിന് സഹായം ആവശ്യം

അമ്പതു രക്തസാക്ഷികള്‍, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, നാലുപേര്‍ ധന്യര്‍ പദവിയിലും

കുടുംബങ്ങള്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്ത് : ബിഷപ് ആന്റണി വാലുങ്കല്‍

പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നത് സമാധാനവും നിരായുധീകരണവും: കാര്‍ഡി. പരോളിന്‍

‘മനസ്സിനൊരു കരുതല്‍’ ഇനി ഇടവക തലങ്ങളില്‍