ഫാ. ഡോ. സജി മാത്യു കണയങ്കല്‍ സി എസ് ടി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമി 'ലിയോ' എന്ന പേര് തിരഞ്ഞെടുത്തപ്പോള്‍ സഭയെ ഇതിനു മുമ്പ് നയിച്ച മറ്റൊരു ലിയോ മാര്‍പാപ്പയുടെ (പതിമൂന്നാമന്‍) 'റേരും നൊവാരും' (പുതിയ കാര്യങ്ങളെ ക്കുറിച്ച്) എന്ന ചാക്രികലേഖനം ഒരിക്കല്‍കൂടി പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമായി. കത്തോലിക്കാസഭ യുടെ ദൈവശാസ്ത്രത്തെയും സാമൂഹിക ഇടപെടലുകളെയും നിര്‍ണ്ണായകമായി സ്വാധീനിച്ച ഈ പ്രബോധനത്തിന്റെ കാലിക പ്രസക്തിയെ പുനരാലോചനയ്ക്കു വിഷയമാക്കാന്‍ ലിയോ മാര്‍പാപ്പയുടെ പേര് ഇടയാക്കുകയും ചെയ്തു.
സഭാചരിത്രത്തിലെ ഒരു നിര്‍ണ്ണാ യക കാലഘട്ടത്തില്‍ തികച്ചും വിപ്ലവകരമായ ഒരു കാല്‍വയ്പായി രുന്നു ഈ ചാക്രികലേഖനത്തിന്റെ പ്രസിദ്ധീകരണം. ഇതിലൂടെ കത്തോലിക്കാസഭ പുതിയ ഒരു ഘട്ടത്തിനു 'കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ യുഗ'ത്തിന് (The Era of Catholic Social Dotcrine) തുടക്കമിടുകയായിരുന്നു. 'റേരും നൊവാരു'മാകട്ടെ, ഈ സാമൂഹിക പ്രബോധനങ്ങളുടെ മൂലക്കല്ലായി നിലകൊള്ളുന്നു. വ്യാവസായികവിപ്ലവത്തിന്റെ ദൂരവ്യാപകമായ അനന്തര ഫലങ്ങള്‍ക്കും ലിബറല്‍, മാര്‍ക്‌സിസ്റ്റ് സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളുടെ ആവിര്‍ഭാവത്തിനുമുള്ള സഭയുടെ മറുപടിയായിട്ടാണ് 1891 മെയ് 15 ന് പോപ്പ് ലിയോ പതിമൂന്നാമന്‍ ഈ ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്.
ന്യായമായ വേതനം, പരസ്പര ഉത്തരവാദിത്തം എന്നിവയ്ക്കുള്ള ലിയോ പതിമൂന്നാമന്റെ ആഹ്വാനം തുടര്‍ന്നുള്ള സഭാപ്രബോധനങ്ങളില്‍ ഗാഢവും സുസ്ഥിരവുമായ സ്വാധീനം ചെലുത്തി.
വ്യവസായവല്‍ക്കരണത്തിന്റെ പാര്‍ശ്വഫലമായി യൂറോപ്പിലുടനീളം ഉയര്‍ന്നുവന്ന വൈവിധ്യമാര്‍ന്ന സാമൂഹികവും സാമ്പത്തികവുമായ അനീതികളെയും രാഷ്ട്രീയ നിലപാടുകളെയും ഈ ചാക്രിക ലേഖനം അഭിസംബോധന ചെയ്തു. സാമൂഹികനീതി, തൊഴിലാളിയുടെ അന്തസ്സ്, തൊഴിലിന്റെ മഹത്വം, ന്യായമായ വേതനം, സ്വകാര്യസ്വത്ത്, പൊതുനന്മ തുടങ്ങി മാനുഷികവും രാഷ്ട്രീയവുമായ നിരവധി മേഖലകളെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ നിലപാട് വ്യക്തമാക്കിയ ഈ പ്രബോധനം, സാമൂഹികവും ദാര്‍ശനികവുമായ നവീനചിന്തകളാല്‍ സമ്പുഷ്ടമായി രുന്നെങ്കിലും വിമര്‍ശനത്തിന് അതീതമായിരുന്നില്ല.
അക്കാലത്തെ ചില യാഥാസ്ഥിതികര്‍ ഇതിനെ 'തീവ്ര പുരോഗമനപരം' (ulra Prograsive) എന്ന് വിമര്‍ശിച്ചെങ്കിലും, മുതലാളിത്തത്തിന്റെ അതിരില്ലായ്മ കളെയും സോഷ്യലിസത്തിന്റെ അതിവിപ്ലവത്തെയും നിരാകരിക്കുന്ന ഒരു സന്തുലിത ദര്‍ശനം ഈ ചാക്രികലേഖനം സമ്മാനിച്ചു. വര്‍ഗസമരത്തെയോ വിപ്ലവകരമായ പ്രക്ഷോഭത്തെയോ പിന്തുണയ്ക്കുന്ന തിനുപകരം, തൊഴിലാളിവര്‍ഗവും മൂലധനവും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിച്ചുകൊണ്ട് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ തൊഴിലാളികളുടെ മഹത്വവും അന്തസ്സും ഉറപ്പിക്കാന്‍ ശ്രമിച്ചു.
ആധുനിക സാഹചര്യത്തില്‍ തൊഴില്‍ അവകാശങ്ങളെയും സാമൂഹികനീതിയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നിര്‍ണ്ണായക മാര്‍ഗദര്‍ശന മായിരുന്ന ഈ ചാക്രികലേഖനത്തിന്റെ സ്വാധീനം തുടര്‍ന്നുവന്ന സഭാപ്രബോധനങ്ങളില്‍ വളരെ ഗാഢവും സുസ്ഥിരവുമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നാല്പതാം വര്‍ഷം (Quadragesimo Anno 1931), മാതാവും ഗുരുനാഥയും (Mater et Magistra 1961), തൊഴിലിന്റെ മഹത്വം (Laborem Exercens 1981), നൂറാം വര്‍ഷം (Centesimus Annus 1991) എന്നിവയുള്‍പ്പെടെ നിരവധി ചാക്രിക ലേഖനങ്ങളും അവയുടെ തുടര്‍പഠന ങ്ങളും ലിയോ പതിമൂന്നാമന്റെ ഉള്‍ക്കാഴ്ചകളെ ആവര്‍ത്തിച്ചുറപ്പി ക്കുകയും വികസിപ്പിക്കുകയും ചെയ്തു. തൊഴിലിന്റെ മഹത്വവും രീതിയും, തൊഴിലാളിയുടെ അവകാശങ്ങള്‍, സാമ്പത്തിക നീതി, തുടങ്ങിയ സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ 'റേരും നൊവാരും' ഒരു അടിസ്ഥാന മാനകമായി ഇന്നും തുടരുന്നു.
സാമൂഹികചരിത്ര പശ്ചാത്തലം
വ്യാവസായിക വിപ്ലവത്തെ ത്തുടര്‍ന്നുള്ള കാലഘട്ടം രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഘടന കളിലെ നാടകീയമായ മാറ്റങ്ങളാല്‍ മുദ്രിതമായിരുന്നു. യൂറോപ്പിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥ വളര്‍ന്നുവരുന്ന വ്യാവസായിക കേന്ദ്രങ്ങള്‍ക്ക് വഴിമാറി. സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന് അഭൂതപൂര്‍വമായി സമ്പത്ത് വര്‍ധിച്ചപ്പോള്‍, നിരവധി തൊഴിലാളികള്‍ അസമത്വത്തിനും വിവേചനത്തിനും, അനീതിക്കും ഇരയായി. അതിദീര്‍ഘമായ ജോലിസമയം, ബാലവേല, അപകടകരമായ ചുറ്റുപാടുകള്‍, അപര്യാപ്ത മായ വേതനം എന്നിവ സാധാരണമായിരുന്നു. നഗരങ്ങളിലേക്കുള്ള കൂട്ട കുടിയേറ്റം മൂലം കുടുംബങ്ങള്‍ ഛിന്നഭിന്നമായി.
തൊഴിലാളി വര്‍ഗത്തിന്റെ അടിമത്തസമാനമായ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. പല വ്യാവസായിക നഗരങ്ങളിലും ചേരികള്‍ അതിവേഗം വികസിച്ചു. ശുദ്ധജലം, വിദ്യാഭ്യാസം അല്ലെങ്കില്‍ ആരോഗ്യ സംരക്ഷണം എന്നിവ പരിമിതമായിരുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞതും വൃത്തിഹീനവു മായ ഇടങ്ങളിലാണ് തൊഴിലാളികള്‍ പലപ്പോഴും താമസിച്ചിരുന്നത്. പുതുതായി രൂപംകൊണ്ട തൊഴിലാളിവര്‍ഗത്തിന് തൊഴില്‍ നിയമങ്ങളോ യൂണിയനുകളോ വലിയ തോതില്‍ സംരക്ഷണം നല്‍കിയിരുന്നില്ല, ലാഭത്തിന് അമിതപ്രാധാന്യം നല്‍കിയിരുന്ന തൊഴിലുടമകള്‍, മനുഷ്യാന്തസ്സിനും നീതിക്കും മുകളില്‍ തങ്ങളുടെ ലാഭത്തെ പ്രതിഷ്ഠിച്ചു.
റേരും നൊവാരും ഒരു വിപ്ലവകരമായ ചാക്രികലേഖനമാണ്. കാരണം അതിന്റെ പ്രസിദ്ധീകരണത്തിലൂടെ കത്തോലിക്ക സഭ അതിന്റെ ചരിത്രത്തിലെ ഒരു പുതിയ ഘട്ടത്തിനു തുടക്കമിടുകയായിരുന്നു. കത്തോലിക്ക സാമൂഹിക പ്രബോധനങ്ങളുടെ യുഗം എന്ന് അതിനെ വിശേഷിപ്പിക്കാം.
ഈ പശ്ചാത്തലത്തിലാണ് പല രാജ്യങ്ങളിലും അസമത്വത്തില്‍ നിന്നും അനീതിയില്‍ നിന്നുമുള്ള മോചനം വാഗ്ദാനം ചെയ്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രചാരം നേടിയത്. 1848 ലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ പ്രസിദ്ധീകരണവും മാര്‍ക്‌സിസ്റ്റ് ഭൗതികവാദത്തിന്റെ വ്യാപനവും സഭ ഉള്‍പ്പെടെയുള്ള പരമ്പരാഗത സംവിധാന ങ്ങള്‍ക്കു സുപ്രധാനമായ പ്രത്യയശാസ്ത്ര വെല്ലുവിളി ഉയര്‍ത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പിന്നീട് 'ചെന്തെസിമുസ് അന്നുസി'ല്‍ നിരീക്ഷിച്ചതുപോലെ, 'ഒരു പരമ്പരാഗത സമൂഹം ഇല്ലാതാകുകയും മറ്റൊന്ന് രൂപപ്പെടാന്‍ തുടങ്ങുകയും ചെയ്തു. അത് പുതിയ സ്വാതന്ത്ര്യങ്ങളുടെ പ്രതീക്ഷ വാഗ്ദാനം ചെയ്തപ്പോള്‍ തന്നെ പുതിയ രൂപത്തിലുള്ള അനീതിയുടെയും അടിമത്ത ത്തിന്റെയും ഭീഷണി കൊണ്ടുവരുകയും ചെയ്തു' (നൂറാം വര്‍ഷം, 4).
നോസ്റ്റിസ് എറ്റ് നോബിസ്‌കും (Nostis Et Nobiscum. On the Church in the Pontifical States 1849) എന്ന ചാക്രികലേഖനത്തിലൂടെ പയസ് ഒമ്പതാമന്‍ മാര്‍പാപ്പ സോഷ്യലിസ ത്തെയും കമ്മ്യൂണിസത്തെയും നേരത്തെ തന്നെ അപലപിച്ചിരുന്നെങ്കിലും മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ സ്വാധീനിച്ചുകൊണ്ടിരുന്നു. ഈ പശ്ചാത്തലത്തില്‍, ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ആഗോള സമൂഹത്തിന് ധാര്‍മ്മിക വഴികാട്ടിയായി ധൈഷണികവും നൈതികവു മായ ഒരു ബദല്‍ദര്‍ശനം നല്‍കാന്‍ ശ്രമിക്കുക യായിരുന്നു.
മിനിമം വേതനം, ജീവിക്കാനുള്ള വേതനം, സാമ്പത്തിക അസമത്വം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഇന്നും ഈ ചാക്രികലേഖനം പരാമര്‍ശിക്കപ്പെടുന്നു.
'റേരും നൊവാരു'മിലൂടെ, ക്രിസ്തീയ ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ ഒരു സാമൂഹികദര്‍ശനം അദ്ദേഹം മുന്നോട്ടു വച്ചു. വര്‍ഗ സംഘര്‍ഷത്തെയും സര്‍വതന്ത്ര സ്വതന്ത്രമായ മുതലാളിത്തത്തെയും നിരാകരിക്കുന്നതും തൊഴിലാളികളുടെ അന്തസ്സ്, സ്വകാര്യ സ്വത്തിനുള്ള അവകാശങ്ങള്‍, നീതി സാധ്യമാക്കുന്നതില്‍ ഭരണകൂടത്തി നുള്ള അനിവാര്യമായ പങ്ക് എന്നിവ ആധാരമാക്കിയ നീതിപൂര്‍വകവും സുതാര്യവുമായ ഒരു മാര്‍ഗമായിരുന്നു അത്.
പാപ്പയുടെ ഈ ഇടപെടല്‍ താല്‍ക്കാലികമായ വികാരാവേശം മൂലമുണ്ടായ ഒരു നിലപാടായിരുന്നില്ല. മറിച്ച് ദീര്‍ഘമായ വിചിന്തന ത്തിന്റെയും ആഴത്തിലുള്ള അജപാലന പരിഗണനകളുടെയും ഫലമായിരുന്നു. ഈ ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നതിനും മുമ്പേ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടങ്ങളെ മനസ്സിലാക്കാന്‍ നിരവധി വ്യക്തിപരമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പെറുജിയയിലെ ആര്‍ച്ചുബിഷപ്പായിരിക്കെ 1877 ല്‍ തൊഴില്‍മേഖലയിലെ പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു ഇടയലേഖനം വളരെ ശ്രദ്ധേയമാണ്. തൊഴില്‍ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 1882 ല്‍ അദ്ദേഹം റോമില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു;
1884 ലാകട്ടെ, ഫ്രഞ്ച് തൊഴില്‍ ദാതാക്കളുടെ ഒരു തീര്‍ഥാടനത്തെ സ്വീകരിച്ചു. 1887 ല്‍ കൂടിയ ഫ്രഞ്ച് തൊഴിലാളി തീര്‍ഥാടകരുടെ സമ്മേളനത്തില്‍ സാമൂഹിക പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗവും വളരെ പ്രധാനപ്പെട്ടതാണ്. 1890 ല്‍, സാമൂഹിക പരിഷ്‌കരണത്തിന്റെ പ്രധാന ആശയങ്ങള്‍ ഒരു കത്തില്‍ അദ്ദേഹം വിശദീകരിച്ചു. ഇത്തരം വിശാലമായ പശ്ചാത്തലത്തില്‍ മനസി ലാക്കുമ്പോള്‍, 'റേരും നൊവാരും' അജപാലകനും പ്രവാചകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഒരു ദാര്‍ശനികന്റെ വിപുലമായ വിചിന്തനത്തിന്റെയും തന്റെ കാലത്തെ രാഷ്ട്രീയ സാമൂഹികസാമ്പത്തിക യാഥാര്‍ഥ്യങ്ങളുമായുള്ള നേരിട്ടുള്ള സംവാദത്തിന്റെയും പരിപക്വഫലമായി വേണം മനസ്സിലാക്കാന്‍.
തൊഴിലാളികളുടെ പോരാട്ടങ്ങള്‍: ഒരു ക്രൈസ്തവ പ്രതികരണം
തൊഴിലാളി വര്‍ഗത്തിന്റെ ദുരവസ്ഥയോടുള്ള ഒരു ക്രിസ്തീയ പ്രതികരണമാണ് പ്രധാനമായും 'റേരും നൊവാരും.' മനുഷ്യജീവിതത്തിന്റെ മാന്യവും അനിവാര്യവുമായ ഘടക മാണു ജോലിയെന്ന് അതുറപ്പി ക്കുകയും എല്ലാ തൊഴിലാളികള്‍ക്കും അവരുടെ പദവി ഏതായാലും അര്‍ഹമായ ആദരവ്, ന്യായമായ പെരുമാറ്റം, മാനുഷികമായ തൊഴില്‍, മാന്യമായ സാഹചര്യങ്ങള്‍ എന്നിവ ലഭ്യമാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്യുന്നു. അധ്വാനത്തെ ചൂഷണം ചെയ്യുന്നതിനെയും 'തൊഴിലാളി വര്‍ഗത്തിലെ ഭൂരിപക്ഷത്തിന്റെ മേലും അന്യായമായി ദുരിതവും നികൃഷ്ട തയും അടിച്ചേല്‍പ്പിക്കുന്നതിനെയും' (RN, 3) ഈ ചാക്രികലേഖനം അപലപിക്കുന്നു. 'മറിയത്തിന്റെ മകനായ തച്ചന്റെ' (RN, 23) ജീവിതത്തിന്റെ നേര്‍രേഖകള്‍ വരച്ചു കാട്ടിയാണ് തൊഴിലിന്റെ മാഹാത്മ്യം അദ്ദേഹം ജനതയെ ഉദ്‌ബോധിപ്പിച്ചത്.
തൊഴിലുടമകളുടെയും ജീവന ക്കാരുടെയും പരസ്പര കടമകളെ ഈ പ്രബോധനം ഓര്‍മ്മിപ്പിക്കുന്നു. പിതാവായ ദൈവത്തിന്റെ സാദൃശ്യ ത്തില്‍ സൃഷ്ടിക്കപ്പെട്ടവരായതിനാല്‍ തന്നെ തൊഴിലുടമകളും തൊഴിലാളി കളും തമ്മില്‍ ദൈവികമായ ഒരു ബന്ധമുണ്ട്. തൊഴില്‍ ദാതാവും സ്വീകര്‍ത്താവും അടിസ്ഥാനപരമായി ദൈവമക്കള്‍ തന്നെ. അതുകൊണ്ടു തന്നെ അവര്‍ തമ്മിലുള്ള ഇടപെട ലുകള്‍ നീതിയിലും പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും ഐക്യദാര്‍ഢ്യത്തിലും അധിഷ്ഠിത മായിരിക്കണം. സൗഹൃദത്തിന്റെയും സാഹോദര്യസ്‌നേഹത്തിന്റെയും ബന്ധങ്ങളാലായിരിക്കണം ഇത് രൂപപ്പെടുകയും പക്വത പ്രാപിക്കുകയും ചെയ്യേണ്ടത്. തൊഴിലുടമകളും തൊഴിലാളികളും പരസ്പരമാശ്രയിക്കുന്നവരാണ്.
സ്വകാര്യ സ്വത്തവകാശത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ, അനിയന്ത്രിതമായ മുതലാളിത്തത്തിന്റെ അപകടങ്ങള്‍ക്കെതിരെ റേരും നൊവാരും മുന്നറിയിപ്പു നല്‍കി. യുക്തിയിലും ദൈവിക നിയമത്തിലും അധിഷ്ഠിതമായ ഒരു സ്വാഭാവിക അവകാശമാണ് സ്വകാര്യ സ്വത്ത് എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ സ്ഥിരീകരിച്ചു.
പരസ്പരമുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതോടൊപ്പം തങ്ങളുടെ കടമകള്‍ ശരിയാംവണ്ണം നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വവും അവര്‍ക്കുണ്ട്. നീതിയിലും പരസ്പര മുള്ള ബഹുമാനത്തിലും ആധാരമാക്കി യായിരിക്കണം തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെടേണ്ടത്. തൊഴിലുടമകള്‍ അവരുടെ തൊഴിലാളികളുടെ അന്തസ്സിനെ ബഹുമാനിക്കുകയും ന്യായമായ വേതനവും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും ഉറപ്പാക്കുകയും വേണം. തൊഴിലുടമ ഓരോ ജീവനക്കാരന്റെയും അന്തസ്സിനെ ബഹുമാനിക്കണം, അവരെ അടിമകളായി കാണരുത്. മറുവശത്ത് അക്രമത്തില്‍ നിന്നും ക്രമരാഹിത്യത്തില്‍ നിന്നും വിട്ടുനിന്ന്, ഉത്സാഹത്തോടെയും സത്യസന്ധത യോടെയും തങ്ങളുടെ ജോലി നിറവേറ്റാനും ഈ പ്രബോധനം തൊഴിലാളികളോട് ആവശ്യപ്പെടുന്നു (RN, 20).
കഴിഞ്ഞ നൂറ്റാണ്ടിലെ തൊഴിലുടമ-തൊഴിലാളി ബന്ധത്തെ പുനര്‍നിര്‍വചിച്ച 'ന്യായവേതന'(Just Wage)ത്തെ ക്കുറിച്ചുള്ള ചിന്തകളാല്‍ സമ്പന്നമാണ് 'റേരും നൊവാരും'. വിപണിയില്‍ നിലനില്‍ക്കുന്ന മത്സരത്തിലൂടെ മാത്രമേ വേതനം നിര്‍ണ്ണയിക്കാവൂ എന്ന ആശയം നിരാകരിച്ചുകൊണ്ട്, ഒരു തൊഴിലാളിയെയും അവരുടെ കുടുംബത്തെയും പിന്തുണയ്ക്കാന്‍ പര്യാപ്തമായിരിക്കുന്നതാകണം ന്യായമായ വേതനമെന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വ്യക്തമാക്കി: 'ഒരു തൊഴിലാളി യുടെ വേതനം തന്നെയും ഭാര്യയെയും കുട്ടികളെയും സുഖകരമായി പോറ്റാന്‍ പര്യാപ്തമാണെങ്കില്‍... അവന്‍ പരാജയപ്പെടില്ല... കുറച്ച് സമ്പാദ്യത്തിനായി നീക്കിവയ്ക്കാനും അതുവഴി ഒരു മിതമായ വരുമാന സ്രോതസ്സ് ഉറപ്പാക്കാനും തൊഴിലാളിക്കു സാധിക്കണം' (RN, 46) എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
സമകാലിക നവഉദാരവല്‍ക്കരണ കോര്‍പ്പറേറ്റ് സമ്പദ്‌വ്യവസ്ഥയിലെ വേതന നിര്‍ണ്ണയത്തെക്കുറിച്ചുള്ള നിലവിലുള്ള ധാരണകളെ ഈ സമീപനം വെല്ലുവിളിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുകയും കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുവാന്‍ അവരെ നിര്‍ബന്ധിക്കുകയും, മാന്യമായ വേതനം നല്‍കുന്നതില്‍ ഉദാസീനത പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലും ഈ ചാക്രികലേഖനത്തിലെ നിലപാടുകള്‍ പ്രസക്തമാണ്. 'റേരും നൊവാരും' പ്രസിദ്ധീകരിച്ചതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കത്തോലിക്കാസഭയുടെ ആഭിമുഖ്യ ത്തിലുണ്ടായിരുന്ന നിരവധി തൊഴിലാളി പ്രസ്ഥാനങ്ങള്‍ നിയമ നിര്‍മ്മാണ പരിഷ്‌കാരങ്ങള്‍ക്കായും ന്യായമായ വേതനത്തിനായും മാനുഷികമായ തൊഴില്‍ സാഹ ചര്യങ്ങള്‍ ഉറപ്പാക്കുന്നതിനായും നിരന്തര പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
ഈ പ്രബോധനത്തിന്റെ പശ്ചാത്തലത്തിലാണ് യൂണിയനു കള്‍ സ്ഥാപിക്കുവാനുള്ള തൊഴിലാളികളുടെ അവകാശത്തി നായി കത്തോലിക്കാസഭ ശക്ത മായ നിലപാടുകള്‍ എടുത്തത്. തൊഴിലാളി യൂണിയനുകള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുകയും സമാധാനപരമായ ചര്‍ച്ചകള്‍ സുഗമമാക്കുകയും ചെയ്യും. ഈ അസോസിയേഷനുകളെ കേവലം സാമ്പത്തിക ഉപകരണങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, നീതിയും പൊതുനന്മയും ഉയര്‍ത്തിപ്പിടി ക്കുന്ന ധാര്‍മ്മിക സ്ഥാപനങ്ങളാ യാണ് കത്തോലിക്കാസഭ ദര്‍ശിച്ചത്. കൃത്യമായി ജോലി ചെയ്യുന്നതോടൊപ്പം തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഈ യൂണിയനുകള്‍ ശ്രമിച്ചിരുന്നു. അതേസമയം, വിശ്വാസത്തിന് വിരുദ്ധമായ മൂല്യങ്ങള്‍ പ്രോത്സാ ഹിപ്പിക്കുന്നതോ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോ ആയ അസോസിയേഷനുകള്‍ ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തൊഴിലാളി സംഘടനകള്‍ക്കു പുറമേ, സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്ന നിലയില്‍ കുടുംബ ത്തിന്റെ പ്രാധാന്യവും പാപ്പ ഈ ചാക്രിക ലേഖനത്തില്‍ ഉറപ്പിച്ചു പറയുന്നുണ്ട്. ന്യായമായ വേതനവും സാമൂഹിക സ്ഥിരതയും പിന്തുണയേകുന്ന ശക്തമായ കുടുംബങ്ങള്‍ സാമൂഹിക സമാധാനത്തിനും മനുഷ്യന്റെ അഭിവൃദ്ധിക്കും സംഭാവന നല്‍കുന്നു. നീതിയുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതില്‍ മതത്തിന്റെയും ധാര്‍മ്മിക രൂപീകരണത്തിന്റെയും പങ്കിനെയും പ്രത്യേകം പരാമര്‍ശിക്കുന്ന ഈ പ്രബോധനം, സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തില്‍ മനസ്സാക്ഷിയാല്‍ നയിക്കപ്പെടാനും ധാര്‍മ്മിക പെരുമാറ്റം പ്രോത്സാഹി പ്പിക്കാനുമുള്ള സഭയുടെ അതുല്യമായ കഴിവിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു.
നീതിയുക്തമായ സമൂഹവും പങ്കുവയ്ക്കലും
സ്വകാര്യസ്വത്തവകാശത്തെ മാനിക്കുമ്പോള്‍ തന്നെ, അനിയന്ത്രി തമായ മുതലാളിത്തത്തിന്റെ അപകടങ്ങള്‍ക്കെതിരെ 'റേരും നൊവാരും' മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുക്തിയിലും ദൈവികനിയമത്തിലും അധിഷ്ഠിത മായ ഒരു സ്വാഭാവിക അവകാശ മാണ് സ്വകാര്യസ്വത്ത് എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ സ്ഥിരീകരിച്ചു: 'ആദ്യത്തേതും ഏറ്റവും അടിസ്ഥാനപരവുമായ തത്വം സ്വകാര്യസ്വത്തിന്റെ അലംഘനീയതയായിരിക്കണം' (RN, 15). വ്യക്തിപരമായ ഉത്തരവാദിത്വത്തെയും കുടുംബ സുരക്ഷയെയും ദുര്‍ബലപ്പെടുത്തു ന്നതിനാല്‍ സ്വകാര്യസ്വത്ത് ഇല്ലാതാക്കുന്നത് തൊഴിലാളികളെ സഹായിക്കുന്നതിനുപകരം അവര്‍ക്ക് ദോഷകരമായിത്തീരു മെന്ന് അദ്ദേഹം വാദിച്ചു. സ്വകാര്യസ്വത്ത് ഇല്ലാതാക്കി ഭരണകൂടത്തിന്റെ കൈകളില്‍ നിയന്ത്രണം കേന്ദ്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സോഷ്യലിസത്തെ ചാക്രികലേഖനം വ്യക്തമായി നിരാകരിച്ചു. അത്തരം ശ്രമങ്ങള്‍ അന്യായവും വിനാശകരവു മാണെന്ന് ലിയോ പതിമൂന്നാമന്‍ ശക്തമായി മുന്നറിയിപ്പു നല്‍കുന്നുണ്ട്: 'സോഷ്യലിസ്റ്റുകള്‍ ഓരോ തൊഴിലാളിയുടെയും താല്‍പര്യങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നു. അവര്‍ നിര്‍ദേശിക്കുന്ന പ്രതിവിധി പ്രത്യക്ഷത്തില്‍ നീതിക്കെതിരാണ്' (RN, 56). സ്വാഭാവിക അവകാശങ്ങള്‍ ലംഘിച്ചും സാമൂഹിക ക്രമരാഹിത്യം വളര്‍ത്തിയും സോഷ്യലിസം യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്കു തെറ്റായ പരിഹാരം വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം സമര്‍ഥിച്ചു.
സോഷ്യലിസ്റ്റുകളുടെ ഇത്തരം വാദഗതികള്‍ക്കെതിരേ, സാമൂഹിക ഐക്യം, പരസ്പര ഉത്തരവാദി ത്തം, പൊതുനന്മയ്ക്കുള്ള പൊതുവായ പ്രതിബദ്ധത എന്നിവയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വിഭാവന ചെയ്തു. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു ഭരണകൂടത്തിന്റെ പങ്ക് പ്രധാനമാണെ ങ്കിലും, വ്യക്തികളുടെയോ കുടുംബ ങ്ങളുടെയോ പ്രാദേശിക സമൂഹങ്ങളു ടെയോ ഉത്തരവാദിത്തങ്ങള്‍ കൈക്ക ലാക്കുക എന്നതാകരുത് അത്. സമൂഹ ത്തിലെ താഴ്ന്ന തലത്തിലുള്ളവര്‍ക്ക് സ്വന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തപ്പോള്‍ മാത്രമേ ഉയര്‍ന്ന അധികാരികള്‍ ഇടപെടാവൂ എന്ന തത്വം - അധികാര വികേന്ദ്രീകരണം (Principle of subsidiartiy) - ഈ രേഖ ഊന്നിപ്പറയുന്നു. കത്തോലിക്ക സാമൂഹ്യപ്രബോധനത്തിന്റെ ഒരു പ്രധാന തത്വമാണ് വികേന്ദ്രീകരണമെന്ന ഈ ദര്‍ശനം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം, ദാരിദ്ര്യം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇത് ഒരു മാര്‍ഗനിര്‍ദേശ തത്വമായി ഇന്നും തുടരുന്നു. കുടുംബം, സഭ, തൊഴിലാളി യൂണിയനുകള്‍, ഉപവി സംഘടനകള്‍ എന്നിങ്ങനെ വിവിധ സാമൂഹിക സ്ഥാപനങ്ങള്‍ കൂടുതല്‍ നീതിയുക്തവും മാനുഷികവുമായ ഒരു സാമൂഹിക ക്രമം കെട്ടിപ്പടുക്കുന്നതിന് സഹകരിക്കുന്ന ഒരു ബഹുസ്വരസമൂഹത്തെയാണ് ഈ ചാക്രികലേഖനം വിഭാവനം ചെയ്തത്.
ലിയോ പതിമൂന്നാമന്റെ അഭിപ്രായത്തില്‍, സമാധാനം ഉറപ്പാക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക, പൊതുനന്മയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നിവ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഭരണകൂടം സാമൂഹിക ജീവിതത്തില്‍ ആധിപത്യം സ്ഥാപിക്കരുത്, മറിച്ച് നീതിയുടെയും ന്യായത്തിന്റെയും കാവല്‍ക്കാരായി പ്രവര്‍ത്തിക്കണം, ദുര്‍ബലരും ബലഹീനരുമായ ജനങ്ങളെ പ്രത്യേകമായി സംരക്ഷിക്കാന്‍ ഭരണകൂട ത്തിന് സവിശേഷമായ ദൗത്യമുണ്ട്. അമിതമായ ഭരണകൂട നിയന്ത്രണത്തിനും സമ്പൂര്‍ണ്ണ സാമ്പത്തിക ലിബറലിസ ത്തിനും എതിരെ അദ്ദേഹം മുന്നറിയിപ്പു നല്‍കി, ലോകത്തിനാവശ്യം ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ അധിഷ്ഠിതമായ ഒരു സന്തുലിത സമീപനമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ അദ്ദേഹം നീതിയിലും സ്‌നേഹത്തിലും സാഹോദര്യത്തിലും അടിയുറച്ച ഒരു ആഗോളസമൂഹത്തെ വിഭാവനം ചെയ്തു.
ഉപസംഹാരം
മനുഷ്യന്റെ അന്തസ്സിനെ സ്ഥിരീകരിക്കുന്നതിലും ക്രിസ്തീയ ധാര്‍മ്മിക തത്വങ്ങളില്‍ വേരൂന്നിയ നീതിയുക്തവും ധാര്‍മ്മികവുമായ ഒരു സാമൂഹിക ക്രമത്തിനായുള്ള ആഹ്വാനത്തിലുമാണ് 'റേരും നൊവാരു'മിന്റെ ശാശ്വത പൈതൃകം നിലകൊള്ളുന്നത്. ഭൗതികവാദം, ഉപഭോക്തൃവാദം, വ്യക്തിവാദം, നവ ഉദാരവല്‍ക്കരണ പ്രത്യയശാസ്ത്രങ്ങള്‍ എന്നിവ സാമൂഹിക വ്യവഹാരങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന ഈ കാലയളവിലും, ഈ ചാക്രികലേഖനം പ്രസക്തമായിരിക്കുന്നതിനു കാരണം ഇതിലെ നിലപാടുകളുടെ കൃത്യതയും നീതിയോടുള്ള പ്രതിബദ്ധതയും മനുഷ്യാന്തസ്സിനോടുള്ള ആഭിമുഖ്യവു മാണ്. നമ്മുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക തീരുമാന ങ്ങളുടെ കേന്ദ്രത്തില്‍ മനുഷ്യന്റെ അന്തസ്സും പൊതുനന്മയും സ്ഥാപി ക്കാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. ആളുകളെക്കാള്‍ ലാഭത്തിനു മുന്‍ഗണന നല്‍കുന്ന ആഗോള സംവിധാനങ്ങളെ പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യാനും ജോലിയെ ബഹുമാനി ക്കുന്ന, കുടുംബങ്ങളെ പിന്തുണ യ്ക്കുന്ന, സാമൂഹികനീതി പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കായി വാദിക്കാനും അതിന്റെ പ്രബോധന ങ്ങള്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.
'ലിയോ' എന്ന പേരു സ്വീകരിച്ചുകൊണ്ടുള്ള ഒരു പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതോടെ, അനേകര്‍ പ്രത്യാശിക്കുന്നത് അദ്ദേഹം കഷ്ടപ്പെടുന്നവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നവീകൃതമായ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നാണ്; ഒരു നൂറ്റാണ്ടു മുമ്പ് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ചെയ്തതുപോലെ.
കൂടുതല്‍ മാനുഷികവും നീതി യുക്തവുമായ ഒരു ലോകത്തിനായുള്ള അന്വേഷണത്തിനായി അധ്യാപകര്‍, സാമ്പത്തിക വിദഗ്ധര്‍, ദൈവ ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ 'റേരും നൊവാരു'മിന്റെ ഉള്‍ക്കാഴ്ചകള്‍ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റല്‍ വിപ്ലവം, കുടിയേറ്റം, അസമത്വം എന്നീ പുതിയ ആഗോള വെല്ലുവിളികളുമായിട്ടുള്ള സഭയുടെ സംവാദങ്ങള്‍ തുടരുമ്പോള്‍ 'റേരും നൊവാരും' പ്രതീക്ഷയുടെ ദീപസ്തംഭമായും സാമൂഹിക നവീകരണത്തിനുള്ള വഴികാട്ടിയായും നിലകൊള്ളുന്നു. പുതിയ പാപ്പ ലിയോ എന്ന പേര് സ്വീകരിച്ചതോടെ, അദ്ദേഹം കഷ്ടപ്പെടുന്നവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നവീകൃതമായ പ്രതിബദ്ധത യോടെ പ്രവര്‍ത്തിക്കുമെന്നാണ് അനേകര്‍ പ്രത്യാശിക്കുന്നത്; ഒരു നൂറ്റാണ്ടു മുമ്പ് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ചെയ്തതുപോലെ.