യേശുവിന് ഒരു പണസഞ്ചി ഉണ്ടായിരുന്നോ എന്നത് മധ്യകാലത്തെ വലിയ ഒരു ദാർശനിക പ്രശ്നമായിരുന്നു. ഇറ്റാലിയൻ എഴുത്തുകാരനായ ഉമ്പർത്തോ എക്കോയുടെ “നെയിം ഓഫ് ദി റോസ്” എന്ന നോവലിൽ അദ്ദേഹം ഈ ചോദ്യമുയർത്തുന്നുണ്ട്. മധ്യകാലത്ത് ജോൺ ഇരുപത്തി രണ്ടാമൻ മാർപാപ്പയും ഫ്രാൻസിസ്കൻസും തമ്മിൽ ഇതിന്റെ പേരിൽ വലിയ തർക്കം ഉണ്ടാകുന്നുണ്ട്. ഫ്രാൻസിസ്കൻ സഭാംഗങ്ങൾ പറഞ്ഞുവച്ചു: ക്രിസ്തുവിന് പണസഞ്ചി ഇല്ലായി രുന്നു. അപ്പസ്തോലന്മാരും ലാളിത്യത്തിലാണ് ജീവിച്ചത്. അതുകൊണ്ടുതന്നെ സഭ ദരിദ്രരുടേതായിരിക്കണം. എന്നാൽ മറുപക്ഷം വാദിച്ചത് ക്രിസ്തുവും അപ്പസ്തോലന്മാരും പണം ഉപയോഗിച്ചിരുന്നു എന്നാണ്.
ശിഷ്യസമൂഹത്തിന്റെ അനുദിന ചിലവുകൾക്കുള്ള പണസഞ്ചി കൈകാര്യം ചെയ്തിരുന്നത് യൂദാസാണ്. അതുകൊണ്ടു തന്നെ സഭ സ്വത്ത് കൈവശം വയ്ക്കുന്നത് ന്യായമാണ് എന്നവർ വാദിച്ചു. തീവ്രമായ ദൈവശാസ്ത്ര ഏറ്റുമുട്ടലായിട്ടാണ് ഉമ്പർത്തോ എക്കോ ഇതിനെ ചിത്രീകരിക്കു ന്നത്. അവിഞ്ഞോണിൽ ക്രിസ്തുവിന്റെ രൂപത്തിനടുത്ത് ഒരു പണസഞ്ചി സൂക്ഷിച്ചിരുന്ന ഒരു ചിത്രീകരണം കാണിച്ചിട്ട്, അത് ക്രിസ്തു പണം ഉപയോഗിച്ചിരുന്നു എന്നുള്ളതിന്റെ സൂചനയായിട്ട് കരുതാമെന്ന് അക്കാലത്ത് ചിലർ വാദിക്കു ന്നുണ്ട്. ബൈബിൾ വിശദാംശ ങ്ങൾ പോലും സാമ്പത്തികവും സ്ഥാപനപരവുമായ താൽപര്യങ്ങൾക്കായി ഉപയോഗിക്ക പ്പെടുന്നു എന്നുള്ളതിന്റെ ഒരു ഉദാഹരണമായിട്ടാണ് ഈയൊരു ദാർശനിക പ്രശ്നം ഉമ്പർത്തോ എക്കോ തന്റെ നോവലിൽ അവതരിപ്പിച്ചത്. ഈ ആശയ സംഘർഷത്തിൽ ക്രിസ്തുവിന് പണസഞ്ചി ഇല്ലെന്നും സഭ ദാരിദ്ര്യത്തിൽ ജീവിക്കണമെന്നും ഫ്രാൻസി സ്കൻസ് ഉറക്കെപ്പറഞ്ഞപ്പോൾ അവർ നിശ്ശബ്ദരാക്കപ്പെടുന്ന കാഴ്ചയും ചരിത്രത്തിൽ നമ്മൾ കാണുന്നുണ്ട്.
കാലിത്തൊഴുത്തിൽ പിറന്ന, അന്യന്റെ കല്ലറയിൽ അടക്ക പ്പെട്ട ക്രിസ്തുവിന് പണസഞ്ചി അന്യമായിരുന്നു എന്നുള്ളത് സ്വാഭാവിക യാഥാർത്ഥ്യമാണ് എന്ന് കരുതിയവർക്കായിരുന്നു ആദിമ സഭയിൽ മേൽക്കൈ. അതുകൊണ്ടുതന്നെ മനുഷ്യ പുത്രനു തലചായ്ക്കാൻ ഇടമില്ലെ ന്ന് പറഞ്ഞവന്റെ പിൻഗാമികളും ദരിദ്രമായ സഭയായി തന്നെ തുടർന്നിരുന്നു. സഭയിലെ ആദ്യത്തെ സൂനഹദോസായ ജെറുസലേം കൗൺസിൽ ഒരു കാര്യം മാത്രമാണ് ശ്രദ്ധിക്കണ മെന്ന് പറഞ്ഞത്. അത് പാവങ്ങളെക്കുറിച്ച് ചിന്ത വേണം എന്നുള്ളതായിരുന്നു.
ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്യൂഡൽ ജന്മിമാർക്കൊപ്പം നിന്ന കത്തോലിക്കാസഭയുടെ ദേവാലയങ്ങളും അരമനകളും ആക്രമിച്ച്, വിശുദ്ധ സ്ഥലങ്ങൾ വിപ്ലവകാരികൾ തല്ലി തകർക്കുന്നതിനിടെ ഒരിടത്ത് മാത്രം അവർ സംയമനം പാലിച്ചു. പാവപ്പെട്ടവരുടെ സംരക്ഷകനായ വിൻസെന്റ് ഡി പോളിന്റെ ശവകുടീരം തകർത്തില്ല. അവർ പറഞ്ഞു: “അത് തകർക്കരുത്; അത് പാവപ്പെട്ടവർക്കുവേണ്ടി ജീവിച്ച ഒരു ധന്യാത്മാവിന്റെ കബറിടമാണ്.” കരുണ കണ്ണ് കാക്കുന്ന കാലം!
പഴയനിയമത്തിൽ “അനാവിം യാഹ് വേ” അഥവാ “യഹോവ യുടെ നിസ്വർ” എന്ന ഒരു പരികല്പനയുണ്ട്. ദൈവത്തിന്റെ നിസ്വരെക്കുറിച്ച് കരുതൽ വേണമെന്ന് ആവശ്യപ്പെടുന്ന വചനഭാഗങ്ങളാണത്. “നീ ഗോതമ്പ് കൊയ്യുമ്പോൾ കാലാ പെറുക്കരുത്. അത് ദരിദ്രനും വിധവയ്ക്കും പരദേശിക്കും അനാഥനും ഉള്ളതാണെന്ന്” ഓർമ്മപ്പെടുത്തുന്ന വിശുദ്ധ ഗ്രന്ഥഭാഗങ്ങളാണത്. ദൈവം പാവപ്പെട്ടവന്റെ ഒപ്പം നിലയുറ പ്പിക്കുന്നവനാണ് എന്നുള്ള തിന്റെ സൂചന തന്നെയാണിത്. ക്രിസ്തു പറഞ്ഞ ഉപമകളിൽ പേരുള്ളത് ദരിദ്രനാരായണനായ ലാസറിന് മാത്രമാണ്. അങ്ങനെ യുള്ള ബൈബിളിനെ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന സഭ എങ്ങനെയാണിന്ന് ദരിദ്രരെ പരിഗണിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്.
പാരമ്പര്യവും സഭാപിതാക്ക ന്മാരും ഒരുപോലെ തന്നെ ദരിദ്രർക്കുവേണ്ടി നിലയുറപ്പി ച്ചതിന്റെ സാക്ഷ്യങ്ങൾ സഭാചരിത്രം നൽകുന്നുണ്ട്. എന്നാൽ വിധവയുടെ ചില്ലിക്കാശിനുമേൽ കോൺസ്റ്റ ന്റൈൻ ചക്രവർത്തിയുടെ കൊട്ടാരങ്ങൾ ഉയർന്നപ്പോൾ, ഭൂഗർഭ സമ്മേളനങ്ങൾ ലാറ്ററൻ ബസിലിക്കയിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ ഈ ദാരിദ്രാരൂപി എവിടെയോ പോയി മറഞ്ഞു. സീസറും പോപ്പും ഒരാൾ ആകുന്ന സീസറോ-പേപ്പിസ ത്തിന്റെ ഇരുണ്ട മധ്യകാലം പാവങ്ങളുടെ സഭ എന്ന യശസ്സിനുമേൽ കരിഓയിൽ ഒഴിച്ചു. എന്നാൽ കോൺസ്റ്റ ന്റൈന്റെ കൊട്ടാരങ്ങൾ വിധവയുടെ ചില്ലിക്കാശിനെ അപ്രസക്തമാക്കിയപ്പോൾ പ്രതിപ്രവർത്തനത്തിന്റെ വജ്ര വീര്യമായി ഈജിപ്തിലെ ആന്റണിയെ പോലുള്ള സന്യാസയോഗികൾ ദാരിദ്ര്യ ത്തിന്റെ ലളിതജീവിതം നയിക്കാ നായി മരുഭൂമിയിലേക്ക് പോയി. നഷ്ടപ്പെട്ട ദാരിദ്ര്യാരൂപി തിരിച്ചു പിടിക്കാനുള്ള ആദ്യകാല ശ്രമങ്ങളിൽ നിന്നാണ് സഭയിൽ സന്യാസജീവിതം അഥവാ മോണാസ്റ്റിസിസം തുടങ്ങുന്നത്.
ആദിമസഭ എന്നും ദരിദ്രരെ ക്രിസ്തുവിന്റെ മുഖമായി കണ്ട് ശുശ്രൂഷ ചെയ്തിരുന്നു. ഇത് വ്യക്തമാക്കുന്ന അനേകം സംഭവങ്ങളുണ്ട്. റോമിൽ മതപീഡനം നടക്കുന്ന കാലം. വലേറിയൻ ചക്രവർത്തി ക്രിസ്ത്യാനികളുടെ വസ്തുവകകൾ കണ്ടുകെട്ടുകയാണ്. സിക്സ്റ്റസ് രണ്ടാമൻ പാപ്പ രക്തസാക്ഷിയായ ഉടൻ തന്നെ വലേറിയൻ ചക്രവർത്തി റോമിൽ സഭയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡീക്കൻ ലോറൻസിനെ വിളിച്ചു വരുത്തി. സഭയുടെ സ്ഥാവര-ജംഗമ സ്വത്ത് മുഴുവൻ ചക്രവർത്തിക്ക് കൈമാറാൻ ആവശ്യ പ്പെട്ടു. ഡീക്കൻ ലോറൻസ് മൂന്ന് ദിവസത്തെ സമയം ചോദിച്ചു. മൂന്നാം ദിവസം സഭയുടെ അനുദിന സഹായം ലഭിച്ചിരുന്ന പാവപ്പെട്ട മനുഷ്യരെയെല്ലാം ചക്രവർത്തിയുടെ മുമ്പിൽ ഹാജരാക്കി. ആ ദരിദ്രനാരായണൻമാരെ ചൂണ്ടിക്കാണിച്ച് ഡീക്കൻ ലോറൻസ് പറഞ്ഞു: “ഇതാണ് സഭയുടെ നിക്ഷേപ വും നീക്കിയിരിപ്പും!” ദരിദ്രരുടെ മുഖത്ത് ദൈവത്തെ കാണുന്ന ഒരു സഭയ്ക്ക് ഹാജരാക്കാൻ കുറെ ദരിദ്രനാരായണൻമാരുണ്ടായി രുന്നു.
“ധാന്യം മെതിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്” എന്നും “വേല ചെയ്യുന്നവൻ കൂലിക്ക് അർഹനാണ്” എന്നും (1 തിമോ. 5:18) പറയുന്ന വിശുദ്ധ ഗ്രന്ഥം ജീവിത നിയമമാക്കിയ സഭയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പാവങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നുണ്ടോ?
ആദ്യകാല മാർപാപ്പമാരിൽ ചിലരൊക്കെ ഈ ദാരിദ്രാരൂപി യെ ചേർത്തുപിടിച്ചവരാണ്. റോമിൽ ഒരു പാവപ്പെട്ട മനുഷ്യൻ പട്ടിണികിടന്നു മരിച്ചെന്നു കേട്ടപ്പോൾ അതിന് പരിഹാരം ചെയ്ത മഹാനായ ഗ്രിഗറി ഒന്നാമൻ മാർപാപ്പയെ നമ്മൾ ചരിത്രത്താളുകളിൽ കണ്ടുമുട്ടുന്നുണ്ട്. അദ്ദേഹം പരിഹാരമായി ഉപവസിച്ചു, പരസ്നേഹപ്രവർത്തനങ്ങൾ സജീവമാക്കി, റോമിലെ എല്ലാ ദരിദ്രർക്കും ഭക്ഷണം എത്തിച്ചു കൊടുക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തി, ദാനധർമ്മങ്ങൾ ക്ക് പ്രത്യേക ചുമതലക്കാരെ നിയോഗിച്ചു. ഒരു മാർപാപ്പയുടെ മനോഹര പരിഹാരം!
ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്യൂഡൽ ജന്മിമാർക്കൊപ്പം നിന്ന കത്തോലിക്കാസഭയുടെ ദേവാലയങ്ങളും അരമനകളും ആക്രമിച്ച്, വിശുദ്ധ സ്ഥലങ്ങൾ വിപ്ലവകാരികൾ തല്ലി തകർക്കുന്നതിനിടെ ഒരിടത്ത് മാത്രം അവർ സംയമനം പാലിച്ചു. പാവപ്പെട്ടവരുടെ സംരക്ഷകനായ വിൻസെന്റ് ഡി പോളിന്റെ ശവകുടീരം തകർത്തില്ല. അവർ പറഞ്ഞു: “അത് തകർക്കരുത്; അത് പാവപ്പെട്ടവർക്കുവേണ്ടി ജീവിച്ച ഒരു ധന്യാത്മാവിന്റെ കബറിടമാണ്.” കരുണ കണ്ണ് കാക്കുന്ന കാലം!
യേശുവിന്റെ പണസഞ്ചി എങ്ങനെയാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്? “ധാന്യം മെതിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്” എന്നും “വേല ചെയ്യുന്നവൻ കൂലിക്ക് അർഹനാണ്” എന്നും (1 തിമോ. 5:18) പറയുന്ന വിശുദ്ധ ഗ്രന്ഥം ജീവിത നിയമമാക്കിയ സഭയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പാവങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നുണ്ടോ? Dilexit Te എന്ന തന്റെ പുതിയ പ്രബോധനത്തിൽ ലിയോ മാർപാപ്പ ഇപ്രകാരം എഴുതി “Love for the poor... is the evangelical hallmark of a Church faithful to the heart of God.” അത് വെറുമൊരു ഓപ്ഷനല്ല എന്ന് സാരം!