കഠിനശിക്ഷകർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം!

Harsh punishers should seek help from mental health professionals!
Published on
  • അഡ്വ. ചാർളി പോൾ

കഠിനശിക്ഷ പതിവായും നിയന്ത്രണം നഷ്ടപ്പെടുന്ന രീതിയിലും നൽകുന്നവർ മാനസികരോഗികളല്ലെങ്കിലും, പെരുമാറ്റം മെച്ചപ്പെടുത്താൻ അവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് നല്ലതാണ്. മലപ്പുറം കല്പകഞ്ചേരിയിൽ ക്ലാസിൽ ശ്രദ്ധിച്ചില്ലെന്നു പറഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയെല്ല് ചൂരലടിച്ച് പൊട്ടിച്ച അധ്യാപകന്റെ അറസ്റ്റ് ഇത്തരം ക്രൂരതകളുടെ ഒടുവിലത്തെ ഉദാഹരണമാണ്. മുൻകോപം, അധികാരപ്രയോഗം, സഹാനുഭൂതിക്കുറവ്, കുട്ടിക്കാലത്തുണ്ടായ മോശം അനുഭവങ്ങൾ എന്നിവയാണ് പലരെയും കഠിനശിക്ഷ കളിലേക്ക് നയിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം നാലിലൊന്ന് മുതിർന്നവരും കുട്ടിക്കാലത്ത് ശാരീരിക ശിക്ഷ അനുഭവിച്ചിട്ടുണ്ട്; കേരളത്തിൽ 75% മാതാപിതാക്കളും കുട്ടികളെ അടിച്ചു വളർത്തുന്നവരാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന് മുമ്പ് കുട്ടികൾക്കെതിരെയുള്ള ക്രൂരത തടയാൻ നിയമങ്ങളില്ലായിരുന്നു. എന്നാൽ ഇന്ന് ശാരീരിക ശിക്ഷകൾ കുറ്റകരമാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പീഡനം മൂലം കുട്ടികളിലുണ്ടാകുന്ന രോഗാവസ്ഥയെ 1960-കളിൽ “Battered Child Syndrome” എന്ന് വൈദ്യശാസ്ത്രം നിർവചിച്ചു. അപകർഷബോധം, ദാമ്പത്യപ്രശ്നങ്ങൾ, ലഹരി ഉപയോഗം, വിഷയദാരിദ്ര്യം എന്നിവയുള്ള അധ്യാപകരും രക്ഷിതാക്കളുമാണ് പൊതുവെ ക്രൂരമായ ശിക്ഷാരീതികൾ സ്വീകരിക്കുന്നത്. സോഡാക്കുപ്പി തുറക്കുന്നതുപോലെയുള്ള ഈ അമർഷം കുട്ടികളുടെ വളർച്ച മുരടിപ്പിക്കുകയും അവരെ വിഷാദത്തിലേക്കും ലഹരിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുകയും ചെയ്യും.

കുട്ടികളോട് ക്രൂരത കാണിച്ചാൽ ഭാവിയിൽ അവർ മാതാപിതാക്കൾക്കെതിരെ തന്നെ പൊട്ടിത്തെറിക്കും. കുട്ടികളെക്കുറിച്ചുള്ള തെറ്റായ ധാരണകളും അമിതപ്രതീക്ഷകളും ലഹരി അടിമത്തവുമാണ് പീഡനങ്ങൾക്ക് വഴിയൊരുക്കുന്നത്. യഥാർത്ഥ ശിക്ഷണശാസ്ത്രം എന്നത് രക്ഷയുടെ സമീപനമാണ്. ക്ഷമ, സഹിഷ്ണുത, സ്നേഹം, സൗഹൃദാന്തരീക്ഷം എന്നിവയിലൂടെ കുട്ടികളെ സന്തുഷ്ടരാക്കി വളർത്തുകയാണ് പേരന്റിംഗിൽ ചെയ്യേണ്ടത്.

കോപം നിയന്ത്രിക്കാൻ കഴിയാത്തവർ, പെരുമാറ്റത്തിൽ പശ്ചാത്താപം തോന്നിയിട്ടും അത് ആവർത്തിക്കുന്നവർ, കടുത്ത സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നവർ എന്നിവർ നിർബന്ധമായും മാനസികാരോഗ്യ വിദഗ്ധരു ടെയോ കൗൺസിലർമാരുടെയോ സഹായം തേടണം. കോപം നിയന്ത്രിക്കാനും സമ്മർദ്ദം അതിജീവിക്കാനും കുട്ടികളെ ശരിയായ വഴിയിൽ നയിക്കാനും ഇത് സഹായിക്കും.

logo
Sathyadeepam Online
www.sathyadeepam.org