ഒരു കുരിശുപള്ളിയിലിരുന്ന് പ്രാർഥിക്കുമ്പോൾ ഫ്രാൻസിസ് കേട്ട സ്വരം എന്റെ പള്ളിയെ പുതുക്കുക എന്നതായിരുന്നു.പള്ളി മറ്റൊരു കെട്ടിടമല്ലാത്തതു കൊണ്ട് വൈകാതെ അയാൾക്ക് അത് പിടുത്തം കിട്ടി. ദൈവ വിചാരത്തെ നവീകരിക്കുക എന്നല്ലാതെ മറ്റെന്താണ് അതിന്റെ പൊരുൾ. ദൈവനാമത്തിൽ മനുഷ്യർ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന കാലമായിരുന്നു അത്. അയാളും അതിൽ പങ്കാളിയായിട്ടുണ്ട്. ഞാൻ പാപത്തിലാ യിരുന്നപ്പോൾ എന്ന ഒറ്റ വരിയിൽ ഹിംസയുടെ ഒരു കാലത്തെ ആത്മരേഖയിൽ അയാൾ അടയാളപ്പെടുത്തി. അവിടെ നിന്നാണ് എണ്ണവിള ക്കുകൾ പ്രഭാതത്തിൽ ഊതി കെടുത്തുവാൻ പോലുമാവാതെ പരവശനാകുന്ന കാരുണ്യത്തിൽ അയാളെത്തിയത്. ദൈവഭാവന യുടെ പരിണാമമായിരുന്നു അത്.
പുതുക്കാത്ത ദൈവം വൈകാതെ ചെകുത്താനായി മാറുമെന്ന് ‘അപഹരിക്കപ്പെട്ട ദൈവങ്ങളിൽ’ ആനന്ദ് നൽകുന്ന മുന്നറിയിപ്പുണ്ട്. അതിനെ ആധാരമാക്കി ഒരു പ്രഭാഷണം തയ്യാറാക്കുമ്പോളാണ് എത്ര കഠിനമായ ഒരു statement ആണതെന്ന് മനസ്സിലാവുന്നത്. ആനന്ദ് കേരളത്തിന്റെ അപൂർവം ദീർഘദർശികളിൽ ഒരാളാണ്. ലോകസാഹിത്യത്തിന് കാഫ്ക എന്തായിരിക്കുന്നുവോ അതാണ് മലയാളത്തിന് ആനന്ദ്. ഭരണകൂടങ്ങളെ ഭയപ്പെടേണ്ടി വരുന്ന പൗരന്മാരുടെ കാലം വരാനിരിക്കുന്നു എന്നാണ് അര നൂറ്റാണ്ടായി തെളിഞ്ഞും മറഞ്ഞും അയാൾ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നത്.
മനുഷ്യൻ ഒരു പുതിയ കണ്ടു പിടുത്തമാണ്-Michel Foucault, പറഞ്ഞതാണ്. പൈത്യത്തിനും സുബോധത്തിനും ഇടയിലെ അതിർരേഖ നേരായിട്ടും ഉള്ളതല്ല വെറുതെ ഒരു social construct മാത്രമാണെന്ന് ഗവേഷണ പ്രബന്ധമെഴുതി യാണ് അയാൾ അക്കാഡമിക്ക് ജീവിതമാരംഭിക്കുന്നത്. “It is comforting, however, and a source of profound relief to think that man is only a recent invention, a figure not yet two centuries old, a new wrinkle in our knowledge, and that he will disappear again as soon as that knowledge has discovered a new form” പുള്ളിയുടെ പരക്കെ ഉദ്ധരിക്കുന്ന ഒന്നാണ്. എന്നുവച്ചാൽ മനുഷ്യനെന്ന പദവുമായി നമ്മൾ ഇന്ന് അർഥ മാക്കുന്നതൊന്നും അത്ര കാല പ്പഴക്കമുള്ളതല്ല. വൈകാതെ അത് മറ്റൊന്നിലേക്ക് വഴി മാറുകയും ചെയ്യും. അതാണ് ഏകകമെങ്കിൽ ദൈവവും താരതമ്യേന പുതിയ പദമാണ്.
പഴയ ഒരു കഥയുടെ ആവർത്തനമാണ്. വയലിലെ ആദ്യ ഫലം പള്ളിക്കാണ്. അതു മാറിപ്പോകാതിരിക്കാൻ കിളുന്തു മത്തയുടെ മീതെ ഒരു കുരിശടയാളം വരയ്ക്കും. മത്ത വലുതാകുന്നതനുസരിച്ച് കുരിശടയാളവും വലുതാകും. അതുകൊണ്ട് കഥയില്ല. ഓരോ നിമിഷവും പുറന്തോട് കഠിനമായേക്കാം.
ഒരു നൂറ്റാണ്ട് ഇഴ മുറിയാതെ ഒരു പ്രസിദ്ധീകരണം ഏർപ്പെട്ട ധർമ്മമതായിരുന്നു; ദൈവഭാവനയെ മിനുക്കിക്കൊണ്ടിരിക്കുക, അതിനെ ജൈവികമാക്കുക, കാലികമായി വ്യാഖ്യാനിക്കുക.
അതങ്ങനെയാകരുതെന്ന് നിശ്ചയിക്കാൻ കഴിഞ്ഞതാണ് സത്യദീപത്തിന്റെ പ്രസക്തി. ഒരു നൂറ്റാണ്ട് ഇഴ മുറിയാതെ ഒരു പ്രസിദ്ധീകരണം ഏർപ്പെട്ട ധർമ്മമതായിരുന്നു; ദൈവഭാവനയെ മിനുക്കിക്കൊണ്ടിരിക്കുക, അതിനെ ജൈവികമാക്കുക, കാലികമായി വ്യാഖ്യാനിക്കുക. നിങ്ങളിങ്ങനെ കേട്ടിട്ടുണ്ടല്ലോ, എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, എന്ന് ഓരോരോ സംഭാഷണങ്ങൾക്ക് ആമുഖം പറഞ്ഞു തുടങ്ങിയ ഒരാൾക്കുള്ള നിത്യാരാധനയാണിത്.
സത്യദീപത്തിന്റെ നാൾവഴിയിൽ നിന്ന് അതിന്റെ അടിസ്ഥാന മൂലധനം കണ്ടെത്തിയ രീതിയിൽ ഒരു കവിതയുണ്ടെന്ന് തോന്നി. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സത്യം, ദീപം എന്നീ ബോട്ടുകൾ വിറ്റ് ഫാ. ജോസഫ് പഞ്ഞിക്കാരൻ വാരികയ്ക്കാവശ്യ മായ പണം കണ്ടെത്തിയെന്ന തിൽ ഭംഗിയുള്ള എന്തോയൊന്ന് അടക്കം ചെയ്‌തിട്ടുണ്ട്. ഒക്കെ കുറുകെ കടക്കാനുള്ള യാനപാത്രങ്ങൾ തന്നെ.
* * * * * * * * *
“അവർക്ക് പേയിളകിയിരി ക്കുകയാണ്. ശരിക്കും നീ അവരോട് എന്താണു ചെയ്തത്?”
“ഞാൻ സത്യം വിളിച്ചു പറയുകയായിരുന്നു.”
“സത്യം... എന്താണതിന്റെ അർത്ഥം?” ഒരു പുഞ്ചിരിയോടെ പീലാത്തോസ് അവനെ ഉറ്റു നോക്കി.
ഞൊടിയിടയിൽ യേശു ദുഃഖിതനായി, ‘ഇതാണ് ലോകം. ഇത്തരക്കാരാണ് ലോകത്തിന്റെ അധികാരികൾ. സത്യത്തെ ക്കുറിച്ച് ആരാഞ്ഞ് ഒടുവിൽ ചിരിച്ചുകൊണ്ടിരിക്കുന്നു.’
(നിക്കോസ് കസൻദ്‌സാ ക്കിസ് / ദി ലാസ്റ്റ് ടെംപ്‌റ്റേഷൻ ഓഫ് ക്രൈസ്റ്റ്)
നുണകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്നതായിരുന്നു ഏതൊരു കാലത്തിലും സത്യദീപം കരുതി വച്ചിരിക്കുന്ന പ്രാർഥനയെന്ന് തോന്നുന്നു. New Kind of Fool എന്ന ക്രിസ്റ്റഫർ കൊയ് ലോയുടെ പുസ്തകത്തിൽ നിന്നായിരുന്നു അങ്ങനെ ഒരു പ്രാർഥന നടാടെ കേട്ടത്. അതിന്റെ തെളിഞ്ഞും മറഞ്ഞും ളള്ള ധ്വനികളായി രുന്നു ഈ അച്ചുകൂടത്തിൽ നിന്ന് ഉയർന്ന് കേട്ടിരുന്നത്.
ഞങ്ങളുടെ നുണകൾ! നുണകളുടെ പിതാവെന്നാണ് യേശു ഇരുട്ടിന്റെ അധികാരിയെ വിളിച്ചത്. കുലീനവും കമനീയവു മെന്ന് ധരിച്ചവയെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ, പിന്നിൽ മറഞ്ഞിരിക്കുന്ന അപകടം പിടിച്ച നുണകളെ കാണാം. വികസനമെന്ന പകിട്ടുള്ള വാൾപേപ്പറെടുക്കൂ. അതിനു പിന്നിൽ ഓരങ്ങളി ലേക്ക് എറിയപ്പെട്ടവരുടെ കഥകളുണ്ട്. ദാരിദ്ര്യത്തിൽ നിന്ന് പിന്നെയും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയവരുടെ ദൈന്യത യുണ്ട്. കുടിയിറക്കപ്പെട്ടവരുടെ നിശ്വാസമുണ്ട്. അതുകൊണ്ടാണ് നഗരങ്ങളിൽ മതിലുയർത്തിക്കെട്ടുക തങ്ങളുടെ ബാധ്യതയായി ഭരണാധികാരികൾ എണ്ണുന്നത്. ഒക്കെ പള്ളിക്കും ബാധകമാണെന്ന വീണ്ടുവിചാരത്തിന്റെ ഭാഷയാണ് ഒരു ആനുകാലിക ത്തെ ക്രിട്ടിക്കൽ ഇൻസൈഡർ ആയി നിലനിർത്തുന്നത്.
2016-ന്റെ പദമായി ഓക്സ്‌ഫഡ് ഡിക്ഷണറി തിരഞ്ഞെടുത്തത് Post-truth ആയിരുന്നു; സത്യാനന്തരകാലം. രാഷ്ട്രീയവും സാംസ്കാരികവുമായ മാനിപ്പുലേഷനുകളെയാണ് ആ പദം സൂചിപ്പിക്കുന്നത്. വസ്തുതകളും യുക്തികളും പിന്നാമ്പുറത്തേക്കു തള്ളപ്പെടു കയും നുണ ക്ഷീരബലപോലെ ആവർത്തിച്ചാവർത്തിച്ച് തിടപ്പെടുകയും ചെയ്യുന്നു. ‘Governments are supposed to lie to their citizens’ എന്ന് നോം ചോംസ്കിയുടെ കറുത്ത ഫലിതം.
എന്തിനും ഒരു മറുവശമുണ്ടാ യിരിക്കും എന്ന ലളിതമായ യുക്തി അട്ടിമറിക്കപ്പെടുന്നു. ഒരു other side ഉണ്ട് എല്ലാത്തിനും. പുതിയ നിയമത്തിലെ ‘നമുക്ക് മറുകരയിലേക്കു പോകാം’ എന്ന യേശുവിന്റെ ക്ഷണത്തെ സാംസ്കാരികമായ ഒരു ജാഗ്രത യുടെ പാഠമായി കരുതിയാലും കുഴപ്പമില്ല.
എല്ലായിടത്തും ഈ നുണ കളുണ്ടെന്നു തന്നെയാണ് തോന്നുന്നത്; വീട്ടകങ്ങളിൽ പോലും. എന്റെ ശാഠ്യങ്ങ ളൊക്കെ സ്നേഹമാണെന്നാണ് ഞാൻ എന്നോടുതന്നെ പറഞ്ഞു പഠിപ്പിക്കുന്നത്. അവനവനോടു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന നുണകൾ വലിയ ആശയക്കുഴപ്പ മുണ്ടാക്കുമെന്നും വൈകാതെ ആത്മാദരം നഷ്ടമായി കടശിയിൽ സ്നേഹശൂന്യതയിൽ എത്തുമെന്നും കാരമസോവ് സഹോദരന്മാരിൽ ഫ്യോദർ ദൊസ്തയ്‌വിസ്‌കി പറയാൻ ശ്രമിക്കുന്നുണ്ട്.
നുണകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്നതായിരുന്നു ഏതൊരു കാലത്തിലും സത്യദീപം കരുതി വച്ചിരിക്കുന്ന പ്രാർഥനയെന്ന് തോന്നുന്നു.
സത്യം ഒരു റെഡി-റ്റു-കുക്ക് മിശ്രിതമല്ല. വെയിലത്തുണ ക്കിയും പാറ്റിയും ഉരലിലിട്ട് ഇടിച്ചുമൊക്കെ ക്ലേശങ്ങളിലൂടെ ചുട്ടെടുക്കേണ്ട അപ്പമാണ്. അതുകൊണ്ടാണ് പീലാത്തോ സിന്റെ ചോദ്യം വെറുതെ കുശ ലമാണെന്നു മനസ്സിലാക്കിയ യേശു നിശ്ശബ്ദനായത്. ചാരുകസേരയിൽ അലസമായി ഇരിക്കുന്നവർക്ക് കൊറിക്കാ നുള്ളതല്ല അതിന്റെ ഉത്തരം.
സത്യം സഞ്ചാരത്തിനായി ചെരിപ്പണിഞ്ഞു തുടങ്ങുന്ന നേരത്ത് നുണ ലോകം ചുറ്റി മടങ്ങിയെത്തിയിട്ടുണ്ടാവും എന്നു പറഞ്ഞതാരാണ്! നിരന്തരം സത്യത്തിലായിരിക്കുക എന്നതാണ് സാക്ഷിയുടെ ധർമ്മം. ദൈവം സത്യമാണെന്നല്ല, സത്യം ദൈവമാണെന്ന് വിശ്വസിച്ചിരുന്ന ഒരാൾ വടിയും കുത്തി ഈ ദേശത്തുനിന്ന് വേഗത്തിൽ നടന്നുപോയി. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ആത്മകഥയുടെ ശീർഷകത്തെ ‘എന്റെ ദൈവാന്വേഷണ പരീക്ഷണങ്ങൾ’ എന്നു തിരുത്തി വായിച്ചാൽ കാര്യമായ വ്യത്യാസമുണ്ടാവില്ലെന്നു ശ്രദ്ധിച്ചിട്ടുണ്ടോ?
എന്നിട്ടും എന്തുകൊണ്ടാണ് സത്യത്തിൽനിന്നു ഞാൻ മാറി നടക്കുന്നത്? Face the music എന്നൊരു ഇംഗ്ലിഷ് ശൈലി യുണ്ട്. അതൊരു നാടോടിക്കഥയിൽ നിന്നു രൂപപ്പെട്ടതാണ്. കൊട്ടാരത്തിൽ വലിയൊരു വാദ്യസംഘമുണ്ടായിരുന്നു. കൂട്ടത്തിലൊരു വിരുതനുണ്ട്. സംഗീതം തീരെ വശമില്ലാത്ത അയാൾ പുല്ലാങ്കുഴൽ വായിക്കുന്ന മട്ടിൽ കൂട്ടത്തിലങ്ങിരിക്കും. വലിയ കുഴപ്പമില്ലാതെ കാര്യം മുന്നോട്ടു പോകുമ്പോഴാണ് രാജാവിന് ഓരോരുത്തരുടെയും സംഗീതം വേറിട്ടുകേൾക്കാൻ ആഗ്രഹം. അവന്റെ ഊഴമെത്തിയപ്പോൾ രോഗിയായി പുതപ്പും മൂടി കിടന്നു. കൊട്ടാരം വൈദ്യൻ ആ നുണയും പൊളിച്ചു. സ്വയം കഥയവസാനിപ്പിക്കുകയല്ലാതെ അയാളുടെ മുൻപിൽ വേറെ വഴികളില്ല. സത്യത്തിന്റെ സംഗീതം ഒരാൾക്ക് എന്നെ ങ്കിലും അഭിമുഖീകരിച്ചേ പറ്റൂ.
ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒരു കാര്യം വരുംകാല സത്യദീപത്തിനുള്ള ദൃഷ്ടാന്ത കഥയായിരിക്കും ഈ കവിയെന്ന് തോന്നുന്നു. അപകടം പിടിച്ച അറിവുകൾ പകർന്നു നൽകുന്ന എല്ലാ പുസ്തകങ്ങളും കത്തിച്ചു കളയാൻ നാസികൾ തീരുമാനിച്ചു.
ഗീബൽസിയൻ ബുദ്ധി തന്നെയായിരുന്നു - 1933-ലെ മേയ് മാസം.
കത്തിക്കാനുള്ള പുസ്തകങ്ങളുടെ പട്ടികയിൽ തന്റെ പേര് ഇല്ല എന്നു കണ്ടെത്തിയ ഒരു എഴുത്തുകാരൻ തകർന്നു പോയി. അയാൾ അധികാരികൾക്ക് കത്തെഴുതി: എന്റെ കവിതകളും ചുട്ടെരിക്കുക. സത്യം മാത്രം പറയുന്ന എന്നെ നിങ്ങൾ നുണയരുടെ കൂട്ടത്തിൽ പെടുത്തി അപമാനിച്ചു!
ഓസ്ക്കാർ മരിയാ ഗ്രാഫ് ആണ് കവി. ബ്രഹ്റ്റ് അതിനെക്കുറിച്ച് പിന്നീട് കവിത എഴുതി.