നമ്മുടെ സഭാസമൂഹത്തിൽ വചനപ്രഘോഷകർക്കും അത്ഭുത രോഗശാന്തിക്കാർക്കും തേൻ ഒലിപ്പിക്കുംപോലെ സംസാരിക്കുന്ന മോട്ടിവേഷൻകാർക്കുമുള്ള സ്വീകാര്യത സത്യം വിളിച്ചുപറയുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്ന സഭാംഗങ്ങൾക്ക് ഉണ്ടോ?
ശരീരത്തിലെ സെല്ലുകൾ തമ്മിലുള്ള ആശയവിനിമയം - കമ്മ്യൂണിക്കേഷൻ - തടസ്സ പ്പെടുന്നതിനെയാണ് നമ്മൾ രോഗം എന്നു വിളിക്കുന്നത്. ഏതു ശരീരത്തിലും സമൂഹത്തിലും ഈ കമ്മ്യൂണിക്കേഷൻ വളരെ പ്രധാനമാണ്. അതിൽ വന്ന ‘ബ്രേക്ക്’ സഭാസമൂഹത്തെ ബാധിച്ചിട്ടുണ്ട്. സ്വാഭാവിക മായും സഭാപ്രസിദ്ധീകരണങ്ങളെയും.
ആരാധനക്രമം സഭാസമൂഹ ത്തെ ഒന്നിപ്പിച്ചു നിർത്തേണ്ട ഒന്നായിരുന്നു. അതുതന്നെ തർക്കവിഷയമായപ്പോൾ ശിഥിലീകരണത്തിന് ആക്കം കൂടി. ദൈവാരാധനയേക്കാൾ പ്രധാനം ചേരിതിരിഞ്ഞ് പോരാളികൾ ആവുന്നതാണ് എന്നു പലർക്കും തോന്നി. ഭക്തസംഘങ്ങൾ പോരാളികൾ ആയപ്പോൾ സഭ പ്രതിരോധി ക്കുന്ന സൈന്യം പോലെയായി. മറ്റുള്ളവർ സഭയെക്കുറിച്ച് പറയുന്നതിനെ പ്രതിരോധി ക്കുക, അതിനെതിരെ പ്രതികരി ക്കുക എന്ന റോളിലേക്ക് മാറുക യല്ലേ നമ്മുടെ സഭാപ്രസിദ്ധീകര ണങ്ങളും. കർത്താവ് നമ്മളെ സംരക്ഷിച്ചോളും എന്നു കരുതുന്ന കുറെപേർ, കർത്താവിനെ സംരക്ഷിക്കാൻ ഞങ്ങളെയുള്ളൂ എന്നു കരുതുന്ന മറ്റൊരു കൂട്ടർ.
പണ്ഡിതരായ വൈദികർക്കു പോലും തോന്നുന്നു സഭയെ പ്രതിരോധിക്കുകയാണ് തങ്ങളുടെ കർത്തവ്യമെന്ന്. അതിനു ചേരുന്ന വൈകാരിക പ്രതികരണങ്ങൾക്ക് അപ്പുറം വൈജ്ഞാനികമായി, യുക്തി സഹമായി സഭയുടെ നിലപാടു കൾ ക്രൈസ്തവസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഫാ. അടപ്പൂരിനെപോലുള്ള വൈദികരുടെ അഭാവം ഇപ്പോൾ വളരെ പ്രകടമാണ്.
അല്ലെങ്കിൽതന്നെ നമ്മുടെ സഭാസമൂഹത്തിൽ വചന പ്രഘോഷകർക്കും അത്ഭുത രോഗശാന്തിക്കാർക്കും തേൻ ഒലിപ്പിക്കുംപോലെ സംസാരിക്കുന്ന മോട്ടിവേഷൻകാർക്കു മുള്ള സ്വീകാര്യത സത്യം വിളിച്ചു പറയുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്ന സഭാംഗങ്ങൾക്ക് ഉണ്ടോ? അധികാര കേന്ദ്രീകരണം കൂടുതലുള്ള കത്തോലിക്കാസഭയിൽ അമാനുഷിക പ്രതിച്ഛായയുള്ള, സംരക്ഷണമുള്ള മറ്റു അധികാര കേന്ദ്രങ്ങൾ കൂടി സ്ഥാനം പിടിക്കുകയായിരുന്നു. ഒരു സഭയിൽ പല കൂട്ടുകൾ ഉണ്ടായാൽ വിഭാഗീയമായ പ്രസിദ്ധീ കരണങ്ങൾക്കേ വളർച്ച പ്രതീക്ഷിക്കേണ്ടതുള്ളൂ.
സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പമേ പ്രസിദ്ധീകരണങ്ങളും വളരൂ. വിശ്വാസത്തിന് അപ്പുറം വിശ്വാസി സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ജീവിതത്തിന് മാർഗദർശിയാവാൻ മാധ്യമ ങ്ങൾക്ക് കഴിയണം. മധ്യതിരുവിതാംകൂറിൽ റബർകൃഷി പ്രോത്സാഹിപ്പിച്ചതിൽ അവി ടുത്തെ സഭാനേതൃത്വത്തിനും മാധ്യമങ്ങൾക്കും നിർണ്ണായക പങ്കുണ്ട്. ഒരു കാലത്ത് റബർ ആ മേഖലയുടെ സാമ്പത്തിക ഉന്നമനത്തിന് വലിയ സംഭാവനകൾ ചെയ്തു.
ഹൈറേഞ്ചിൽ ഇപ്പോൾ കാണുന്ന ഉണർവ് ഏലത്തിന് വിലയുള്ളതുകൊണ്ടാണ്. ഇത്തരം കാര്യങ്ങൾ സഭാ പ്രസിദ്ധീകരണങ്ങൾ അവഗണിക്കേണ്ടവയല്ല.
തീരദേശത്ത് മത്സ്യബന്ധനം കൊണ്ട് ഏറ്റവും നേട്ടമുണ്ടായത് പള്ളികൾക്കാണ്. എത്രയോ വലിയ പള്ളികൾ അവിടെ ഉയർന്നു. അവിടുത്തെ വൈദികർക്ക് വലിയ ശക്തിയും സ്വാധീനവുമുണ്ട്. പക്ഷേ മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം പള്ളികൾക്കൊപ്പം ഉയർന്നില്ല. പെട്ടെന്നു ചീഞ്ഞുപോകുന്നതായതിനാൽ മത്സ്യം അവരുടെ വിലപേശൽ ശേഷി കൂട്ടിയില്ല. ഇത്രയും കാലം കത്തോലിക്കാ സഭ അവിടെ പ്രതാപത്തോടെ പ്രവർത്തിച്ചിട്ടും പള്ളികൾക്കും അച്ചന്മാർക്കും ഉണ്ടായ വളർച്ചയോ സ്വാധീനമോ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഉണ്ടായില്ല. അവരിപ്പോഴും പള്ളിയെയും അച്ചന്മാരെയും ആശ്രയിച്ചു കഴിയുന്നു. അവർക്ക് ശരിയായ മാർഗനിർദേശം നൽകുന്ന പ്രസിദ്ധീകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എത്ര വൈദികരുണ്ട്?
സഭാ വിശ്വാസത്തിനും യുക്തിബോധത്തിനും നിരക്കാത്ത പ്രഭാഷണങ്ങൾ നടത്തുന്നവരെയും അങ്ങനെ എഴുതുന്നവരെയും സഭാ മാധ്യമങ്ങൾ തീരെ പ്രോത്സാഹിപ്പിക്കരുത്.
കത്തോലിക്ക മാധ്യമങ്ങൾ വായനക്കാരെ ആകർഷിക്കുന്നുണ്ടോ? ഓരോ പ്രസിദ്ധീകര ണവും എത്ര കോപ്പി വിറ്റു എന്നതിനപ്പുറം എത്രപേർ വായിച്ചു എന്നത് അന്വേഷിക്കേണ്ട കാലമായി.
എന്തുകൊണ്ടാണ് സഭാ പ്രസിദ്ധീകരണങ്ങൾ സഭാംഗങ്ങൾപോലും വായിക്കാത്തത്? അതിന്റെ ഭാഷയും ഡിസൈനും മാത്രമല്ല കണ്ടന്റും ആകർഷകമല്ല. പുതിയ തലമുറയെ എന്നല്ല അറുപതുവയസ്സു പിന്നിട്ടവരെ പോലും അത് ആകർഷിക്കുന്നില്ല.
സഭയുടെ സമിതികളിലേക്കും മറ്റും മുന്നാകിട ആളുകളെ മാത്രമേ ആകർഷിക്കാൻ കഴിയുന്നുള്ളൂ. ചോദ്യങ്ങൾ ഉയർത്താൻ കെൽപ്പും ധാർമ്മിക ബലവുമുള്ള വരെ പൊതുവേ സഭാസംവിധാ നങ്ങൾ ഒഴിവാക്കുന്നു.
സഭയുടെ ദൃശ്യമാധ്യമങ്ങളിലെ കുർബാന, ജപമാല എന്നിവ ഒഴിച്ച് മറ്റൊന്നും പൊതുവേ വീടുകളിൽ കാണാറോ കേൾക്കാറോ ഇല്ല.
പുതിയ കാലത്തിന്റെ തുടിപ്പുകളും നവസങ്കല്പങ്ങളും മനസ്സിലാക്കാത്തവരുടെ കുറിപ്പുകളാണ് ഏറെയും പ്രസിദ്ധീകരിക്കപ്പെടു ന്നത്. സഭയുടെ ലേബൽ ഉണ്ട് എന്നതാണ് അതിന്റെ യു എസ് പി എന്നവർ തെറ്റിദ്ധരിക്കുന്നു. സഭയുടെ ലേബലിൽ വരുന്ന കാര്യങ്ങൾ എക്കോ ചേമ്പറിൽ എന്നതുപോലെ സഭാ വിശ്വാസികൾക്കു ഹിതകരമായത് മാത്രമാവും. പലതും യുക്തി രഹിതമാണ്. വിശ്വാസം വിലപ്പോ വില്ല, അന്ധവിശ്വാസമേ വിലപ്പോകൂ എന്നു പല പ്രഭാഷകരും എഴുത്തുകാരും ധരിച്ചിരിക്കുന്നതുപോലെ.
നല്ല കണ്ടന്റ് ഇല്ലെങ്കിലും സഹിക്കാം. എന്നാൽ മോശം കണ്ടന്റ് സൃഷ്ടിക്കുന്ന ബൈബിൾ പ്രഭാഷകരെയും ലേഖനം എഴുത്തുകാരെയുമൊക്കെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു.
സഭാപ്രസിദ്ധീകരണങ്ങൾക്ക് മാത്രമായി ഒരു നിലനിൽപ്പില്ല. സഭയുടെ മാധ്യമങ്ങൾ സ്വീകരിക്കപ്പെടണമെങ്കിൽ സഭയുടെ ധാർമ്മിക ശക്തി ഉയരണം.
ക്രിസ്ത്യാനികൾ മൂരാച്ചികളും നിക്ഷിപ്ത താൽപര്യക്കാരുമാ ണെന്ന് കേരളത്തിലെ അന്യമത സ്ഥരിൽ ഏറെ പേരും വിശ്വസിക്കുന്നു. പരിസ്ഥിതി പ്രസ്ഥാനക്കാരുടെ നിലപാടുകളിൽ ശത്രു എന്നതിന് ഒരു അർഥമേയുള്ളൂ - ക്രിസ്ത്യാനി. അത് അവരുടെ ആത്മാർത്ഥമായ വിശ്വാസമാണ്.
കേന്ദ്ര ഭരണകൂടത്തിനോട് കാണിക്കുന്ന അനുഭാവം അവ സരവാദപരമാണ് എന്ന് മനസ്സിലാക്കുന്നവരാണ് ഏറെയും. മുസ്ലീങ്ങളെ വെറുക്കാൻ പഠിപ്പിക്കുന്നവർക്കൊപ്പം നമുക്ക് എങ്ങനെ ചേരാനാവും?
പുതിയ തലമുറയെ വിശ്വാസ ത്തിൽ വളർത്തിയെടുക്കാൻ പാടുപെടുകയാണ് എന്റെ തലമുറ. യുക്തിരഹിതവും അവസരവാദപരവുമായ നിലപാടുകൾ കുട്ടികളെ വിശ്വാസ ത്തിൽനിന്ന് കൂടുതൽ അകറ്റുകയാണ്. സഭാവിശ്വാസത്തിനും യുക്തിബോധത്തിനും നിരക്കാത്ത പ്രഭാഷണങ്ങൾ നടത്തുന്നവരെയും അങ്ങനെ എഴുതുന്നവരെയും സഭാ മാധ്യമങ്ങൾ തീരെ പ്രോത്സാഹിപ്പിക്കരുത്.
സഭാപ്രസിദ്ധീകരണങ്ങൾക്ക് മാത്രമായി ഒരു നിലനിൽപ്പില്ല. സഭയുടെ മാധ്യമങ്ങൾ സ്വീകരിക്കപ്പെടണമെങ്കിൽ സഭയുടെ ധാർമ്മിക ശക്തി ഉയരണം.
സഭ നടത്തുന്ന പരിപാടികളിൽ മറ്റു മതങ്ങളിൽ നിന്നുള്ള സിനിമാപ്രവർത്തകർ, കായിക താരങ്ങൾ, എഴുത്തുകാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യം ഉറപ്പാക്കണം. കത്തോലിക്കാസഭയോടും മാധ്യമങ്ങളോടും ഇപ്പോഴത്തെ നിയോ റിച്ച് സമൂഹത്തിൽനിന്ന് ഉണ്ടാവുന്ന എതിർപ്പ് മറികട ക്കാൻ അങ്ങനെയേ കഴിയൂ.
സത്യദീപത്തിന്റെ ശതാബ്ദി വേളയിൽ ഒരുകാര്യം ഊന്നിപ്പറയട്ടെ, സഭയായാലും സഭാ പ്രസിദ്ധീകരണങ്ങളായാലും സത്യ ത്തിന് സാക്ഷ്യം വഹിക്കണം.
Truth is not an option, it is our destiny.