മില്ലേനിയല്‍സില്‍ നിന്നുള്ള വിശുദ്ധനാണ് കാര്‍ലോ അക്യുത്തിസ്. കാര്‍ലോയുടെ കാലത്ത് ജനിച്ചു വളര്‍ന്നവര്‍, തങ്ങളുടെ ഒരു സമപ്രായക്കാരന്‍ അള്‍ത്താരയിലേക്കുയരുന്നതിനെ എങ്ങനെയാണു കാണുന്നത്? വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി കത്തോലിക്ക യുവാക്കള്‍, കാര്‍ലോ അക്യുത്തിസിനെ കുറിച്ചുള്ള അവരുടെ ചിന്തകള്‍ പങ്കുവയ്ക്കുന്നു.
ആഷ്‌ലി ജോയി
കാര്‍ലോ എന്ന പതിനഞ്ചുകാരന്‍ ദിവ്യകാരുണ്യത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ കാര്‍ലോ ആയത് ഈ ലോകത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്തിട്ടല്ല. മറിച്ച് താന്‍ രുചിച്ച ദിവ്യകാരുണ്യ ഈശോയെ തനിക്ക് ഇഷ്ടമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു പ്രഘോഷിച്ചു കൊണ്ടാണ്. ഡിജിറ്റല്‍ യുഗത്തില്‍ ജീവിച്ചുകൊണ്ട് തന്റെ സാധാരണ ജീവിതത്തിലൂടെ തന്റെ വിശ്വാസം ഏറ്റുപറയുകയാണ് കാര്‍ലോ ചെയ്തത്. അതാണ് യുവജനങ്ങളെ ഏറ്റവും പ്രചോദിപ്പിച്ച കാര്യവും.
SMYM കോര്‍ഡിനേറ്റര്‍ ജര്‍മ്മനി സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ ഷെയര്‍ ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ പോസ്റ്റിനോ വിശ്വാസപരമായ ഏതെങ്കിലും ഒരു ക്രിയേറ്റീവ് കോണ്ടന്റിനോ ഒരുപാട് ഹൃദയങ്ങളെ സ്പര്‍ശിക്കാനാകും.
യുവജനങ്ങള്‍ ഏറ്റവും ഉറ്റുനോക്കുന്നത് അവരുടെ സമപ്രായക്കാരെയാണ്. ഒരുപാട് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആ മാറ്റങ്ങള്‍ ക്കിടയില്‍ ജീവിച്ചുകൊണ്ടുതന്നെ, തന്റെ ഇഷ്ടങ്ങളെയും കഴിവുകളെയും സുവിശേഷവല്‍ക്കരണത്തിന് ആയുധമാക്കാന്‍ കഴിയും എന്ന് യുവതലമുറയെ ഓര്‍മ്മിപ്പിക്കുകയാണ് ആ ചെറുപ്പക്കാരന്‍.
ഇന്നത്തെ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ്. സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ ഷെയര്‍ ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ പോസ്റ്റിനോ അനുഭവസാക്ഷ്യത്തിനോ വിശ്വാസപരമായ ഏതെങ്കിലും ഒരു ക്രിയേറ്റീവ് കോണ്ടന്റിനോ ഒരുപാട് ഹൃദയങ്ങളെ സ്പര്‍ശിക്കാനാകും. കഴിവിന്റെ നിറകുടങ്ങളാണ് ഇന്നത്തെ യുവജനങ്ങള്‍.
ആ കഴിവുകളെ വേണ്ടവിധം കണ്ടെത്തി, ക്രിസ്തുകേന്ദ്രീകൃതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ആ കഴിവുകളിലൂടെ ഒരു ഡിജിറ്റല്‍ ഇവാഞ്ചലൈസേഷന്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഭ മുന്നോട്ടു പോകേണ്ടത്. അങ്ങനെ ഈശോയുടെ കൂടെ, ഈശോയ്ക്കുവേണ്ടി, ഈശോയില്‍ ജീവിക്കുന്ന ഒരു പറ്റം യുവജനങ്ങള്‍ സൃഷ്ടിക്കുന്ന ഡിജിറ്റല്‍ ലോകം നാളെ വിശ്വാസത്തിന്റെ ഇടമായി മാറും.