Coverstory

സംവാദങ്ങൾ സാധ്യമാക്കിയ വാരിക

ആർച്ചുബിഷപ് ജോസഫ് പാംപ്ലാനി
കാലത്തിന്റെ അടയാളങ്ങൾ വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കാനും ജനാധിപത്യ സമൂഹം എന്ന നിലയിൽ സംഭാഷണങ്ങളിലൂടെ പൊതുസമൂഹത്തിൽ ഇടപെടുവാനും സത്യദീപം അതിന്റെ ശ്രമങ്ങൾ തുടരേണ്ടതുണ്ട്.

വാർത്തകളും, വിശകലനങ്ങളും, വിശ്വാസപരിശീലനവും, കാലത്തിന്റെ ചുവരെഴുത്തുകളുമായി സത്യദീപം വാരിക നമ്മോടൊപ്പം നാളിതുവരെ സഞ്ചരിച്ചു. നൂറു വർഷം എന്നത് കേവലം ഒരു വാരികയുടെ അച്ചടിയുടെ വാർഷികം മാത്രമല്ല; അത് ആഴ്ചതോറും വായിക്കാനും എഴുതാനും വിശ്വസിക്കാനും സംവദിക്കാനും തീരുമാനിച്ച ഒരു ജനതയുടെ കഥ കൂടിയാണ്. സത്യദീപം, നമ്മുടെ പൂർവികർ കൈമാറിയ പൊതു പൈതൃകമാണ്, എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേകമായും സീറോ മലബാർ സഭയ്ക്ക് പൊതുവായുമുണ്ടായിരുന്ന സംവാദ സംസ്കാരത്തിന്റെ ഭാഗമാണ്. എത്രയോ വൈദികരും സന്യസ്തരും അല്മായരും അവരുടെ ജീവിതം അർപ്പിച്ചാണ് ഒരു നൂറ്റാണ്ടു കൊണ്ട് ഈ പത്രത്തെ വളർത്തിയത്. അതിന്റെ മഹിമ കുറയാതെ സൂക്ഷിക്കാൻ നമുക്ക് കടമയുണ്ട്.

കാലാകാലങ്ങളിൽ ക്രിസ്തുവെളിച്ചത്തിൽ സത്യദീപം നിലപാടുകൾ എടുത്തിട്ടുണ്ട്. അത് നമ്മുടെ ബോധത്തെയും കാലത്തെയും പ്രകാശിപ്പിച്ചിട്ടുണ്ട്. തുറവിയുള്ള മനസ്സോടെ സംഭാഷണം നടത്താൻ ഒരു ശതാബ്ദത്തോളം വാരിക നമ്മെ പ്രചോദിപ്പിച്ചു. കേവലം സഭാ സംബന്ധിയായ വാർത്തകൾക്കപ്പുറം സമൂഹത്തിലെ ഇതര മതസ്ഥരായ നമ്മുടെ സഹോദരങ്ങളുമായി അർത്ഥവത്തായ ഒരു സാംസ്കാരിക സംവാദം വളർത്തിയെടുക്കാൻ സത്യദീപത്തിനു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ വിശ്വാസം സങ്കുചിതമാകാൻ പാടില്ലെന്നും അത് സമൂഹത്തിലെ എല്ലാ നന്മകളോടും തുറവിയുള്ളതാകണമെന്നുമുള്ള സഭയുടെ ദർശനമായിരുന്നു ഇതിന്റെ പിന്നിൽ. വ്യത്യസ്ത മതങ്ങളും ദർശനങ്ങളും സംസ്കാരങ്ങളും കലർന്ന നമ്മുടെ കേരളപശ്ചാത്തലത്തിൽ പരസ്പരം മനസ്സിലാക്കാനും സ്നേഹവും ഐക്യവും ഊട്ടിഉറപ്പിക്കാനും പൊതുനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനും ഈ വാരിക വഴിയുള്ള സംവാദങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

ക്ഷേത്രപ്രവേശന വിളംബരം, സ്വാതന്ത്ര്യസമരം, കേരളപ്പിറവി, കേരള സംസ്ഥാന ത്തിന്റെ വികസന വഴികൾ എന്നീ ചരിത്രസന്ധികളിൽ വ്യക്തമായ നിലപാടുകളിലൂടെയും അടയാളപ്പെടുത്തലുകളിലൂടെയും പൊതുസമൂഹത്തിന് ഒപ്പം നടന്നിട്ടുണ്ട് സത്യദീപം വാരിക. ഒരുപാട് എഴുത്തുകാർക്ക് മുഖ്യധാരസാഹിത്യ മേഖലയിലേക്കും മാധ്യപ്രവർത്തനത്തിലേക്കും കടക്കുവാൻ ഈ വാരികയിൽ എഴുതിയ ലേഖനങ്ങളും കഥകളും നോവലുകളും ഇടയാക്കിയിട്ടുണ്ട്. രൂപത, റീത്ത്, മത വ്യത്യാസമില്ലാതെ കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള അതിസാധാരണക്കാരായ ഒരുപാട് വായനക്കാരുടെ വിചാരങ്ങളും വികാരങ്ങളും കത്തുകളുടെയും ലേഖനങ്ങളുടെയും രൂപത്തിൽ സഭയിലും സമൂഹത്തിലും ഈ വാരിക പ്രതിഫലിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെയും യുവാക്കളുടെയും ക്രിയാത്മകതയ്ക്ക് ഇടം നൽകിയിട്ടുണ്ട്. ഭയപ്പെടാതെ സ്വയം വിമർശിച്ചിട്ടുണ്ട്. ഉയർന്ന ചിന്തയും സാമൂഹ്യബോധവും പ്രകടിപ്പിച്ചിട്ടുണ്ട്. ദിനപത്രങ്ങളും ടെലിവിഷനും ആഡംബരമായിരുന്ന ഒരു കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം ഗ്രാമങ്ങളിൽ സുവിശേഷ പ്രഘോഷണത്തിനും വിശ്വാസപരിശീലനത്തിനും ഇടവരുത്തിയിട്ടുണ്ട്. ഇവയൊക്കെ അഭിമാനത്തോടെ ഓർക്കുന്നു.

വചനത്തെ ജീവിക്കുന്ന സംസ്കാരവുമായി ബന്ധപ്പെടുത്താനും പൊതുമനസ്സാക്ഷി രൂപപ്പെടുത്തുവാനും വാരിക ഒരു നൂറ്റാണ്ടായി ചെയ്യുന്ന സേവനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. കാലത്തിന്റെ അടയാളങ്ങൾ വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കാനും ജനാധിപത്യ സമൂഹം എന്ന നിലയിൽ സംഭാഷണങ്ങളിലൂടെ പൊതുസമൂഹത്തിൽ ഇടപെടുവാനും സത്യദീപം അതിന്റെ ശ്രമങ്ങൾ തുടരേണ്ടതുണ്ട്.

വായനാശീലം നഷ്ടപ്പെടുന്ന ഒരു ജനതയ്ക്ക് അവരുടെ ചിന്തയുടെ ആഴം നഷ്ടപ്പെടാൻ ഇടയുണ്ട്. ദീർഘമായ സംവാദങ്ങൾക്കുള്ള ശേഷി, അതിനുള്ള ഭാഷ, സാംസ്കാരിക ആരോഗ്യം, ഇവ കൈമോശം വരാതിരിക്കാൻ വായനയെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്.

സത്യദീപം നമ്മുടെ പത്രമാണ്. നാം അത് വാങ്ങിക്കണം, വായിക്കണം, പ്രചരിപ്പിക്കണം. എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും അത് ഉണ്ടാകാൻ ഇടവരണം. അതിനു വികാരിയച്ചന്മാരും കുടുംബയൂണിറ്റുകളും വിശ്വാസപരിശീലകരും പ്രത്യേക ശ്രദ്ധ എടുക്കണം. Light of Truth എന്ന പേരിൽ ഒരു ദ്വൈവാരികയും സത്യദീപത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വെബ്സൈറ്റ് പ്ലാറ്റ്ഫോമുകളിലും സത്യദീപം ഓൺലൈൻ എന്ന പേരിൽ വാരികയുടെ സാന്നിധ്യം ഉണ്ട്. നാം അതിനെ ശക്തമായി പിന്തുണയ്ക്കണം. സഭാജീവിതത്തിന്റെ സാക്ഷ്യങ്ങളും സംവാദങ്ങളും വായിച്ച് മനുഷ്യമഹത്വത്തിന്റെ കഥകൾ പറഞ്ഞ്, പ്രചരിപ്പിച്ചു വേണം നമ്മുടെ മാധ്യമ സംസ്കാരം വളരുവാൻ. അത് വരും തലമുറയെ പഠിപ്പിക്കണം. അത് ഒരു തുടർ വിശ്വാസപരിശീലനം കൂടിയാണ്.

വിശുദ്ധ ഡോമിനിക്ക് ഗസ്മാന്‍  (1170-1221) : ആഗസ്റ്റ് 8

സത്യദീപം ചരിത്രം

അച്ചടിമാധ്യമങ്ങൾ നിലനിൽക്കണം

സഭയുടെ അഭിമാനം

യാനപാത്രം