പഴയ നിയമത്തിലെ സഹനദാസൻ ജോബ് ചോദിക്കുന്നൊരു കിണ്ണൻകാച്ചി ചോദ്യമുണ്ട്: “നിങ്ങൾ ദൈവത്തിനു വേണ്ടി നുണ പറയുമോ? അവിടത്തേക്കുവേണ്ടി വഞ്ചന സംസാരിക്കുമോ? (ജോബ് 13:7). ദൈവത്തിനുവേണ്ടിയും സഭക്ക് വേണ്ടിയും പാർട്ടിക്ക് വേണ്ടിയും സമുദായത്തിന് വേണ്ടിയും നുണ പറയുന്നതിൽ തെറ്റില്ല എന്ന് കരുതുന്നവർ മേൽക്കൈ നേടിയ സാമൂഹിക സാഹചര്യത്തിലാണ് ജോബിന്റെ ചോദ്യം കൂടുതൽ പ്രസക്തമാകുന്നത്.
ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോയുടെ “റിപ്പബ്ലിക്” (The Republic) എന്ന കൃതിയിൽ “കുലീന കള്ളങ്ങൾ” (The Noble Lie) എന്ന പ്രയോഗമുണ്ട്. ഭരണകൂടത്തിന്റെ സ്ഥിരതയ്ക്കും സാമൂഹിക ഐക്യത്തിനും വേണ്ടി ഭരണാധികാരികൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന ഒരു “നിർമിത കഥ”യാണ് “ഉദാത്തമായ നുണ” എന്ന ഈ ആശയം. ജനകീയ പ്രതിഷേധങ്ങളെ തടയാനും സമൂഹഘടനയിലെ ഹയരാർക്കിക്കൽ സ്റ്റാറ്റസ്കോ നിലനിർത്തുന്നതിനായി സത്യത്തിന് പകരം ഉപയോഗിക്കുന്ന ഒരു തന്ത്രപരമായ ഉപാധിയായാണ് പ്ലേറ്റോ ഇതിനെ അവതരിപ്പിക്കുന്നത്.
ഈ കഥയുടെ പ്രശ്നം ഈ കള്ള കഥക്ക് ചൂഷണത്തിന്റെ ജാതീയവാലുകളുണ്ടെന്ന താണ്. മനുഷ്യരെ സൃഷ്ടിച്ചപ്പോൾ ദൈവം അവരുടെ ആത്മാവിൽ വ്യത്യസ്ത ലോഹങ്ങൾ കലർത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഈ കഥയിലെ നേരില്ലാത്ത ഹയരാർക്കിയാണ് പൊളിറ്റിക്കലി കറക്റ്റല്ലാത്തത്. ഭരണാധികാരികളുടെ ആത്മാക്കൾ സ്വർണ്ണംകൊണ്ടും സൈനികരുടെ ആത്മാക്കൾ വെള്ളികൊണ്ടും, കർഷകരുടെയും തൊഴിലാളികളുടെയും ആത്മാക്കൾ ഇരുമ്പും ഓടും കൊണ്ട് നിർമ്മിച്ചിരിക്കുന്നു എന്നാണ് പ്ലേറ്റോ എഴുതുന്നത്. ഹാ, എന്തൊരു കുലീനമാം കള്ളം!
ഈ ഉദാത്ത നുണയുടെ ആത്യന്തിക ലക്ഷ്യം എന്താണ്? ഓരോ വ്യക്തിയും തന്റെ ഉള്ളിലെ ലോഹത്തിനനുസരിച്ചുള്ള ജോലി ചെയ്യണമെന്ന് ഈ “നിർമിത കഥ” നിഷ്കർഷിക്കുന്നു. കുശവന്റെ മകൻ കുശവനും മന്ത്രിയുടെ മകൻ മന്ത്രിയും തന്ത്രിയുടെ മകൻ തന്ത്രിയുമാകുമെന്ന് സാരം. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്യാതെ അംഗീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കലാണ് ഈ “ഉദാത്തമായ നുണ” പ്രചരണത്തിന്റെ ലക്ഷ്യം!
ചരിത്രത്തിലുടനീളം പല ഭരണകൂടങ്ങളും മതങ്ങളും തങ്ങളുടെ അധികാരം ഉറപ്പിക്കാനും പ്രതിഷേധങ്ങളെ ഒതുക്കാനും പ്ലേറ്റോയുടെ ഈ ആശയത്തിന് സമാനമായ “തറവാടി നുണകൾ” ഉപയോഗിച്ചിട്ടുണ്ട്. താൻ ദൈവത്തിന്റെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട ഈജിപ്തിലെ ഫറവോയും റോമിലെ സീസറും മധ്യകാല യൂറോപ്പ്യൻ രാജാക്കന്മാരും മേൽപറഞ്ഞ നുണയെ സ്വന്തം കസേര ഉറപ്പിക്കുന്നതിനായി ഉപയോഗിച്ചവരാണ്. ഭരണാധികാരിയെ ചോദ്യം ചെയ്യുന്നത് ദൈവത്തെ ധിക്കരിക്കുന്നതിന് തുല്യമാണെന്ന ഈ വിശ്വാസം പ്രതിഷേധങ്ങളെ ഒതുക്കാൻ “സ്വയംപ്രഖ്യാപിത ആൾദൈവങ്ങളെ”യും പല അഭിവന്ദ്യരേയും സഹായിച്ചു. ദൈവനാമത്തിൽ ഭരിക്കുന്നു എന്ന് അവകാശപ്പെട്ട ഇറാനിലെ ആയത്തുള്ള ഖോമെയ്നിമാരും മധ്യകാല തെയോക്രാറ്റിക് (Theocratic) ഭരണകൂടങ്ങളും ദൈവനാമത്തിൽ ഇറങ്ങുന്ന കുലീന കള്ളങ്ങളെ ഭരണസൗകര്യത്തിനായി വിനിയോഗിച്ചവരാണ്.
ഇന്ത്യയിലെ വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് ദൈവികമായ ഉത്ഭവമുണ്ടെന്ന വിശ്വാസം പ്ലേറ്റോയുടെ ലോഹങ്ങളുടെ മിത്തിനോട് ഏറെ സാമ്യമുള്ളതാണ് എന്ന് കരുതുന്ന ചിന്തകരുണ്ട്. ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ പ്രപഞ്ചപുരുഷന്റെ ശരീരഭാഗങ്ങളിൽ നിന്നാണ് നാല് വർണ്ണങ്ങൾ (ജാതികൾ) ഉണ്ടായതെന്ന് വിവരിക്കുന്നു. സമൂഹത്തിലെ തൊഴിൽ വിഭജനത്തെയും അത് നൽകുന്ന മേൽക്കോയ്മാബോധത്തെയും മാറ്റമില്ലാത്ത ഒന്നായി നിലനിർത്താൻ ഈ വിശ്വാസം സവർണ ഉപരിവർഗം ഉപയോഗിച്ചു. ഉപരിവർഗ്ഗ സവർണൻ ഉണ്ടാക്കിയ ചൂഷണ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് താഴെത്തട്ടിലുള്ള മനുഷ്യരെ തടഞ്ഞത് മുകളിൽ നിന്നും ദൈവനാമത്തിൽ കെട്ടിയിറക്കപ്പെട്ട സവർണ്ണ യുക്തിയാണ്.
രണ്ടാം ലോകമഹായുദ്ധം വരെ ജപ്പാനിൽ നിലനിന്നിരുന്ന ഒരു നിർമിതബോധമാണ് അവിടത്തെ ഭരണകൂടത്തെ താങ്ങിനിർത്തിയിരുന്നത്. ജാപ്പനീസ് ചക്രവർത്തി സൂര്യദേവന്റെ പിൻഗാമിയാണെന്ന ആ “കുലീന കള്ളം” ഭരണകൂടത്തോടുള്ള അചഞ്ചലമായ കൂറും വിശ്വസ്തതയും വളർത്താൻ പിന്നീട് ഉപയോഗിക്കപ്പെട്ടു. തങ്ങളുണ്ടാക്കുന്ന നിയമങ്ങൾ ദൈവഹിതമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്നതിലൂടെ, മതസ്ഥാപനങ്ങൾക്ക് ജനങ്ങളുടെ മേൽ പൂർണ്ണമായ അധികാരം നേടാനും തങ്ങളുടെ മേധാവിത്വം നിലനിർത്താനും കഴിഞ്ഞു. ഇത് ചരിത്രത്തിലും വർത്തമാനത്തിലും ഒരുപോലെ തന്നെയാണ്.
ഓസ്ട്രിയൻ-ബ്രിട്ടീഷ് ചിന്തകനായ കാൾ പോപ്പർ (Karl Popper) തന്റെ “തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും” (The Open Society and Its Enemies) എന്ന കൃതിയിൽ പ്ലേറ്റോയെ ഒരു സമഗ്രാധിപത്യവാദിയായി വിമർശിക്കുന്നുണ്ട്. ഹിറ്റ്ലറുടെ നാസിസവും സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യവും ലോകത്തെ വിഴുങ്ങിക്കൊണ്ടിരുന്ന കാലത്താണ് പോപ്പർ ഈ പുസ്തകം എഴുതുന്നത്. ആര്യൻ വംശീയ മേധാവിത്വം (Aryan Supremacy) എന്ന നാസി നുണയും, പ്ലേറ്റോയുടെ “ലോഹങ്ങളുടെ മിത്തും” തമ്മിലുള്ള സമാനതകൾ പോപ്പർ ലോകത്തിന് കാണിച്ചുകൊടുത്തു. എല്ലാവരുടെയും “മെറ്റൽ” ഒന്നുതന്നെയാണെന്ന് സമത്വവാദിയായ പോപ്പർ പറഞ്ഞു വച്ചു.
പ്ലേറ്റോയുടെ “കുലീനമായ നുണയുടെ” പുതിയ പതിപ്പുകൾ ഇന്നും ഇറങ്ങുന്നുണ്ട്. തങ്ങളുടെ അധികാരം നിലനിർത്താൻ മാധ്യമങ്ങളെയും സോഷ്യൽ മീഡിയയെയും ഉപയോഗിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും. ദേശസുരക്ഷയുടെയോ സദാചാരത്തിന്റെയോ പേരിൽ ഇന്റർനെറ്റ് വിച്ഛേദിക്കുന്നതും, എതിരഭിപ്രായമുള്ളവരെ നിശബ്ദരാക്കുന്നതും “അടഞ്ഞ സമൂഹത്തിന്റെ” (Closed Society) ലക്ഷണങ്ങളാണ്.
ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കെട്ടിപ്പടുക്കുന്ന ഒരു സമൂഹം ഒരിക്കലും നീതിയുക്തമാകില്ലെന്ന് കാൾ പോപ്പർ എഴുതുമ്പോൾ ഓർക്കുക: വിജയിക്കുന്ന നുണ സത്യമാകുന്ന കാലമൊക്കെ കഴിഞ്ഞു!
പിൻകുറിപ്പ്:
“നിങ്ങൾ ദൈവത്തിനു വേണ്ടി നുണ പറയുമോ?” (ജോബ് 13:7) എന്ന് സഹനദാസൻ ജോബ് ചോദിക്കുമ്പോൾ ഉത്തരത്തിനായി ആരും ബുദ്ധിമുട്ടേണ്ട. സത്യം തന്നെയായ ദൈവത്തിന് നുണയുടെ ആവശ്യമില്ല. അതിനാൽ സഭയിലെയും സമൂഹത്തിലെയും നുണയന്മാർ ജാഗ്രതൈ! എബ്രഹാം ലിങ്കൺ പറഞ്ഞതുപോലെ “എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ പറ്റില്ല.” മുകളിൽ സത്യസന്ധനായ ദൈവത്തിന്റെ കോടതിയുണ്ട്!