Coverstory

ചെറുപൈതങ്ങളും പരിഷ്കാര വിജയവും മറ്റും

ഡോ. ജോര്‍ജ് ഇരുമ്പയം

2026 മാർച്ച് 4-ലെ സത്യദീപത്തിൽ വന്ന രണ്ടു മൂന്നു പ്രഭാഷണങ്ങളും, അവയിൽ "ചരിത്രത്തിന്റെ വീണ്ടെടുപ്പ്" എന്നതിൽ പി.എഫ്. മാത്യൂസ് പ്രഥമ ലത്തീൻ ക്രൈസ്തവ നോവലായ 'പരിഷ്കാരവിജയം' ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ (ഇപ്പോൾ ബ്രിട്ടീഷ് ലൈബ്രറി) നിന്നു കോപ്പിയെടുപ്പിച്ച്, ഞാനതിന്റെ ശതാബ്ദി പതിപ്പിറക്കിയതിനെപ്പറ്റി പറയുന്നതും ശ്രദ്ധിച്ചു. വാരിയത്ത് ചോറി (ജോർജ്) പീറ്ററിന്റെ പ്രസ്തുത നോവൻ കണ്ടെടുത്തു പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിലെ സന്തോഷം മറച്ചു വയ്ക്കുന്നില്ല. പക്ഷേ, അതിലും പ്രധാനപ്പെട്ട കണ്ടെത്തൽ "ചെറു പൈതങ്ങൾക്കുപകാരാർഥം ഇംക്ലീശിൽ നിന്നു പരിഭാഷപ്പെടുത്തിയ കഥകൾ" എന്നതായിരുന്നു.

ബ്രിട്ടീഷ് മ്യൂസിയത്തിലെ മലയാള പുസ്തകങ്ങളുടെ കാറ്റലോഗിൽ നിന്നു തന്നെയാണ് അതേപ്പറ്റി അറിയുന്നതും പ്രസക്തഭാഗങ്ങളുടെ (ആദ്യത്തെ പാതിയോളം ഭാഗം) കോപ്പി എടുപ്പിക്കുന്നതും. കേരളത്തിലെ മലയാളം അച്ചടിയുടെ ചരിത്രം അഞ്ചു വർഷം മുന്നോട്ടാക്കാൻ അതിനു കഴിഞ്ഞു. റവ. ബെഞ്ചമിൻ ബെയിലി തർജമ ചെയ്ത ബൈബിൾ പുതിയ നിയമം (1829) ആണ് കേരളത്തിൽ അച്ചടിച്ചിറക്കിയ ആദ്യ മലയാള പുസ്തകം എന്ന ധാരണയും ചരിത്രവുമാണ് അതുവഴി തിരുത്തപ്പെട്ടത്. മേല്പറഞ്ഞ പുസ്തകം 1824-ൽ കോട്ടയത്ത് അച്ചടിച്ചതാണെന്നു ടൈറ്റിൽ പേജിൽ നിന്നു മനസ്സിലാക്കാം. മലയാള അക്കങ്ങളിൽ കാലം കാണിച്ചിരിക്കുന്നത് ഒന്ന് കഴിഞ്ഞ് ആയിരത്തിന്റെ ചിഹ്നം, അതുകഴിഞ്ഞ് എട്ടും തുടർന്ന് നൂറിന്റെ ചിഹ്നവും. തുടർന്ന് ഇരുപതിന്റെയും നാലിന്റെയും അക്കങ്ങൾ. സംക്ഷേപവേദാർത്ഥത്തിലും ബെയിലിയുടെ ബൈബിൾ തർജമയിലും ഇതുപോലെ 1000 ത്തിനും 100 നും പ്രത്യേക ചിഹ്നങ്ങൾ കാണാം. ബെഞ്ചമിൻ ബെയിലി തന്നെയാവാം ഈ "കഥകൾ" തർജമ ചെയ്തിറക്കിയതെന്ന് എനിക്കു തോന്നിയിരുന്നു. അതു പൂർണ്ണ രൂപത്തിൽ വരുത്തി ആമുഖപഠനങ്ങളോടെ പ്രസിദ്ധീകരിക്കാൻ എനിക്കു കഴിയുമായിരുന്നു. ബെയിലിയെപ്പറ്റി ഗവേഷണം നടത്തുന്നവർ അതു ചെയ്യട്ടെ എന്നു കരുതി ഒഴിവാക്കിയതാണ്. ചിലർ അതിന് എന്നെ കുറ്റപ്പെടുത്തിയതും ഓർക്കുന്നു! ഗവേഷണ രംഗം സ്വാർഥതയും അസൂയയും നിറഞ്ഞ ഒന്നാണെന്ന് ഞാനന്ന് മനസ്സിലാക്കിയിരുന്നില്ല!

1977 മുതൽ 80 വരെയാണ് യു.ജി.സി. ഫെല്ലോഷിപ്പോടെ പ്രൊഫ. അഴീക്കോടിന്റെ കീഴിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഞാൻ ഗവേഷണം ചെയ്തത്. മേല്പറഞ്ഞ കണ്ടെത്തൽ 1979-80 കാലത്തായിരുന്നു. പത്രങ്ങളിലെല്ലാം പ്രാധാന്യത്തോടെ ആ വാർത്ത വരികയും ആ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് മാതൃഭൂമി വാരാന്തപതിപ്പിൽ 13-7-1980 ൽ ഞാനൊരു ലേഖനം (അച്ചടിയുടെ ചരിത്രം തിരുത്തിയ പുസ്തകം) എഴുതുകയും ചെയ്തു. അത് 'ഉപാസിക്കുന്നു ദുഃഖത്തെ ഞാൻ' എന്ന എന്റെ ലേഖന സമാഹാരത്തിലും (1981) 'സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികൾ' എന്ന ആത്മകഥയിലും (2022) ചേർത്തിരുന്നു. "ഉപാസിക്കുന്നു ദുഃഖത്തെ" ഡിഗ്രി ക്ലാസുകളിൽ പാഠപുസ്തകമാക്കപ്പെട്ടതിനാൽ പ്രചാരം നേടുകയും "ചെറുപൈതങ്ങൾ" പ്രസിദ്ധമാവുകയും ചെയ്തിരുന്നു. 'ഗ്രന്ഥപ്പുര'യിൽ "ചെറുപൈതങ്ങൾ" കാണുമെന്നാശിക്കുന്നു.

ഗവേഷണത്തിൽ എന്റെ ഗൈഡായിരുന്ന പ്രൊഫ. സുകുമാർ അഴീക്കോടും എന്നെ സഹായിച്ച ഡോ. എം.എം. ബഷീറും ഡോ. എൻ. ഗോപിനാഥൻ നായരും ഡോ. എം. എം. പുരുഷോത്തമൻ നായരും നിഷ്ക്കളങ്കമായി തന്നെ എനിക്കായി അവരുടെ കുറേ സമയം ചെലവഴിച്ചു എന്ന സത്യം കൃതജ്ഞതാപൂർവം ഓർക്കുന്നു. "മലയാള നോവൽ 19-ാം നൂറ്റാണ്ടിൽ" എന്ന എന്റെ ആ പഠനത്തിന്റെ (കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണം) മികവിന് അവർ കൂടി ഉത്തരവാദികളാണ്.

എന്റെ മറ്റൊരു കണ്ടെത്തൽ പ്രഥമ മദ്യവിരുദ്ധ നോവലും ആദ്യ സിറിയൻ കാത്തലിക് നോവലുമായ 'ത്രസ്യാമ്മ'യാണ്. 1922 ൽ എഴുതപ്പെട്ട അതിന്റെ കർത്താവ് മുട്ടുചിറക്കാരനും (കോട്ടയം ജില്ല) സർക്കാർ സ്കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കരോട്ട് സി. ജോർജ് (കെ.സി. ജോർജ് 1889-1945) ആണ്. അക്കാലത്ത് ആഴ്ചയിൽ മൂന്നു ദിവസം ഇറങ്ങിയിരുന്ന ദീപിക പത്രത്തിലൂടെ അതു വെളിച്ചം കാണുകയും 1925-ൽ പുസ്തക രൂപത്തിൽ ഇറങ്ങുകയും ചെയ്തു. ഞാനതിന്റെ പുതിയ പതിപ്പ് പഠനത്തോടെ 2017-ൽ SPCS വഴി ഇറക്കി. NBS ൽ കോപ്പി കിട്ടിയേക്കാം.

രാഷ്ട്രീയം മരിക്കുന്നു

വിശുദ്ധ സ്റ്റാനിസ്ലാവൂസ് (1030-1079) : ഏപ്രില്‍ 11

രക്തദാനരംഗത്തെ അതികായനും മനുഷ്യസ്‌നേഹിയും സാംസ്‌കാരിക നേതാവുമായിരുന്ന ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

ആലപ്പാട്ടച്ചൻ്റെ വിളികൾക്കു കാതോർത്ത്

വചനമനസ്‌കാരം: No.212