Coverstory

ഭാരതീയപൂജ: കൗണ്‍സില്‍ നല്‍കിയ നിധി

ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ സി എം ഐ
  • ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ സി എം ഐ

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കാത്തോലിക്ക സഭയിലാകമാനം ഒരു നവീകരണത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. ജോണ്‍ 23-ാമന്‍ മാര്‍പാപ്പ ആഹ്വാനം ചയ്തു, 'സഭയുടെ വാതിലുകള്‍ തുറന്നിടുക, അതിലേക്ക് ശുദ്ധവായു പ്രവേശിക്കട്ടെ'. തുറന്ന വാതിലുകളിലൂടെ പ്രവേശിച്ച പ്രകാശവും ശുദ്ധവായുവും സഭയെ സമഗ്രമായി നവീകരിച്ചു. ആരാധനാക്രമവും തദനുസൃതം നവീകരിക്കപ്പെട്ടു.

'സംസ്‌കാരമൂല്യമുള്ള, ജന്മനാടിന്റെ മണമുള്ള ആരാധനരീതികള്‍ ഉടലെടുക്കണം' എന്നു ലിറ്റര്‍ജിയെ കുറിച്ചുള്ള കൗണ്‍സില്‍ പ്രമാണരേഖ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കു മനസ്സിലാകുന്ന, തദ്ദേശഭാഷകളിലുള്ളതും അതതു നാടുകളിലെ സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതുമായ കുര്‍ബാനക്രമങ്ങളും നടപ്പിലായി.

ഭാരതസഭയിലും ഇതനുസരിച്ചുള്ള നവീകരണം കടന്നുവന്നു. കൗണ്‍സിലിനു ശേഷം 1969-ല്‍ ബംഗളുരുവില്‍ 'സഭ ഇന്നത്തെ ഭാരതത്തില്‍' (CHURCH IN INDIA TODAY) എന്ന വലിയ സെമിനാര്‍ സംഘടിപ്പിക്കപെട്ടു. വത്തിക്കാന്‍ കൗണ്‍സിലില്‍ പൂര്‍ണ്ണമായും പങ്കുകൊണ്ട കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ ആയിരുന്നു അതിന്റെ മുഖ്യസംഘാടകന്‍. അതിലാണ് ഭാരതീയ പൂജ ആദ്യമായി അര്‍പ്പിക്കപ്പെട്ടത്.

ധര്‍മ്മാരാം കോളേജിലെ വൈദികശ്രേഷ്ഠരായിരുന്ന ഫാ. സില്‍വെസ്റ്റര്‍, ഫാ. വിനീത്, ഫാ. ലൂയിസ് മാളിയേക്കല്‍ തുടങ്ങിയവരാണ് ഇതിന് നേതൃ ത്തം നല്‍കിയത്. കാര്‍ഡിനല്‍ പാറേക്കാട്ടില്‍ അതിനു വലിയ പിന്തുണ നല്‍കി.

ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും സ്വീകരിച്ചുകൊണ്ടുള്ള ലിറ്റര്‍ജി എല്ലാവര്‍ക്കും വലിയ സന്തോഷം നല്‍കി. മിഷന്‍ രൂപതകള്‍ വിശേഷിച്ചും ഇതില്‍ വലിയ പ്രത്യാശ പുലര്‍ത്തി.

1969-1977 വരെ ഭാരതീയപൂജ പരീക്ഷണാര്‍ഥം ധര്‍മ്മാരാം കോളേജില്‍ അര്‍പ്പിച്ചിരുന്നു. ബംഗളുരു എന്‍ ബി സി എല്‍ സി യിലും ഫാ. അമലോര്‍പവദാസിന്റെ നേതൃത്വത്തില്‍ മെത്രാന്മാരുടെ അംഗീകാരത്തോടെ ഒരു ഭാരതീയ കുര്‍ബാനക്രമം രൂപപ്പെടുത്തി അര്‍പ്പിച്ചുപോന്നിരുന്നു. അതുപോലെ എറണാകുളം അതിരൂപത കത്തീഡ്രലിലും കാര്‍ഡിനല്‍ പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ ഭാരതീയപൂജ ചില വ്യത്യാസങ്ങളോടെ അര്‍പ്പിക്കപ്പെട്ടിരുന്നു.

പിന്നീട് കേരളത്തിലെ ചില നവീകരണ വിരുദ്ധരുടെ അനാവശ്യ ഇടപെടല്‍ മൂലം റോമില്‍ നിന്നും അത് നിര്‍ത്തി കളയുകയായിരുന്നു. പക്ഷേ, ഇപ്പോഴും വാഗമണ്‍ കുരിശുമല ആശ്രമത്തില്‍ ഭാരതീയപൂജ സാധാരണ ദിവസങ്ങളില്‍ അര്‍പ്പിക്കുന്നുണ്ട്.

നാം വിട്ടുകളയേണ്ട ഒന്നല്ല ഭാരതീയപൂജ. ഭാരതത്തില്‍ ഭാരതസംസ്‌കാരത്തോടു ചേര്‍ന്നു ക്രൈസ്തവികത വളരുന്നതിന് ഈ സാംസ്‌കാരികാനുരൂപണപരിശ്രമങ്ങളെ നാം ഗൗരവത്തോടെ കാണുകയും അവ തുടരുകയും ചെയ്യേണ്ടതുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നിന്നു നമുക്കു കിട്ടിയ ഒരു നിധിയാണ് ഭാരതീയപൂജയെന്ന ആശയവും അതിന്റെ പ്രാരംഭ പരിശ്രമങ്ങളും. അതു നാം പാടേ ഉപേക്ഷിക്കരുത്.

യുദ്ധങ്ങളുടെ ലോകത്ത്, സാഹോദര്യം ഒരു ആദര്‍ശമല്ല, ഒരു ഉത്തരവാദിത്തമാണ്: പേപ്പല്‍ ധ്യാനപ്രസംഗകന്‍

നല്ല മനുഷ്യരുടെ ദുരന്തബോധം

GenZ@ക്രിസ്തുസാക്ഷ്യം

കൊച്ചിയിലെ കപ്പലൊച്ചകള്‍ [30]

തച്ചനപ്പൻ