Coverstory

ഏ കെ പുതുശേരി: കള്ളികളിൽ ഒതുങ്ങാത്ത കർമ്മവീര്യം

Sathyadeepam

90 വയസ്സിൽ വിട പറയുമ്പോൾ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളാണ് ഏ കെ പുതുശ്ശേരി മലയാളത്തിനായി കാഴ്ച വച്ചത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതും പുസ്തകരൂപത്തിൽ സമാഹരിക്കപ്പെടാത്തതുമായ നൂറു കണക്കിനു രചനകൾ വേറെയുമുണ്ട്. ഇവയിൽ നിരവധി നോവലുകളും മറ്റു രചനകളും സത്യദീപത്തിലൂടെ വെളിച്ചം കണ്ടവയാണ്. പുതുശേരി അവസാനമായെഴുതിയ നോവൽ - സ്വപ്നക്കാരൻ - സത്യദീപത്തിലാണു പ്രസിദ്ധീകരിച്ചത്.  2024 ജനുവരിയിൽ അവസാന അധ്യായം സത്യദീപത്തിൽ അച്ചടിച്ച സ്വപ്നക്കാരൻ, പഴയ നിയമത്തിലെ ജോസഫിനെ മുഖ്യകഥാപാത്രമായി എഴുതിയതായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രചാരവും പ്രസിദ്ധിയും നേടിയ നോവലായ റോയിമോനും സത്യദീപത്തിൽ പ്രസിദ്ധീകരിച്ച ശേഷം പുസ്തകമാക്കിയതാണ്. സത്യദീപത്തിന്റെ ഓഫീസിലെ ഒരു സ്ഥിരം സന്ദർശകനുമായിരുന്നു അദ്ദേഹം.   

എറണാകുളം നഗരത്തിൽ തന്നെ ജനിച്ചു വളർന്ന കുഞ്ഞാഗസ്തി, എഴുതാൻ വേണ്ടി ഏ കെ പുതുശേരി എന്ന പേരു സ്വീകരിക്കുകയായിരുന്നു. പിൽക്കാലത്ത് ആത്മകഥാപരമായി അദ്ദേഹമെഴുതിയ പുസ്തകത്തിന്റെ പേര് കുഞ്ഞാഗസ്തിയുടെ കുസൃതികൾ എന്നായിരുന്നു. തന്റെ ജീവിതകഥയോടൊപ്പം ജനിച്ചു വളർന്ന നാടിന്റെ കഥയും ഇതിൽ അനാവൃതമാകുന്നു.  

പഠിക്കുന്ന കാലത്ത് പ്രിപ്പറേറ്ററി ക്ലാസ്സു മുതല്‍ ഏഴാം ക്ലാസ്സുവരെ എറണാകുളത്തെ പത്മ തീയേറ്ററില്‍ കപ്പലണ്ടിയും പാട്ടുപുസ്തകവും വിറ്റുകിട്ടിയ കമ്മീഷന്‍ കൊണ്ട് സ്‌കൂളില്‍ ഫീസു കൊടുത്തിരുന്ന കുഞ്ഞാഗസ്തി സ്വപരിശ്രമം കൊണ്ടാണ് ഏ.കെ. പുതുശ്ശേരിയിലേക്കു വളര്‍ന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ നാടകങ്ങളും കഥകളുമൊക്കെ എഴുതുമായിരുന്ന കുഞ്ഞാഗസ്തിയുടെ ആദ്യകഥ "വിശപ്പ്" എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ചടിച്ചു വന്നത് – നവജീവന്‍ പത്രത്തില്‍. ആദ്യനാടകം പഠനകാലത്ത് സ്‌കൂളില്‍ത്തന്നെയാണ് അരങ്ങേറിയത്. എറണാകുളം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണത്. വാര്‍ഷികത്തിനു നാടകം കളിക്കാന്‍വേണ്ടി കലാസമിതിയുടെ ചുമതലയുണ്ടായിരുന്ന മാത്യു പണിക്കശ്ശേി മാഷ് തെരഞ്ഞെടുത്തത്, കുഞ്ഞാഗസ്തിയുടെ 'കുരിശു ചുമക്കുന്നവര്‍' എന്ന നാടകം. പക്ഷെ മാനേജരച്ചനോ പ്രധാനാധ്യാപകനോ രചയിതാവ് ആരാണെന്നറിഞ്ഞില്ല. നാടകം വന്‍വിജയമായി. അപ്പോഴാണ് അനൗണ്‍സ്‌മെന്റ് – ഈ നാടകത്തിന്റെ രചയിതാവ് ഇവിടെ വന്നിട്ടുണ്ട്. എല്ലാവരും നോക്കി നില്‍ക്കേ മാഷ് കുഞ്ഞാഗസ്തിയെ സ്റ്റേജിലേക്കു ക്ഷണിച്ചു. പിന്നെ നിലയ്ക്കാത്ത കയ്യടി. കുഞ്ഞാഗസ്തിയുടെ ജൈത്രയാത്ര അവിടെ തുടങ്ങുന്നു.
സ്‌കൂളില്‍ കളിച്ച നാടകം പിറ്റേവര്‍ഷം പുസ്തകമായി അച്ചടിച്ചു, അതാണ് പുതുശ്ശേരിയുടെ ആദ്യത്തെ പുസ്തകം.

സത്യദീപത്തിലും സിനിമാ മാസിക, ദീപ്തി, ഫിലിം, സത്യനാദം, മലബാര്‍ മെയില്‍, കൗമുദി, സൈനിക സമാചാര്‍ തുടങ്ങിയ മറ്റ് ആനുകാലികങ്ങളിലുമായിരുന്നു പുതുശ്ശേരിയുടെ ആദ്യകാല രചനകളേറെയും പ്രത്യക്ഷപ്പെട്ടത്. വിവിധ നാടകസമിതികള്‍ക്കുവേണ്ടി ബൈബിള്‍ നാടകങ്ങളും സാമൂഹിക നാടകങ്ങളും എഴുതി. ബാലേകളും രചിച്ചു. ബാല സാഹിത്യരംഗത്തും പുതുശ്ശേരി ശ്രദ്ധേയനായി. "നീതിയുടെ തുലാസ്" എന്ന ബാലസാഹിത്യകൃതി ഹിന്ദി, ഇംഗ്ലീഷ്, ഒറിയ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയുടെ തിരക്കഥയെഴുതി. മലയാളത്തിലെ പ്രധാനപ്പെട്ട ടിവി ചാനലുകളില്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ഏതാനും ടെലിഫിലിമുകള്‍ക്കു കഥയും തിരക്കഥയും എഴുതിയിട്ടുള്ള ഇദ്ദേഹത്തിന്റെ കഥ, കവിത, നാടകം തുടങ്ങിയവ ആകാശവാണിയുടെ എല്ലാ നിലയങ്ങളിലും നിന്നു പ്രക്ഷേപണം ചെയ്തിട്ടുണ്ട്. യേശുദാസ് പാടിയ "വചനം തിരുവചനം", ബേണി ഇഗ്നേഷ്യസ് സംഗീതം നല്‍കിയ "ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്‌നേഹിക്കാന്‍…" തുടങ്ങിയ ശ്രദ്ധേയമായ ഭക്തിഗാനങ്ങളും പുതുശ്ശേരിയുടേതായുണ്ട്.

സാഹിത്യത്തില്‍ സമഗ്രസംഭാവനയ്ക്കുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, കുടുംബദീപം സാഹിത്യ അവാര്‍ഡ്, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് അവാര്‍ഡ്, കെസിബിസി സാഹിത്യ അവാര്‍ഡ്, പറവൂര്‍ ജോര്‍ജ് മെമ്മോറിയല്‍ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ പുതുശ്ശേരിക്കു ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പില്‍ നിന്നു സീനിയര്‍ ഫെല്ലോഷിപ്പും ലഭിച്ചു. സാഹിത്യ, സാംസ്‌ക്കാരിക, സാമൂഹിക, മത രംഗങ്ങളില്‍ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും സാരഥ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്.

1935 ജനുവരി 19 നാണു ഏ.കെ. പുതുശ്ശേരിയുടെ ജനനം. സ്റ്റേജ് നടനും ഗായകനും നാടക സംവിധായകനുമായിരുന്നു അപ്പന്‍ കൊച്ചാഗസ്തി ആശാന്‍. അമ്മ വെറോനിക്ക.

എഴുത്തും സാഹിത്യസപര്യയും സജീവമായത് 1967 ല്‍ വിവാഹത്തിനു ശേഷമാണെന്നു പുതുശേരി പറഞ്ഞിട്ടുണ്ട്. "1967 വരെ എന്റെ ആറു പുസ്തകങ്ങള്‍ മാത്രമാണു പ്രസിദ്ധീകരിച്ചത്. അതിനു ശേഷം 53 വര്‍ഷത്തെ വൈവാഹിക ജീവിതത്തിനിടയില്‍ 80 ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമായി." അതിനു പിന്നില്‍ സഹധര്‍മ്മിണി ഫിലോമിനയുടെ ത്യാഗവും സ്‌നേഹവും സഹനവുമാണെന്നു അദ്ദേഹം പറഞ്ഞു. 1958 മുതല്‍ എറണാകുളത്തെ എസ്.ടി. റെഡ്യാര്‍ ആന്റ് സണ്‍സ് എന്ന സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച പുതുശ്ശേരി, 1993 ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും കണ്‍സള്‍ട്ടന്റായി അവിടെ തുടര്‍ന്നു. 2020 മാര്‍ച്ചില്‍ കോവിഡ് ലോക് ഡൌണിനെ തുടർന്നാണ് അവിടെ നിന്നും പൂര്‍ണമായും വിട്ടു പോയത്.

എഴുത്തിനപ്പുറം സംഘാടകന്‍, നടന്‍, സംവിധായകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, പ്രസംഗകന്‍ തുടങ്ങിയ നിലകളിലും പുതുശേരി  അറിയപ്പെട്ടിരുന്നു. സെ.വിൻസെന്റ് ഡി പോൾ സഖ്യത്തിന്റെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം എറണാകുളം സെ.മേരീസ് ബസിലിക്ക ട്രസ്റ്റിയായും ഫാമിലി യൂണിയൻ വൈസ് ചെയർമാനായും ജനറൽ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഗരുധർമ്മപ്രചാരണസഭയുടെ (ശിവഗിരി) കേന്ദ്രകമ്മിറ്റിയംഗവും എറണാകുളം ജില്ലാ ഓർഗനൈസറുമായിരുന്നു.  

ഫിലോമിനാ പുതുശ്ശേരിയാണു ഭാര്യ. മക്കൾ: ഡോ. ജോളി പുതുശ്ശേരി (എച്ച്ഒഡി, ഫോക്ക് ആൻറ് കൾച്ചർ) ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, റോയി പുതുശ്ശേരി (എച്ച്ആർ കൺസൾട്ടന്റ്, കൊച്ചി), ബൈജു പുതുശ്ശേരി (എച്ച്എഎൽ കൊച്ചി നേവൽ ബേസ്), നവീൻ പുതുശ്ശേരി (മലയാള അധ്യാപകൻ, കുന്നും പുറം ഗവ. ഹൈസ്ക്കൂൾ ചേരാനെല്ലൂർ. മരുമക്കൾ: റീത്ത (ടീച്ചർ, ഹൈദരാബാദ്), പരേതയായ ടെസ്സി, ബിനി (ഇൻഫോ പാർക്ക്), റിൻസി (സെ. മേരീസ് എച്ച് എസ് സ്കൂൾ, എറണാകുളം.)

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍