Catechism Dynamics

ചില പൂട്ടുകള്‍ തകര്‍ന്നാല്‍, പുതുവാതിലുകള്‍ തുറക്കപ്പെടും

Sathyadeepam

ക്രിസ്മസ് രാത്രിയിലെ പാതിരാ കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ ശേഷിച്ച മൂന്നുനാലുപേരേയും കൂട്ടി വികാരിയച്ചന്റെ അധ്യക്ഷതയിലായിരുന്നു കര്‍മ്മങ്ങള്‍. ഒരു വലിയ പ്ലയറുമായി അങ്ങോട്ട് രണ്ടു തട്ട്, ഇങ്ങോട്ടു രണ്ടു തട്ട്. ഭണ്ഡാരത്തിന്റെ പൂട്ടു തകര്‍ന്നു. ഭണ്ഡാരം തുറന്നതും നാലുവശത്തു നിന്നും കൈകള്‍ വന്നു നോട്ടുകള്‍ വാരിയെടുത്ത് എണ്ണല്‍ തുടങ്ങി.

അച്ചന്‍ പള്ളിയില്‍ പറഞ്ഞതുപോലെ തന്നെ കൃത്യം തുക. ദൈവം എണ്ണി കൊണ്ടുവന്ന് ഇട്ടതുപോലെ. പോരാതെ ആളുകള്‍ നേരിട്ടു കൊണ്ടുവന്ന് കൊടുത്തതും വേറെ. ഈ തുകയെല്ലാം ക്രിസ്മസിന്റെ ആവേശങ്ങള്‍ കെട്ടടങ്ങും മുന്നേ തന്നെ വികാരിയച്ചനും അള്‍ത്താരകുട്ടികളും മതാധ്യാപകരും ചേര്‍ന്ന് അര്‍ഹമായിടത്ത് എത്തിച്ചു, 'Jeramiah's Home And Bertoni Palliative Care Centre'ലേക്ക്.

ആശുപത്രി കിടക്കയില്‍ അനാഥമാക്കപ്പെടുന്ന രോഗികളുടെ ഭവനവും പുതുകുടുംബവുമാണ് വൈപ്പിനിലുള്ള ഈ ആതുരാലയം. കലൂര്‍ വിയാനി പള്ളിയിലെ കാറ്റിക്കിസം വാര്‍ഷികത്തില്‍ പ്രധാന അതിഥിയായി വന്ന കെ ജെ പീറ്റര്‍ എന്ന പീറ്ററേട്ടനെ പരിചയപ്പെട്ട അന്നു മുതലുള്ള വിയാനി പള്ളിക്കാരുടെ ആഗ്രഹമായിരുന്നു ഈ ക്രിസ്മസിന് പൂര്‍ത്തിയായത്.

വര്‍ഷങ്ങളായി എറണാകുളം ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ആരോരുമിലാത്ത രോഗികളെ സ്വന്തമായി കണ്ട് ആഹാരവും, വസ്ത്രവും, പരിചരണവും, സ്‌നേഹവും നല്‍കുന്ന പീറ്ററേട്ടനെ ഏതെങ്കിലും വിധത്തില്‍ സഹായിക്കണം. വര്‍ഷങ്ങളായി തുറക്കാത്ത ഒരു ഭണ്ഡാര പെട്ടി അപ്പോഴാണ് അച്ചന്റെ കണ്ണില്‍ പെട്ടത്. അച്ചന്‍ ഈ ആശയം പള്ളിയില്‍ അവതരിപ്പിച്ചതും വിശ്വാസികളുടെ മനസ്സും ആ ഭണ്ഡാരപെട്ടിയില്‍ എത്തി. ഒടുക്കം ക്രിസ്മസ് രാത്രിയില്‍ ആ കൊച്ചു പെട്ടി നിറഞ്ഞു.

വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ഭണ്ഡാരത്തിന്റെ താക്കോല്‍ കണ്ടെത്തുന്നത് ശ്രമകരമായതിനാല്‍ പൂട്ടു തകര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. 'ചില പൂട്ടുകള്‍ തകര്‍ന്നാല്‍, പുതുവാതിലുകള്‍ തുറക്കപ്പെടും' അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

മൂന്നാം നൊമ്പരം – മലയാളത്തിനൊരു ബൈബിൾ സിനിമ, കാണികൾക്കൊരു കണ്ണീർക്കണം

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

കെ സി എസ് എൽ പ്രവർത്തനവർഷം ഉദ്ഘാടനം

മരിയോത്സവം 2 K 25 സമാപിച്ചു

"Provocations അല്ല Promotions ആണ്!!!"