യന്ത്രങ്ങളുടെ ബുദ്ധിയും മനുഷ്യന്റെ മഹത്വവും [ഭാഗം 2]

‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ നൽകുന്ന സന്ദേശം
The intelligence of machines and the greatness of man: The message of Magnifica Humanitas
Published on
‘Magnifica Humanitas’ ചാക്രിക ലേഖനത്തെക്കുറിച്ച് റോമിലെ അക്കാദമിയ അൽഫോൻസിയാനയിൽ ധാർമ്മികശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയായ ഫാ. റോക് വിൻ പിന്റോയു മായി ഫാ. ടോം താടിക്കാരൻ നടത്തിയ ദീർഘസംഭാഷണം.

(സത്യദീപം ലക്കം 44 (24 ജൂൺ 2026) ന്റെ തുടർച്ച)

Q

നമ്മൾ നിർമ്മിതബുദ്ധിയെ മനുഷ്യരാശിക്കുള്ള ഒരു വലിയ ഭീഷണിയായി കാണണമോ, അതോ കമ്പ്യൂട്ടറോ ടെലിഫോണോ പോലുള്ള മുൻകാല കണ്ടുപിടുത്തങ്ങളുടെ സമയത്ത് നമുക്കുണ്ടായിരുന്നതു പോലെയുള്ള മറ്റൊരു ഭയം മാത്രമാണോ ഇത്?

A

മാർപാപ്പ തന്റെ വിജ്ഞാപനത്തിൽ പറയുന്നതുപോലെ എഐ ഒരിക്കലും നിഷ്പക്ഷമല്ല (not neutral) എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു സാങ്കേതികവിദ്യയും തനിയെ നിലനിൽക്കുന്നില്ല, കാരണം ഇവയെ ‘സാമൂഹ്യ-സാങ്കേതികസംവിധാനങ്ങൾ’ (socio-technical systems) എന്നാണ് വിളിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ, നിങ്ങൾ സൂചിപ്പിച്ചതുപോലെ നമുക്ക് രണ്ട് തരത്തിലുള്ള ഭയങ്ങളുണ്ട്. മനുഷ്യർ കൂടുതൽ ശേഷികുറഞ്ഞവരായി (less capable) മാറുമെന്നതാണോ, അതോ നമ്മൾ കൂടുതൽ മനുഷ്യത്വമില്ലാത്തവരായി (less human) മാറുമെന്നതാണോ നമ്മെ കൂടുതൽ ഭയപ്പെടുത്തുന്നത്?

ശേഷി കുറഞ്ഞവരായി മാറുമെന്ന ഭയം കൂടുതൽ പ്രവർത്തനപരമായ (functional) തലത്തിലുള്ളതാണ്; അതായത്, ഭയങ്ങൾക്കുള്ള ഉത്തരം ‘സുരക്ഷിതത്വം’ എന്നതിലേക്ക് നയിച്ചേക്കാം. അതായത് യന്ത്രങ്ങൾ സുരക്ഷിതമായിരിക്കില്ല എന്ന ചിന്ത. ഉടനടിയുള്ള ഭയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. നമ്മൾ വെറുതെ ഇരിക്കേണ്ടി വരുമെന്നോ, നമ്മൾ ഉപയോഗശൂന്യരായി മാറുമെന്നോ, അല്ലെങ്കിൽ നമ്മുടെ ശേഷി കുറഞ്ഞുപോകുമെന്നോ ഉള്ളതിനേക്കാൾ വലിയ അപകടം, മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിലൂടെയും, യുദ്ധത്തിലൂടെയും, മറ്റുള്ളവരുടെ മേൽ വലിയ അധികാരം സ്ഥാപിക്കുന്നതിലൂടെയും നമുക്ക് നമ്മുടെ മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടേക്കാം എന്നതാണ്. അതിനെക്കുറിച്ചാണ് നമ്മൾ യഥാർത്ഥത്തിൽ ആശങ്കപ്പെടേണ്ടത്, അല്ലാതെ ശേഷിക്കുറവിനെക്കുറിച്ചല്ല.

Q

ഈ ചാക്രിക ലേഖനം data-driven logic ന് എതിരെ മുന്നറിയിപ്പു നല്കുന്നു. യാതൊരു ശ്രദ്ധയുമി ല്ലാതെ എ ഐ ടൂളുകൾ നടപ്പിലാക്കാനുള്ള നമ്മുടെ വ്യഗ്രത സൂക്ഷിക്കണം. കാരണം ഒരു സ്ഥാപന ത്തിന് institutional integrity പ്രധാനപ്പെട്ടതാണ്. ലോകത്തോട് മാറാൻ ആവശ്യപ്പെടുകയും, എന്നാൽ തങ്ങൾ പതിവു പോലെ കാര്യങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്യുമ്പോൾ, സഭയുടെ വിശ്വാസ്യതയ്ക്ക് യഥാർത്ഥ ത്തിൽ എന്ത് വിലയാണ് നൽകേണ്ടി വരുന്നത്?

A

നമ്മൾ എഐ യെക്കുറിച്ച് സംസാരിക്കുകയും എഐ മോശമാണെന്ന് പറയുകയും ചെയ്യുന്നു, എന്നാൽ സ്വന്തം ജീവിതത്തിലേക്ക് വരുമ്പോൾ നമ്മൾ അത് ഉപയോഗിക്കുകയും ചെയ്യുന്നു. അപ്പോൾ നമ്മൾ അതിനെ എങ്ങനെ സമന്വയിപ്പിക്കും? ഒരാൾ എന്നോട് ചോദിച്ചു, ‘അച്ചാ, നമ്മൾ ഈ ചാക്രികലേഖനം മുഴുവൻ വായിക്കാൻ പോവുകയാണോ അതോ ഇത് എഐ യിലിട്ട് അതിന്റെ സംഗ്രഹം എടുത്തു തരണോ?’ എന്ന്. ഈ മുഴുവൻ രേഖയും വിവിധ എഐ ടൂളുകളിലേക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ ലഭിക്കുന്ന സംഗ്രഹം മാത്രം എടുത്തുകൊണ്ട് ഈ ലേഖനത്തെക്കുറിച്ച് അഭിപ്രായം പറയുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ഇവിടെയുള്ള പ്രധാന ചോദ്യം, ലേഖനത്തിന്റെ 98-ാം നമ്പറിൽ മാർപ്പാപ്പ പറയുന്ന ഒരു കാര്യമാണ്; അതിനെ ‘ധാർമ്മികവും ആത്മീയവുമായ വിവേചനം’ എന്നാണ് വിളിക്കുന്നത്. ഓരോരുത്തരും ഈ ധാർമ്മിക വിവേചനം നടത്തേണ്ടതുണ്ട്. ദൈനംദിന ജീവിതത്തിൽ ഞാൻ എഐ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം തുറന്നു സമ്മതിക്കുമോ? അതോ ഞാൻ അത് ഉപയോഗിക്കുന്നില്ലെന്ന് വെറുതെ പറയുകയും എന്നാൽ ഉള്ളിൽ അത് ഉപയോഗിക്കുകയും ചെയ്യുമോ? അത് കപടമായ ഒരു മനോഭാവമായിരിക്കും.

ഒരു ഭാഷ കൃത്യമായി അറിയാത്തപ്പോൾ, ആ ഭാഷ പഠിക്കാൻ ശ്രമിക്കുന്നതിന് പകരം ആ ഭാഷയിൽ ഒരു രേഖ തയ്യാറാക്കാൻ നമ്മൾ ഈ എഐ ടൂളുകൾ ഉപയോഗിക്കുന്നു. നമ്മൾ എഴുതിയത് ശരിയാണോ എന്ന് പരിശോധിക്കാൻ തീർച്ചയായും ഒരു എഐ ടൂൾ ഉപയോഗിക്കാം, എന്നാൽ ഒരു ഭാഷ പഠിക്കാനുള്ള മനോഭാവം നമ്മൾ ഒരിക്കലും കൈവെടിയരുത്. അവിടെയാണ് വ്യത്യാസം വരുന്നത്; അതുകൊണ്ടാണ് നമുക്ക് ധാർമ്മികവും ആത്മീയവുമായ വിവേചനം ആവശ്യമായി വരുന്നത്. കാരണം ഇതിൽ ചില അപകടങ്ങളുമുണ്ട്, അതിലൊന്നാണ് പ്രശസ്തമായ ‘ഹാലൂസിനേഷൻ’ (തെറ്റായ വിവരങ്ങൾ യഥാർത്ഥമെന്ന വണ്ണം നൽകുക) എന്ന പ്രശ്നം. നമ്മുടെ വിമർശനാത്മകമായ ചിന്താശേഷി ഉപയോഗിക്കാതെ, എഐ നൽകുന്നതെന്തും അതുപടി വിശ്വസിച്ചാൽ, ഒട്ടും സത്യമല്ലാത്ത ഉത്തരങ്ങളെ നമ്മൾ വെറുതെ വിശ്വസിച്ചു പോകുന്ന അവസ്ഥയുണ്ടാകാം. എഐ നമ്മെ പറ്റിക്കണം എന്ന് വിചാരിക്കുന്നത് കൊണ്ടല്ല അത് സംഭവിക്കുന്നത്, മറിച്ച് അതിന് ഹാലൂസിനേഷൻ സംഭവിച്ചത് കൊണ്ടാണ്. മനുഷ്യർക്ക് മാത്രം സംഭവിക്കുന്ന ഒന്നായതിനാൽ ചിലർക്ക് ഈ ‘ഹാലൂസിനേഷൻ’ എന്ന വാക്ക് ഉപയോഗിക്കുന്നത് ഇഷ്ടമല്ലായിരിക്കാം, എങ്കിലും ഇത് പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്.

നമ്മൾ വെറുതെ ഇരിക്കേണ്ടി വരുമെന്നോ, നമ്മൾ ഉപയോഗശൂന്യരായി മാറുമെന്നോ, അല്ലെങ്കിൽ നമ്മുടെ ശേഷി കുറഞ്ഞുപോകുമെന്നോ ഉള്ളതിനേക്കാൾ വലിയ അപകടം, മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിലൂടെയും, യുദ്ധത്തിലൂടെയും, മറ്റുള്ളവരുടെ മേൽ വലിയ അധികാരം സ്ഥാപിക്കുന്നതിലൂടെയും നമുക്ക് നമ്മുടെ മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടേക്കാം എന്നതാണ്.

അല്ലെങ്കിൽ നമ്മൾ ചില മിഥ്യാധാരണകൾ, മിഥ്യാബന്ധങ്ങൾ (illusive relationships) സൃഷ്ടിക്കുന്നു. ഈയടുത്ത് ഒരു ഡോക്ടർ എന്നോട് ഒരു അനുഭവം പങ്കുവെക്കുകയുണ്ടായി: രോഗിയെ വിളിച്ച് അവരുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാൻ ഒരു ഓട്ടോമാറ്റിക് അൽഗോരിതമിക് ചാറ്റ്ബോട്ട് ഉണ്ടായിരുന്നു. ആ സ്ത്രീ വീട്ടിൽ തനിച്ചായിരുന്നതിനാൽ, അവർ എല്ലാ ദിവസവും ഒരു മണിക്കൂറോളം ഈ ചാറ്റ്ബോട്ടുമായി സംസാരിക്കുമായിരുന്നു. ആ സമയത്ത് അവർ തന്റെ മക്കളെക്കുറിച്ചും, കുടുംബജീവിതത്തെക്കുറിച്ചും, ദൈനംദിന കാര്യങ്ങളെക്കുറിച്ചുമെല്ലാം അതിനോട് പങ്കുവെച്ചു. ആറുമാസത്തിന് ശേഷം അവർ ആശുപത്രി സന്ദർശിച്ചപ്പോൾ, തന്നെ ദിവസവും വിളിക്കാറുള്ള ആ വ്യക്തിയെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അവരുടെ നിഷ്കളങ്കത കൊണ്ട് തന്നെ വിളിച്ചിരുന്നത് ഒരു AI ടൂൾ ആണെന്ന് അവർക്ക് അറിയില്ലായിരുന്നു. അവർ ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു, ‘എന്നെ ദിവസവും വിളിക്കുന്ന ആ വ്യക്തിയെ എനിക്ക് ഒന്ന് കാണണം.’ അപ്പോൾ ഡോക്ടർ വിനയപൂർവ്വം അവരോട് പറഞ്ഞു, ‘അതൊരു വ്യക്തിയല്ല, നിങ്ങളെ വിളിച്ചിരുന്നത് വെറുമൊരു AI ടൂൾ മാത്രമാണ്.’ താനൊരു വ്യക്തിയാണെന്ന് കരുതി ഉണ്ടാക്കിയെടുത്ത ആ മിഥ്യാബന്ധം തകർന്നപ്പോൾ അവർക്ക് ഒരല്പം നിരാശ തോന്നി. എന്നാൽ അതിനുശേഷം അവർ നൽകിയ മറുപടി തികച്ചും ഞെട്ടിക്കുന്ന ഒരു യാഥാർത്ഥ്യമായിരുന്നു. ആ പ്രായമായ സ്ത്രീ ഡോക്ടറോട് പറഞ്ഞു, “പക്ഷേ അവളോട് എന്നെ വിളിക്കുന്നത് നിർത്തരുതെന്ന് പറയണം.”

ഇവിടെ നമ്മൾ ഉത്തരം നൽകേണ്ടത് അവരുടെ ഏകാന്തത എന്ന ചോദ്യത്തിനാണോ, അതോ ചാറ്റ്ബോട്ടിനോട് ദിവസവും അവരെ വിളിക്കാൻ ആവശ്യപ്പെട്ട് വളരെ എളുപ്പത്തിൽ ഈ പ്രശ്നം പരിഹരിക്കുകയാണോ വേണ്ടത്? അങ്ങനെ ചെയ്യുന്നതിലൂടെ എന്റെയും, അവരുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാനും അവർക്ക് കൂട്ടു നൽകാനും കടപ്പെട്ട മറ്റ് മനുഷ്യരുടെയും ഉത്തരവാദിത്തമല്ലേ നമ്മൾ ഇല്ലാതാക്കുന്നത്? തങ്ങൾക്ക് സാധിക്കില്ലെന്ന് പറഞ്ഞ് അവർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറേണ്ടതുണ്ടോ? ഇതൊക്കെ വളരെ സങ്കീർണ്ണമായ ചോദ്യങ്ങളാണ്, ചിലപ്പോൾ ഇവയ്ക്ക് മറുപടി നൽകാൻ നമുക്ക് കഴിയില്ല. അതുകൊണ്ട്, വ്യക്തിജീവിതത്തിലേക്ക് വരുമ്പോൾ ഞാൻ ഇത് എങ്ങനെ ഉപയോഗിക്കുന്നു, എങ്ങനെ വിലയിരുത്തുന്നു എന്നത് പരസ്പരം കൈകോർത്തു പോകുന്ന രീതിയിൽ കൃത്യമായി ഏകോപിപ്പിക്കേണ്ടതുണ്ട്.

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org