സന്ദർശനത്തിന്റെ രാഷ്ട്രീയം | Pen In Frame | Sathyadeepamonline
ലോകം ആകാംക്ഷയോടെ കാത്തിരുന്ന കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ഫ്രാന്‍ സിസ് പാപ്പയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. അടുത്തവര്‍ഷം സന്ദര്‍ശനം സാധ്യമാകുന്ന വിധത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കുമെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കാ വിശ്വാസികള്‍ക്ക് വലിയ ആഹ്‌ളാദത്തിന്റെ മംഗളവാര്‍ത്തയാണ്.
അരമണിക്കൂറായിരുന്നു ചരിത്രം സൃഷ്ടിച്ച കൂടിക്കാഴ്ചയ്ക്കായി നിശ്ച യിച്ചിരുന്നതെങ്കിലും അപ്പസ്‌തോലിക കൊട്ടാരത്തിലെ രണ്ടാം നിലയിലുള്ള ‘സാല ദെല്‍ ത്രൊനെത്തോ’യില്‍ ഔപചാരികതകള്‍ക്കപ്പുറത്ത് അത് ഒരു മണിക്കൂറോളം നീണ്ടു.
പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ സന്തോഷമുണ്ടെന്ന മോദിയുടെ മുഖവുരയ്ക്ക്, കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യ വിവിധ രാജ്യങ്ങള്‍ക്ക് നല്കിയ സഹായത്തെ അഭിനന്ദിച്ചുകൊണ്ടാണ് പാപ്പ ക്ഷണം നന്ദിപൂര്‍വ്വം സ്വീകരിച്ചത്.
ആഗോള താപനമുള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ജി.20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് റോമിലെത്തിയതായിരുന്നു മോദി. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്ര പരോളിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായും പിന്നീട് പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
‘സമാധാനപ്പോരാളിയായി’ ജോ ബൈഡന്‍ വിശേഷിപ്പിച്ച, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഫ്രാന്‍സിസ് പാപ്പയുമായി ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച, അതിന്റെ രാഷ്ട്രീയ, സാമൂഹ്യ, ആത്മീയ മാനങ്ങള്‍കൊണ്ട് കൂടി ശ്രദ്ധേയമാവുകയാണ്.
പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ സന്തോഷമുണ്ടെന്ന മോദിയുടെ മുഖവുരയ്ക്ക്, കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യ വിവിധ രാജ്യങ്ങള്‍ക്ക് നല്കിയ സഹായത്തെ അഭിനന്ദിച്ചുകൊണ്ടാണ് പാപ്പ ക്ഷണം നന്ദിപൂര്‍വ്വം സ്വീകരിച്ചത്.
2000 ജൂണ്‍ 26-ന് വാജ്‌പേയ് ആയിരുന്നു മുമ്പ് അവസാനമായി, വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി. എന്നാല്‍ വാജ്‌പേയിയുടെ ഇന്ത്യയില്‍നിന്നും മോദിയുടെ ഇന്ത്യയിലേക്കെത്തുമ്പോള്‍ അത് രണ്ടു ദശാബ്ദങ്ങളുടെ അകലം മാത്രമല്ല, രാഷ്ട്രീയ സാമൂഹ്യ കാരണങ്ങളാല്‍ വ്യത്യസ്തവും പലപ്പോഴും വൈരുദ്ധ്യാത്മകവുമാണ് എന്നതാണ് വാസ്തവം.
ഭാരതത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ പ്രതിസന്ധിയിലാക്കുംവിധം മതസ്പര്‍ദ്ധയും വര്‍ഗ്ഗീയ വിദ്വേഷ ധ്രൂവീകരണവും മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായ ഒരു കാലത്തേക്കും രാജ്യത്തേക്കുമാണ് മാര്‍പാപ്പയുടെ സന്ദര്‍ശനോദ്യമം എന്നത് മറക്കരുത്. മതപരമായ അടയാളങ്ങള്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ക്കുള്ള അടിസ്ഥാന യോഗ്യതയാക്കിയതുള്‍പ്പെടെയുള്ള വിവേചനത്തിന്റെയും വിഭാഗീയതയുടെയും മണ്ണിലേക്കാണ് സൗഹാര്‍ദ്ദത്തെ സാര്‍വ്വത്രിക സന്ദേശമായി സമര്‍പ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പ എത്താനൊരുങ്ങുന്നതും.
ഫാ. സ്റ്റാന്‍സ്വാമിയെപ്പോലുള്ളവരുടെ കീഴാള വിമോചന പരിപാടികളെ അതിക്രൂരമായി അടിച്ചമര്‍ത്തുന്ന കുത്തക ചങ്ങാത്ത സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് മാര്‍പാപ്പ ഭാരതത്തിലെത്തുമ്പോള്‍ നീതിക്കുവേണ്ടിയുള്ള നിലവിളികളെ തന്റെതന്നെ ദൈവവിളിയായി തിരിച്ചറിഞ്ഞ സമാധാന ദൂതന്റെ സമഭാവനാസന്ദേശം, അനീതിയെ ഭരണരീതിയാക്കിയ ആധുനിക ഇന്ത്യയ്ക്ക് മനസ്സിലാകുമോ എന്നാണറിയേണ്ടത്.
മതസ്വാതന്ത്ര്യം ഭരണഘടനാ ബാധ്യതയായി തുടരുമ്പോഴും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും സാധിക്കാത്തക്കവിധം മതം മാറ്റ നിരോധന നിയമങ്ങളുടെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണങ്ങളനുവദിക്കുന്ന ‘മതേതര ഇന്ത്യയില്‍’, മാനവീകതയുടെ മഹിതാചാര്യന്‍ ഉയര്‍ത്തുന്ന സാഹോദര്യത്തിന്റെ സുവിശേഷ സന്ദേശം കഠിനമാകാനാണ് സര്‍വ്വസാധ്യതയും.
സന്ദര്‍ശനം തന്നെ സന്ദേശമാക്കുന്ന മാര്‍പാപ്പ, അതിന്റെ രാഷ്ട്രീയത്തെ കൃത്യമായി അടയാളപ്പെടുത്താറുണ്ട്. രാജ്യങ്ങളുടെ സന്ദര്‍ശന പട്ടികയില്‍ ആഗോള ചൂഷണ പരിപാടികളാല്‍ അവഗണിതമായ ദരിദ്രരാഷ്ട്രങ്ങളെയും ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ അരക്ഷിതരായ ജനതകളെയും അദ്ദേഹം ആദ്യം ഉള്‍പ്പെടുത്തുന്നത് അതുകൊണ്ടാണ്. പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം വലിയ ആഘോഷമാക്കാനൊരുങ്ങുന്നവര്‍, പാപ്പ ഉയര്‍ത്തുന്ന നീതിയുടെ സാഹോദര്യ സന്ദേശത്തെ ആര്‍ജ്ജവത്തോടെ അംഗീകരിക്കുമോ എന്നാണറിയേണ്ടത്.
മതപരമായ അടയാളങ്ങള്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ക്കുള്ള അടിസ്ഥാന യോഗ്യതയാക്കിയതുള്‍പ്പെടെയുള്ള വിവേചനത്തിന്റെയും വിഭാഗീയതയുടെയും മണ്ണിലേക്കാണ് സൗഹാര്‍ദ്ദത്തെ സാര്‍വ്വത്രിക സന്ദേശമായി സമര്‍പ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പ എത്താനൊരുങ്ങുന്നതും.
സന്ദര്‍ശനത്തിന്റെ സാമൂഹിക തലം അതിന്റെ സഹിഷ്ണുതാസന്ദേശം തന്നെയാണ്. പുതിയ ശത്രുക്കളെ തരാതരം സൃഷ്ടിച്ചെടുക്കുന്ന പുതിയ ഇന്ത്യ യില്‍ അത് പ്രസക്തവുമാണ്. മാര്‍പാപ്പ മോദിക്ക് ഉപഹാരമായി നല്കിയ ഒലിവിലയുടെ ചിത്രഫലകത്തില്‍ ഉള്ളടങ്ങിയിരിക്കുന്നതും അതു തന്നെയാണ്. ‘സ്വാര്‍ത്ഥതയില്‍നിന്നും സാഹോദര്യത്തിലേക്കുള്ള സദ്ഭാവനായാത്ര’യെ ക്കുറിക്കുന്നതാണ് ‘പുഷ്‌ക്കലമാകുന്ന മരുക്കാടിനെ’ക്കുറിച്ചുള്ള സ്വപ്നവും. ”ഓരോരുത്തരും അവനവനുവേണ്ടിയാണ് എന്ന ചിന്തയാണ് എല്ലാ മഹാമാരി കളെക്കാളും വലിയ ദുരന്തമെന്ന” (FT 36) ആകുലതയില്‍ നിന്നാണ് വാക്‌സിന്‍ വിതരണത്തിലെ ആഗോള അസമത്വം മാര്‍പാപ്പയെ സങ്കടപ്പെടുത്തുന്നതും. സംവാദത്തിന്റെ സൗഹാര്‍ദ്ദ പാതയിലേക്കുള്ള മടക്കം മാത്രമാണ് സഹിഷ്ണുതയുടെ അത്യന്തിക പാഠമെന്നാണ് മാര്‍പാപ്പ നിരന്തരം ആവര്‍ത്തിക്കുന്നത്. എന്നാല്‍, ഒരാള്‍ ഒറ്റയ്ക്കു പറയുന്ന ‘മന്‍കിബാത്ത്’ സംസ്‌കാരത്തില്‍ സംഭാഷ ണമില്ല; ഭാഷണമേയുള്ളൂ.
ഇന്ത്യയില്‍ ക്രൈസ്തവസാന്നിദ്ധ്യം നിര്‍ണ്ണായകമായി അടയാളപ്പെട്ടിട്ടില്ലെ ങ്കിലും, കേരളത്തില്‍ അതിന്റെ രാഷ്ട്രീയ, സാമൂഹിക തലങ്ങളിലെ സ്വാധീനം സുവ്യക്തമാണ്. ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇവിടെ കത്തോലിക്കാ സഭയുടെ ആവേശവും ആഹ്‌ളാദവും വാനോളമാണ്. ആഗോളമെത്രാന്‍ സിനഡൊരുക്കത്തിന്റെ പശ്ചാത്തലം ഈ സന്ദര്‍ശനത്തിന്റെ സ്വാഭാവിക പരിസരമാകയാല്‍ അതുയര്‍ത്തുന്ന സിനഡാലിറ്റിയുടെ സുവിശേഷ സന്ദേശം കത്തോലിക്കാ സഭയ്ക്ക് അകത്തും പുറത്തും കൂട്ടായ്മയ്ക്കായുള്ള പുതിയ വെല്ലുവിളിയായി പരിണമിക്കേണ്ടതാണ്. അതു തന്നെയാണ് ഈ സന്ദര്‍ശനത്തിന്റെ ആത്മീയമാനവും.
പാപ്പ-മോദി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത് എന്ത് എന്നതിനേക്കാളേറെ, പാപ്പയുടെ സന്ദര്‍ശന പശ്ചാത്തലത്തില്‍ ഇനി മുതല്‍ ഇന്ത്യ ചര്‍ച്ചയ്‌ക്കെടുക്കുന്ന കാര്യങ്ങളെന്ത് എന്നതിന്മേല്‍ ചര്‍ച്ചയുണ്ടാകണം. ലോകാരാധ്യനായ സമാധാനദൂതന്റെ സൗഹാര്‍ദ്ദ സന്ദേശ സ്വീകരണത്തിന് ഭാരതം ഇപ്പോള്‍ പാകമാണോ എന്നത് ചര്‍ച്ചയാക്കണം. ഒപ്പം സഭ ബിജെപിയോടടുക്കുന്നുവെന്ന പുതിയ ‘ബന്ധുത’യുടെ പ്രചാരണ പ്രഖ്യാപനമായി ആ സന്ദര്‍ശനത്തെ ചെറുതാക്കുകയുമരുത്. അതിന്റെ രാഷ്ട്രീയസന്ദേശമല്ല, സന്ദര്‍ശനത്തിന്റെ രാഷ്ട്രീയത്തെ സ്വീകരിക്കണം; സഭയും സമൂഹവും.
സഭ ബിജെപിയോടടുക്കുന്നുവെന്ന പുതിയ ‘ബന്ധുത’യുടെ പ്രചാരണ പ്രഖ്യാപനമായി ആ സന്ദര്‍ശനത്തെ ചെറുതാക്കുകയുമരുത്. അതിന്റെ രാഷ്ട്രീയസന്ദേശമല്ല, സന്ദര്‍ശനത്തിന്റെ രാഷ്ട്രീയത്തെ സ്വീകരിക്കണം; സഭയും സമൂഹവും.