വിശുദ്ധ വിന്‍സെന്റ് ഫെറര്‍ (1350-1419) : ഏപ്രില്‍ 5

വിശുദ്ധ വിന്‍സെന്റ് ഫെറര്‍ (1350-1419) : ഏപ്രില്‍ 5
വിന്‍സെന്റിന്റെ ജീവിതം സമ്പൂര്‍ണ്ണമായും ദൈവത്തിനുവേണ്ടിയുള്ള ഒരു ബലിയായിരുന്നു. അദ്ദേഹം വളരെ കുറച്ചു സമയമേ ഉറങ്ങിയിരുന്നുള്ളൂ. ഏറെ സമയവും പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. കഠിനമായ ഉപവാസം അനുഷ്ഠിച്ചിരുന്നു. 1419 ഏപ്രില്‍ 5-ന് ദൈവം നിത്യസമ്മാനത്തിനായി വിന്‍സെന്റിനെ വിളിച്ചു.

പ്രഭുകുടുംബത്തില്‍ ജനിച്ച വില്യം ഫെററിന്റെയും കോണ്‍സ്റ്റാന്‍ സിയ മിഗുവെലിന്റെയും മകനായി 1350 ജനുവരി 23-ന് വാലെന്‍സിയായില്‍ വിന്‍സെന്റ് ജനിച്ചു. വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. 14-ാമത്തെ വയസ്സില്‍ തത്ത്വശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ വിന്‍സെന്റ് 1367-ല്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. പിന്നീടുണ്ടായ വളര്‍ച്ചയും പ്രസിദ്ധിയും അസൂയാവഹമായിരുന്നു. 1384-ല്‍ കത്തീഡ്രല്‍ സ്‌കൂളില്‍ പ്രൊഫസറായി. 1391-ല്‍ ആരഗണ്‍ രാജാവ് ജോണ്‍ ഒന്നാമന്റെ ഉപദേശകനും രാജ്ഞിയുടെ ആദ്ധ്യാത്മിക ഗുരുവുമായി.

നാലുവര്‍ഷത്തിനുശേഷം കര്‍ദ്ദിനാള്‍ പിയെഡ്രോ ദെ ലൂണ, പോപ്പ് ബനഡിക്ട് XIII ആയി സ്ഥാനാരോഹണം ചെയ്തപ്പോള്‍ വിന്‍സെന്റിനെ തന്റെ ആദ്ധ്യാത്മിക ഉപദേഷ്ടാവാക്കി. 1399-ല്‍ പോപ്പിന്റെയും സഭയുടെയും നാമത്തില്‍ വിശ്വാസികളെ ഉപദേശിക്കുവാനും ദൈവരാജ്യത്തിനായി ഒരുക്കാനുമുള്ള സര്‍വ്വ അധികാരവും അദ്ദേഹത്തിനു നല്‍കി. ശേഷിച്ച 20 വര്‍ഷക്കാലം വിന്‍സെന്റ് തന്റെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിറവേറ്റി.

ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട്, ഇറ്റലി, സ്‌പെയിന്‍, ജര്‍മ്മനി, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അദ്ദേഹം അനേകം പ്രാവശ്യം നടന്നു സഞ്ചരിച്ചുകൊണ്ട് ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു. വളരെ ശ്രദ്ധിച്ച് തയ്യാറാക്കിയ പ്രഭാഷണങ്ങള്‍ ശ്രവിക്കുവാന്‍ ജനങ്ങള്‍ തടിച്ചുകൂടി. പലപ്പോഴും പള്ളികളില്‍ അവരെ ഉള്‍ക്കൊള്ളാനാവാതെ വന്നപ്പോള്‍ പുറത്ത് തുറന്ന സ്ഥലങ്ങളില്‍ വച്ചാണ് പ്രഭാഷണങ്ങള്‍ നടത്തിയിരുന്നത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന രാജ്യങ്ങളിലെല്ലാം ശ്രോതാക്കളുടെ ഹൃദയം കവരാനും മനഃസാക്ഷിയെ തട്ടിയുണര്‍ത്താനും സാധിച്ചതില്‍നിന്ന് അദ്ദേഹത്തിന്റെ വാക്കുകളുടെ ശക്തി നമുക്ക് ഊഹിക്കാം. പൊട്ടിക്കരയുന്ന ശ്രോതാക്കള്‍ക്കുവേണ്ടി ഇടയ് ക്കിടെ പ്രസംഗം നിറുത്തേണ്ടിവന്നിട്ടുണ്ടത്രെ! ആയിരങ്ങള്‍ മാനസാന്തരപ്പെട്ടു. സ്‌പെയിനില്‍ത്തന്നെ 25000 യൂദന്മാരും 8000 മൂര്‍വിഭാഗക്കാരും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ഇറ്റലിയിലും ഫ്രാന്‍സിലും എണ്ണമറ്റ ജനങ്ങള്‍ സഭയെ ആശ്ലേഷിച്ചു. അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം അത്ഭുതകരമായ രോഗശാന്തിയും മറ്റും സംഭവിച്ചുകൊണ്ടിരുന്നു. പതിനായിരക്കണക്കിനു ജനങ്ങളുടെ ഒരു പട തന്നെ നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്നു.

പ്രവചിക്കാനുള്ള അസാധാരണമായ കഴിവും വിന്‍സെന്റിനുണ്ടായിരുന്നു. ഇറ്റലിയിലെ അലെസാണ്ഡ്രിയ എന്ന സ്ഥലത്തുവച്ച്, പിന്നീട് ഇറ്റലിയെ സുവിശേഷവല്‍ക്കരിക്കാനിരുന്ന യുവാവിനെ അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് തിരിച്ചറിഞ്ഞു. സിയെന്നായിലെ വി. ബര്‍ണര്‍ദീന്‍ ആയിരുന്നു പിന്നീടു പ്രസിദ്ധനായിത്തീര്‍ന്ന ആ വ്യക്തി. സ്‌പെയിനില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനത്തിനു തെളിവാണ്, അവിടത്തെ കിരീടാവകാശിയെ തിരഞ്ഞെടുക്കാനുള്ള സമിതിയിലെ ഒരംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നത്. ഫെര്‍ഡിനാന്റ് കാസ്റ്റിലിനെ തിരഞ്ഞെടുത്തതിലെ മുഖ്യസ്വാധീനം വിന്‍സെന്റിന്റേതായിരുന്നു.

അക്കാലത്ത് സഭയില്‍ ശക്തമായിക്കൊണ്ടിരുന്ന പാഷണ്ഡതകള്‍ വിന്‍സെന്റിനെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും, 36 വര്‍ഷം നീണ്ടുനിന്ന ഒരു വലിയ പ്രതിസന്ധിയില്‍നിന്നു സഭയെ രക്ഷിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും വിന്‍സെന്റിനുള്ളതാണ്. അതായത് ഇറ്റലിയില്‍ താമസിച്ചിരുന്ന ബനഡിക്ട് പതിമൂന്നാമന്‍ എന്ന 'ആന്റി പോപ്പി'നെ രാജിവയ്പിക്കാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാലസുഹൃത്തായ വിന്‍സെന്റ് രംഗത്തിറങ്ങി. ഫ്രാന്‍സില്‍ അവിഗ്നണില്‍ താമസിച്ചിരുന്ന ക്ലെമന്റ് ഏഴാമനെ അംഗീകരിപ്പിക്കുകയായിരുന്നു വിന്‍സെന്റിന്റെ ദൗത്യം. വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍, ബനഡിക്ടുതന്നെ അധ്യക്ഷപദം വഹിച്ചിരുന്ന ഒരു അസംബ്ലിയില്‍, രോഗിയും ക്ഷീണിതനുമായിരുന്നിട്ടും, തനിക്കു പൗരോഹിത്യം നല്‍കിയ ബനഡിക്ടിനെതിരെ ആഞ്ഞടിച്ചു. ഇളകിമറിഞ്ഞ വിശ്വാസികളെ ഭയന്ന് ബനഡിക്ട് രാജിവച്ച് നാടുവിടേണ്ടിവന്നു.

വിന്‍സെന്റിന്റെ ജീവിതം സമ്പൂര്‍ണ്ണമായും ദൈവത്തിനുവേണ്ടിയുള്ള ഒരു ബലിയായിരുന്നു. അദ്ദേഹം വളരെ കുറച്ചു സമയമേ ഉറങ്ങിയിരുന്നുള്ളൂ. ഏറെ സമയവും പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. കഠിനമായ ഉപവാസം അനുഷ്ഠിച്ചിരുന്നു. 1419 ഏപ്രില്‍ 5-ന് ദൈവം നിത്യസമ്മാനത്തിനായി വിന്‍സെന്റിനെ വിളിച്ചു. അന്നദ്ദേഹം ബ്രിട്ടനില്‍ സുവിശേഷവേല ചെയ്യുകയായിരുന്നു. 1455 ജൂണ്‍ 29-ന് പോപ്പ് കലിസ്റ്റസ് മൂന്നാമന്‍ വിന്‍സെന്റിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org