വിശുദ്ധ ജോന്‍ ഓഫ് ആര്‍ക്ക് (1412-1431) : മെയ് 30

വിശുദ്ധ ജോന്‍ ഓഫ് ആര്‍ക്ക് (1412-1431) : മെയ് 30

''ഓര്‍ലിയന്‍സിലെ ധീരവനിത''യും ഫ്രാന്‍സിന്റെ വിമോചകയുമായ ജോന്‍ ഓഫ് ആര്‍ക്ക് ഫ്രാന്‍സിലെ ലൊറെയിനില് ഡോംറെമി എന്ന ഗ്രാമത്തില്‍ 1412 ജനുവരി 6-ന് ജനിച്ചു. ഒരു സാധു കര്‍ഷക കുടുംബത്തിലെ അഞ്ചാമത്തെ സന്തതിയായിരുന്നു ജോന്‍. കാലികളെ മേയിച്ചും കൃഷിയില്‍ സഹായിച്ചും അവള്‍ വളര്‍ന്നു. സ്‌കൂളില്‍ പോകാനോ എഴുത്തും വായനയും പഠിക്കാനോ സാഹചര്യമുണ്ടായിരുന്നില്ല.

പതിമൂന്നാം വയസ്സുമുതല്‍ ദൈവികമായ വെളിപാടുകള്‍ അവള്‍ക്കു ലഭിച്ചുകൊണ്ടിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം വിശുദ്ധരായ മൈക്കിള്‍, മാര്‍ഗരറ്റ്. കാതറൈന്‍ എന്നിവരുടെ വെളിപാടുകള്‍ തനിക്കു നിരന്തരം ലഭിക്കുന്നുണ്ടെന്നും, ഫ്രാന്‍സില്‍നിന്ന് ഇംഗ്ലീഷുകാരെ തുരത്താന്‍ ഫ്രഞ്ചുസൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അവര്‍ തന്നോടാവശ്യപ്പെടുന്നുണ്ടെന്നും ജോന്‍ വെളിപ്പെടുത്തി. ഫ്രഞ്ചുസൈന്യത്തിന്റെ സമ്പൂര്‍ണ്ണ പരാജയം ഉറപ്പായ സമയത്താണ് '' ദൈവമാണ് ഇതാവശ്യപ്പെടുന്നത്'' എന്നറിയിച്ചുകൊണ്ട് ജോന്‍ രംഗത്തുവന്നത്.

അങ്ങനെ 1429-ല്‍ ഫ്രഞ്ചു സൈന്യാധിപനെ സന്ദര്‍ശിച്ച് ജോന്‍ തന്റെ ജീവിതദൗത്യം അറിയിച്ചു. ആദ്യം അദ്ദേഹം വിശ്വസിച്ചില്ലെങ്കിലും പിന്നീട് സൈനികവേഷത്തില്‍ ജോനിനെ ചാള്‍സ് ഏഴാമന്‍ ചക്രവര്‍ത്തിയുടെ മുമ്പില്‍ ഹാജരാക്കി. ഫ്രാന്‍സിനെ രക്ഷിക്കാന്‍ ദൈവം തന്നെ അയച്ചിരിക്കുകയാണെന്ന് ചക്രവര്‍ത്തിയെ വിശ്വസിപ്പിക്കാന്‍ ജോനിനു സാധിച്ചു. തനിക്കും ദൈവത്തിനും മാത്രമേ അറിയാവൂ എന്ന് ചക്രവര്‍ത്തി വിശ്വസിച്ചിരുന്ന ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് ജോന്‍ ഇതു സാധിച്ചത്. കൂടാതെ, അന്നത്തെ സഭാപണ്ഡിതരായ ബിഷപ്പുമാരുടെയും വേദപാരംഗതരുടെയും കൂലങ്കഷമായ അന്വേഷണവും ജോനിന്റെ ''വെളിപാടുകളെ''പ്പറ്റി നടന്നു.

അങ്ങനെ, ഇംഗ്ലീഷുകാരുടെ അധീനത്തിലായിക്കൊണ്ടിരുന്ന ഓര്‍ലിയന്‍സിനെ രക്ഷിക്കാന്‍ ഒരു സംഘം ഫ്രഞ്ചു സൈനികരുടെ നേതൃത്വം ജോന്‍ ഏറ്റെടുത്തു. പരുക്കേറ്റിട്ടും പിന്മാറാതെ പൊരുതിയ ജോനിന്റെ പോരാട്ടവീര്യത്തില്‍ നിന്ന് കരുത്തുനേടിയ ഫ്രഞ്ചുസൈന്യം ഇംഗ്ലീഷുകാരെ ഓര്‍ലിയന്‍സ് നഗരത്തില്‍നിന്നു പായിച്ചു. ഈ ജയത്തോടെ ജോന്‍ ഓര്‍ലിയന്‍സിന്റെ രക്ഷകയായി. തുടര്‍ന്ന്, ഏതാനും പോരാട്ടങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ജോനിന്റെ സേന ഇംഗ്ലീഷുസൈന്യത്തെ ലോയ്ര്‍ താഴ്‌വരയില്‍നിന്നു പൂര്‍ണ്ണമായി തുരത്തി. 1429-ല്‍ ചാള്‍സ് ഏഴാമന്‍ ചക്രവര്‍ത്തിയെ റൈമില്‍ കൊണ്ടുവന്ന് കത്തീഡ്രലില്‍വച്ച് ജോന്‍ കിരീട ധാരണം നടത്തി. അങ്ങനെ ചക്രവര്‍ത്തി സ്ഥാനമാനങ്ങള്‍ നല്‍കി ജോനിനെ ആദരിച്ചു.

ഇംഗ്ലീഷുകാരുമായും അവരുമായി സഖ്യത്തിലായിരുന്ന ബര്‍ഗണ്ടിയുമായും ചര്‍ച്ച നടത്താനാണ് ചാള്‍സ് രാജാവ് തീരുമാനിച്ചത്. എന്നാല്‍, ഫ്രാന്‍സ് മുഴുവന്‍ ഫ്രഞ്ചുകാര്‍ക്കു വേണമെന്നായിരുന്നു ജോനിന്റെ നിലപാട്. അതുകൊണ്ട് യുദ്ധം തുടര്‍ന്നു. 1430-ല്‍ കോംപിയേനിലെ യുദ്ധത്തി നിടെ ബര്‍ഗണ്ടികള്‍ ജോനിനെ തടവുകാരിയാക്കി. പിന്നീട് പതിനായിരം പൗണ്ടിന് അവര്‍ ജോനിനെ ഇംഗ്ലീഷുകാര്‍ക്കു വിറ്റു. ഇംഗ്ലീഷുകാര്‍ ജോനിനെ റൂവന്‍ നഗരത്തില്‍ കൊണ്ടുപോയി തടവിലിട്ടു.

ദൈവനിഷേധവും ദുര്‍മന്ത്രവാദവും ആരോപിച്ച് ഇംഗ്ലീഷുകാര്‍ ജോനിനെ വിചാരണയ്ക്കു വിധേയയാക്കി. ദൈവവെളിപാടുണ്ടായി എന്നത് ജോന്‍ നിഷേധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആണുങ്ങളുടെ പടച്ചട്ട അണിയുന്നത് സഭയുടെ നിയമത്തിനു വിരുദ്ധമാണെന്നും അതിനാല്‍ അതുപേക്ഷിക്കണമെന്നുമായിരുന്നു മറ്റൊരാവശ്യം. ജോന്‍ ഇതെല്ലാം നിരസിച്ചു.

എന്നാല്‍, ജോനിനെ രക്ഷിക്കാന്‍ ചാള്‍സ് രാജാവ് ഒന്നും ചെയ്തില്ല. തന്റെ കുറ്റങ്ങള്‍ ഏറ്റുപറയുന്ന പ്രസ്താവനയില്‍ ഒപ്പുവയ്ക്കാനും സ്ത്രീകളുടെ വസ്ത്രം ധരിക്കാനും കോടതി അവളെ നിര്‍ബന്ധിച്ചു. പ്രസ്താവനയില്‍ ഒപ്പുവച്ചശേഷം ദൈവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കാനും കുമ്പസാരിക്കാനും അവസരം നല്കാമെന്ന് ഇംഗ്ലീഷുകാര്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അവര്‍ ജോനിനെ ചതിച്ചു. ഇതില്‍ പ്രതിഷേധിച്ച് ജോണ്‍ വീണ്ടും പടചട്ടയണിഞ്ഞു. ഈ അനുസരണക്കേടിന് ഇംഗ്ലീഷുകാര്‍ ഉടനെതന്നെ ജോനിനു മരണശിക്ഷ വിധിച്ചു. 1431 മെയ് 30-ന് റൂവന്‍ നഗരത്തിലെ ചന്തസ്ഥലത്ത് അവര്‍ ജോനിനെ ജീവനോടെ ചുട്ടുകൊന്നു. അന്നു ജോനിന് പ്രായം പത്തൊന്‍പതു വയസ്സായിരുന്നു.

ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം 1456-ല്‍ ജോന്‍ കുറ്റക്കാരിയെല്ലന്ന പോപ്പ് കാലിസ്റ്റസ് മൂന്നാമന്‍ വധിച്ചു. ജോനിന് എതിരായ വിധിയെ അദ്ദേഹം അപലപിക്കുകയും ചെയ്തു. 1920 മേയ് 16-ന് പോപ്പ് ബനഡിക്ട് പതിനഞ്ചാമന്‍ ജോന്‍ ഓഫ് ആര്‍ക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രാന്‍സിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയാണ് വി. ജോന്‍ ഓഫ് ആര്‍ക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org