
സാക്‌സണിയില്‍ 1256 ജനുവരി 6 നാണ് ജര്‍ത്രൂദ് ജനിച്ചത്. ഒരു കുലീന കുടുംബത്തില്‍ ജനിച്ച അവളെ അഞ്ചു വയസ്സുള്ളപ്പോള്‍ ഹെല്‍ഫായിലെ ബനഡിക്‌ടൈന്‍ ആശ്രമത്തിന്റെ സംരക്ഷണയില്‍ വളരാന്‍ അനുവദിച്ചു. ജര്‍ത്രൂദ് ഹാക്ക്‌ബോണ്‍ എന്ന വിശുദ്ധയായിരുന്നു അന്ന് ആശ്രമത്തിന്റെ അധിപ. അവരുടെ മകള്‍ വിശുദ്ധയായിത്തീര്‍ന്ന വി. മെക്റ്റില്‍ഡിന്റെ സംരക്ഷണയിലാണ് ജര്‍ത്രൂദ് വളര്‍ന്നത്. ആശ്രമത്തിന്റെ പ്രശാന്തമായ അന്തരീക്ഷത്തില്‍ വളര്‍ന്ന ബുദ്ധിമതിയായ ജെര്‍ത്രൂദ് സുന്ദരകലകളില്‍ അതിവേഗം പുരോഗമിച്ചു. 26-ാമത്തെ വയസ്സിലാണ് അവള്‍ക്ക് ആദ്യത്തെ അസാധാരണമായ ദര്‍ശനമുണ്ടാകുന്നത്. പിന്നീടുള്ള ഇരുപതുവര്‍ഷവും, മരണംവരെ, ദര്‍ശനങ്ങളുടെയും വെളിപാടുകളുടെയും ഒരു പരമ്പര തന്നെ ജര്‍ത്രൂദിന് ഉണ്ടായി. അവയുടെ വെളിച്ചത്തിലാണ് അവര്‍ തന്റെ പിന്നീടുള്ള പഠനങ്ങള്‍ ക്രമീകരിച്ചത്. അങ്ങനെ വിശുദ്ധ ഗ്രന്ഥവും ദൈവശാസ്ത്രഗ്രന്ഥങ്ങളുമെല്ലാം തന്റെ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ധ്യാനിച്ച് പഠിക്കുകയും പകര്‍ത്തുകയും പരിഭാഷപ്പെടുത്തുകയും ചെയ്തു.
ജര്‍ത്രൂദിന്റെ രചനകളില്‍ വളരെ കുറച്ചുമാത്രമേ അവശേഷിച്ചിട്ടുള്ളൂ. ''ദിവ്യസ്‌നേഹ പ്രഘോഷകന്‍'' അവരുടെ ആത്മകഥയാണ്; കര്‍ത്താ വിന്റെ നിര്‍ദ്ദേശപ്രകാരം രചിച്ചതാണത്രെ. ''ആദ്ധ്യാത്മികാഭ്യാസങ്ങള്‍'' സഹോദരിമാരുടെ ഉപയോഗത്തിനായി രചിച്ചതുമാണ്. ''പ്രത്യേക കൃപാവരത്തിന്റെ ഗ്രന്ഥം'' വി. മെക്റ്റില്‍ഡിന്റെ ജീവചരിത്രമാണ്.
ജര്‍ത്രൂദിന്റെ ആദ്ധ്യാത്മിക ജീവിതം ദൈവവുമായുള്ള ശക്തമായ ഐക്യത്തില്‍ അധിഷ്ഠിതമായിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളായിരുന്നു.
വൈവാഹികബന്ധത്തിലേതുപോലുള്ള ഒരുതരം ആദ്ധ്യാത്മികത യായിരുന്നു ജര്‍ത്രൂദിന്റേത്. ക്രിസ്തുവിന്റെ മണവാട്ടിയായി ആത്മാര്‍ത്ഥമായി സമര്‍പ്പിച്ചുകൊണ്ട്, അതേ ചിന്തയില്‍, അതേ സംതൃപ്തിയില്‍, അവനുവേണ്ടി മാത്രം ജീവിക്കുക. ക്രിസ്തുവുമായുള്ള ആഴമായ വ്യക്തിബന്ധത്തില്‍ അധിഷ്ഠിതമായിരുന്നു അവരുടെ ആദ്ധ്യാത്മിക ജീവിതം. അങ്ങനെ ഈശോയുടെ തിരുഹൃദയത്തിന്റെയും ത്രിത്വത്തിന്റെയും ആഴമായ അനുഭവത്തില്‍ മുഴുകുക. ആരാധനക്രമങ്ങള്‍ അവര്‍ക്ക് വെറും ചടങ്ങായിരുന്നില്ല; തന്റെ പ്രാര്‍ത്ഥനാജീവിതത്തിന്റെ താളമായിരുന്നു. ലിറ്റര്‍ജിയും വിശുദ്ധ ഗ്രന്ഥവുമെല്ലാം ക്രിസ്തുവുമായുള്ള അലൗകിക ബന്ധത്തിന്റെ, രഹസ്യാത്മക യോഗത്തിന്റെ അവിഭാജ്യഘടകമായിത്തീര്‍ ന്നിരുന്നു.
സഹനങ്ങളെപ്പറ്റി കര്‍ത്താവ് അവര്‍ക്ക് ഒരിക്കല്‍ വെളിപ്പെടുത്തിക്കൊടുത്തു: ''ശരീരത്തിന്റെയും ആത്മാവിന്റെയും സഹനങ്ങള്‍, ദൈവവും ആത്മാവും തമ്മിലുള്ള ആദ്ധ്യാത്മിക ഐക്യത്തിന്റെ അടയാളമാണ്.'' ''നിനക്ക് ആനന്ദം നല്‍കുന്ന നിന്റെ ഭക്തിയുടെ മാധുര്യത്തേക്കാള്‍ എനിക്കിഷ്ടം, സഹനനേരങ്ങളിലുള്ള നിന്റെ ശുദ്ധ നിയോഗങ്ങളാണ്.'' ''ഭേദമാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, എന്നോടുള്ള സ്‌നേഹത്തെപ്രതി വേദന സഹിക്കുന്നവന്‍ മഹത്ത്വത്തിന്റെ കിരീടം അണിയും.''
1301 നവംബര്‍ 17-ന് ജര്‍ത്രൂദ് മരണമടഞ്ഞു. സ്‌പെയിനിന്റെ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വി. ജര്‍ത്രൂദിനെ വെസ്റ്റിന്‍ഡീസിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായി പ്രഖ്യാപിച്ചു.