വിശുദ്ധ ഇറനേവൂസ് (130-200) : ജൂണ്‍ 28

വിശുദ്ധ ഇറനേവൂസ് (130-200) : ജൂണ്‍ 28
'കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെ പിതാവ്' എന്നാണ് വി. ഇറനേവൂസ് അറിയപ്പെടുന്നത്. ഏഷ്യാമൈനറില്‍ (ടര്‍ക്കി) ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. സ്മിര്‍ണായിലെ ബിഷപ്പും സുവിശേഷകനായ വി. യോഹന്നാന്‍ ശ്ലീഹായുടെ ശിഷ്യനുമായിരുന്ന വി. പൊളിക്കാര്‍പ്പിനെ യുവാവായ ഇറനേവൂസ് കണ്ടുമുട്ടുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. പൗരോഹിത്യം സ്വീകരിച്ച ഇറനേവൂസ്, അന്ന് ഗോളിലെ മുഖ്യനഗരമായിരുന്ന ലിയോണ്‍സില്‍ ബിഷപ്പായിരുന്ന വി. പൊത്തീനൂസിനെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടു.

177-ല്‍ മാര്‍ക്കസ് അവുറേലിയസ് ചക്രവര്‍ത്തിയായി. അദ്ദേഹം ലിയോണ്‍സില്‍ കിരാതമായ മതപീഡനം ആരംഭിച്ചു. അനേകം വൈദികര്‍ തടവിലാക്കപ്പെട്ടു. സ്വതന്ത്രനായിരുന്ന യുവവൈദികന്‍ ഇറനേവൂസിനെ അവര്‍ ഒരു ദൗത്യം ഏല്പിച്ചു. അന്നു പ്രചരിച്ചുകൊണ്ടിരുന്ന മൊണ്ടാണിസ്റ്റ് പാഷണ്ഡതയെപ്പറ്റി പോപ്പ് വി. എലുത്തേറിയസിനെ അറിയിക്കുക. ലോകം അവസാനിക്കാന്‍ പോകുന്നു; അതിനാല്‍ കര്‍ശനമായ ഉപവാസം അനുഷ്ഠിക്കുക; വിവാഹം പാടില്ല; പുനര്‍വിവാഹവും മുടക്കിയിരിക്കുന്നു; വൈദികരുടെ ജോലി പുതിയ കരിസ്മാറ്റിക് ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നു. റോമില്‍നിന്ന് ഇറനേവൂസ് തിരിച്ചെത്തിയപ്പോള്‍ പൊത്തീനൂസ് മെത്രാനും അനേകം വൈദികരും തടവിലായിരുന്നു. ഇറനേവൂസ് ആ ഭീകരാന്തരീക്ഷത്തില്‍ ധീരമായി മെത്രാന്‍ പദവി ഏറ്റെടുത്തു.

ലിയോണ്‍സില്‍ (ഫ്രാന്‍സ്) ഇരുപത്തിനാലുവര്‍ഷം ബിഷപ്പായിരുന്നു ഇറനേവൂസ്. അനേകംപേരെ മാനസാന്തരപ്പെടുത്തുകയും ഗോളില്‍ സഭയുടെ അടിത്തറ ഉറപ്പാക്കുകയും ചെയ്തു. എന്നാല്‍, അനേകം ശ്രദ്ധേയമായ കൃതികളുടെ പേരിലാണ് ഇറനേവൂസ് ഇന്ന് അറിയപ്പെടുന്നത്. ബൈബിള്‍ ഗഹനമായി പഠിച്ച അദ്ദേഹം ഗ്രീക്ക്, പൗരസ്ത്യ തത്ത്വചിന്ത കളെല്ലാം ആധികാരികമായി വിലയിരുത്തി. അന്നു നിലവിലിരുന്ന തെറ്റായ ചിന്തകളെപ്പറ്റി ഗഹനമായി പഠിച്ച് ബൈബിളിന്റെ വെളിച്ചത്തില്‍ വിമര്‍ശനക്കുറിപ്പുകള്‍ തയ്യാറാക്കി. അങ്ങനെയാണ് ''പാഷണ്ഡതകള്‍ക്കെതിരെ'' എന്ന അനശ്വരമായ കൃതി രൂപംകൊണ്ടത്. മാതൃഭാഷയായ ഗ്രീക്കില്‍ രചിച്ച ഈ കൃതിയുടെ ലത്തീന്‍ വിവര്‍ത്തനമാണ് നമുക്കു ലഭിച്ചിരിക്കുന്നത്. സഭയുടെ അപ്പസ്‌തോലിക് പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് ഇറനേവൂസ് രചനകള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

ആദ്യത്തെ ക്രിസ്ത്യന്‍ വിശ്വാസപരിശീലകനായി അറിയപ്പെടുന്നതും ഇറനേവൂസാണ്. "Proof of the Apostolic Preaching'' എന്ന കൃതി സാധാരണ വിശ്വാസികള്‍ക്കുവേണ്ടി രചിക്കപ്പെട്ട വിശ്വാസസംഹിതകളാണ്. സംഭാഷണരൂപത്തില്‍ എഴുതപ്പെട്ട ഈ കൃതിയില്‍ ക്രിസ്തുവിനെ പുതിയ ആദമായും മാതാവിനെ പുതിയ ഹവ്വായായും അവതരിപ്പിച്ചിരിക്കുന്നു. വി. കുര്‍ബാന ഒരേസമയം കൂദാശയും യഥാര്‍ത്ഥ ബലിയുമാണ്. മരിച്ചവരെല്ലാം ഉയിര്‍ത്തെഴുന്നേല്ക്കും.

ഇറനേവൂസ് എന്ന വാക്കിന്റെ അര്‍ത്ഥം 'സമാധാനപ്രേമി' എന്നാണ്. 190-ല്‍ പോപ്പ് വിക്ടര്‍ ഒന്നാമനും പൗരസ്ത്യസഭകളും തമ്മില്‍ ഈസ്റ്റര്‍ ദിനത്തിന്റെ പേരിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം ഒത്തുതീര്‍ത്തത് ഇറനേവൂസിന്റെ സാന്നിദ്ധ്യത്തിലാണ്. സെവരൂസ് ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വി. ഇറനേവൂസ് രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് വി. ജറോം രേഖപ്പെടുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org