വിശുദ്ധ ജര്‍മ്മാനൂസ് (496-576) : മെയ് 28

വിശുദ്ധ ജര്‍മ്മാനൂസ് (496-576) : മെയ് 28
ദരിദ്രരെയും അവശരെയുംകൊണ്ട് എപ്പോഴും അദ്ദേഹത്തിന്റെ വീട് നിറഞ്ഞിരുന്നു. മിക്കപ്പോഴും ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തോടൊപ്പം അനേകം യാചകരും കാണും. ജനങ്ങളുടെ ഹൃദയത്തില്‍ തൊടാനുള്ള കഴിവ് ദൈവം അദ്ദേഹത്തിനു നല്‍കിയിരുന്നു.

ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ സഭയുടെ മകുടമായിരുന്നു വി. ജര്‍മ്മാനൂസ്. 496-ല്‍ ഫ്രാന്‍സില്‍ ഓട്ടണ്‍ എന്ന സ്ഥലത്താണ് ജനനം. 530-ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. വി. അഗ്രിപ്പിനൂസ് ആയിരുന്നു മുഖ്യകാര്‍മ്മികന്‍. അധികം വൈകാതെ ജര്‍മ്മാനൂസ് വി. സിംഫോറിയന്റെ ആശ്രമത്തിലെ ആബട്ടായി. വളരെ എളിയ ജീവിതം തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ അനേകം പാപികള്‍ മാനസാന്തരപ്പെട്ടു.

554-ല്‍ പാരീസിലെ ബിഷപ്പ് എവുസേബിയസ് മരണമടഞ്ഞപ്പോള്‍ ചൈല്‍ഡ്ബര്‍ട്ട് ഒന്നാമന്‍ രാജാവ് ജര്‍മ്മാനൂസിനെ ബിഷപ്പായി വാഴിച്ചു. എങ്കിലും അദ്ദേഹം തന്റെ എളിയ ജീവിതശൈലി തുടര്‍ന്നു. ദരിദ്രരെയും അവശരെയുംകൊണ്ട് എപ്പോഴും അദ്ദേഹത്തിന്റെ വീട് നിറഞ്ഞിരുന്നു. മിക്കപ്പോഴും ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തോടൊപ്പം അനേകം യാചകരും കാണും. ജനങ്ങളുടെ ഹൃദയത്തില്‍ തൊടാനുള്ള കഴിവ് ദൈവം അദ്ദേഹ ത്തിനു നല്‍കിയിരുന്നു. അങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറിപ്പോയി.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. രാജാവ് അസുഖം ബാധിച്ച് കിടപ്പാവുകയും ഡോക്ടര്‍മാര്‍ കൈവിടുകയും ചെയ്തപ്പോള്‍ വിശുദ്ധന്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ച് അത്ഭുതകരമായി രാജാവിനെ രക്ഷിച്ചു. അതോടെ ചൈല്‍ഡ്ബര്‍ട്ട് രാജാവിന് സമ്പൂര്‍ണ്ണ മാനസാന്തരമുണ്ടായി. രാജാവിന്റെ നേതൃത്വത്തില്‍ അനേകം മതപരമായ സ്ഥാപനങ്ങള്‍ക്കു തുടക്കം കുറിച്ചു. കൂടാതെ, ദരിദ്രരുടെ ഇടയില്‍ വിതരണം ചെയ്യാനായി ധാരാളം പണവും ബിഷപ്പിന് അയച്ചുകൊടുത്തു.

എണ്‍പതുവയസ്സുവരെ വി. ജര്‍മ്മാനൂസ് ഊര്‍ജ്ജസ്വലനായി ജോലിചെയ്തു. 576 മെയ് 28ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org