വി. വൈന്‍ബാള്‍ഡ് (702-761) ഡിസംബര്‍ 18

വി. വൈന്‍ബാള്‍ഡ് (702-761) ഡിസംബര്‍ 18

വി. വൈന്‍ ബാള്‍ഡും സഹോദരന്‍ വി. വില്ലി ബാള്‍ഡും സഹോദരി വി. വാല്‍ബുര്‍ഗ്ഗയും ഇംഗ്ലീഷുകാരനായ രാജാവ് വി. റിച്ചാര്‍ഡിന്റെ മക്കളായിരുന്നു. അവരുടെ അമ്മ, ജര്‍മ്മനിയുടെ അപ്പസ്‌തോലനായിരുന്ന വി. ബോനിഫസിന്റെ ബന്ധുവുമായിരുന്നു. ഇരുപതാമത്തെ വയസ്സില്‍ വൈന്‍ ബാള്‍ഡും വില്ലി ബാള്‍ഡും പിതാവിനോടൊപ്പം റോമിന് ഒരു തീര്‍ത്ഥയാത്ര പോയി. ലൂക്കായില്‍ വച്ച് പിതാവ് രോഗം ബാധിച്ചു മരിച്ചു. റോമില്‍ എത്തിച്ചേര്‍ന്ന വില്ലി ബാള്‍ഡ് അവിടെനിന്ന് വിശുദ്ധനാട്ടിലേക്ക് യാത്ര തുടര്‍ന്നു. വൈന്‍ ബാള്‍ഡ് റോമില്‍ താമസിച്ച് പഠനം തുടരുകയും ചെയ്തു.
ഏഴുവര്‍ഷത്തെ പഠനത്തിനുശേഷം ബനഡിക്‌ടൈന്‍ സന്ന്യാസിയായിത്തീര്‍ന്ന വൈന്‍ ബാള്‍ഡ് 739-ല്‍ വി. ബോനിഫസിന്റെ ക്ഷണപ്രകാരം ജര്‍മ്മനിയുടെ സുവിശേഷവല്‍ക്കരണത്തില്‍ സഹായിക്കാനായി ജര്‍മ്മനിയിലേക്കു പുറപ്പെട്ടു. തുറിങ്ക്യയിലെത്തിയ വൈന്‍ ബാള്‍ഡ് 740-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട് ഹെയ്ഡന്‍ഹീമിലെ ബനഡിക്‌ടൈന്‍ മൊണാസ്റ്ററിയുടെ ആബട്ടായി നിയമിതനാകുകയും ചെയ്തു. വൈന്‍ ബാള്‍ഡും സഹോദരി വാല്‍ബുര്‍ഗ്ഗയും കൂടി സ്ഥാപിച്ചതാണ് ആ മൊണാസ്റ്ററി. കന്യാസ്ത്രീകളുടെ അധിപയായി വാല്‍ബുര്‍ഗ്ഗ പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു.
വൈന്‍ ബാള്‍ഡിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. അനേകം അവസരങ്ങള്‍ അത്ഭുതകരമായി അദ്ദേഹം തരണം ചെയ്യുകയായിരുന്നു. എങ്കിലും, ചെറുപ്പം മുതല്‍ അനാരോഗ്യവാനായിരുന്ന അദ്ദേഹത്തെ അനേകം രോഗങ്ങള്‍ ശല്യം ചെയ്തുകൊണ്ടിരുന്നു. അങ്ങനെ പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ചാണ് അദ്ദേഹം മരണമടഞ്ഞത്. ഒരിക്കല്‍ ഫുള്‍ഡായിലുള്ള വി. ബോനിഫസിന്റെ കബറിടം സന്ദര്‍ശിച്ച്, സന്ന്യാസികള്‍ക്ക് ഹ്രസ്വമായ ഉപദേശവും നല്‍കി യാത്ര തിരിച്ച അദ്ദേഹം 761 ഡിസംബര്‍ 18-ന്, തന്റെ സഹോദരന്റെയും സഹോദരിയുടെയും സാന്നിദ്ധ്യത്തില്‍ മരണമടഞ്ഞു.

"വിശുദ്ധര്‍ ഒരിക്കലും പരാതിപ്പെടാറില്ല." – വി. ജോണ്‍ മരിയ വിയാനി

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org