വിശുദ്ധ വില്യം മോണ്ട് വെര്‍ജിന്‍ (1085-1142) : ജൂണ്‍ 25

വിശുദ്ധ വില്യം മോണ്ട് വെര്‍ജിന്‍ (1085-1142) : ജൂണ്‍ 25
ഇറ്റലിയിലെ പീഡ്മണ്ടില്‍ വെര്‍സെല്ലി എന്ന സ്ഥലത്തു സമ്പന്ന കുടുംബത്തിലാണ് വില്യം ജനിച്ചത്. പക്ഷേ, വില്യം കുട്ടിയായിരുന്നപ്പോള്‍ത്തന്നെ മാതാപിതാക്കള്‍ മരിച്ചു. 14-ാമത്തെ വയസ്സില്‍ തനിക്ക് ലഭിച്ച സ്വത്തുക്കളെല്ലാം വിറ്റ് ദരിദ്രര്‍ക്കു വീതം വച്ചു നല്‍കിയിട്ട് വില്യം തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. സ്‌പെയിനില്‍ കമ്പോസ്റ്റെലായിലുള്ള വി. ജയിംസിന്റെ കബറിടത്തിങ്കലേക്കാണ് ആദ്യം പോയത്. ആ ദൂരം മുഴുവന്‍ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു. അതുപോരാഞ്ഞ് കൂടുതല്‍ പീഡകള്‍ അനുഭവിക്കാനായി ഇരുമ്പുനാടകൊണ്ട് അദ്ദേഹം ശരീരം മുഴുവന്‍ വരിഞ്ഞു.

ഇറ്റലിയില്‍ തിരിച്ചെത്തിയ വില്യമിന് ഒരു വെളിപാടുണ്ടായി. സന്ന്യാസം സ്വീകരിച്ച് തെക്കന്‍ ഇറ്റലിയിലെ നോളായ്ക്കും ബെനവെന്റോയ്ക്കും ഇടയിലുള്ള മലനിരകളില്‍ ഏകാന്തവാസം അനുഷ്ഠിക്കുക എന്നായിരുന്നു വെളിപാട്. എന്നാല്‍, വില്യമിന്റെ വിശുദ്ധിയും അത്ഭുതപ്രവൃത്തികളും കണ്ട് അനേകം ആള്‍ക്കാര്‍ അദ്ദേഹത്തിനു ചുറ്റും കൂടി. അദ്ദേഹത്തോടൊപ്പം സന്ന്യാസജീവിതം നയിക്കാനായിരുന്നു അവരില്‍ പലര്‍ക്കും താല്പര്യം. അങ്ങനെ 1119-ല്‍ അവര്‍ക്കുവേണ്ടി വില്യം ഒരു ആശ്രമം സ്ഥാപിച്ചു. അവര്‍ പടുത്തുയര്‍ത്തിയ പള്ളി പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമത്തിലായിരുന്നു. അങ്ങനെ. വെര്‍ജിലിന്റെ ഓര്‍മ്മയ്ക്കായി നാമകരണം ചെയ്യപ്പെട്ട മോണ്ട് വെര്‍ജിലിയാനോ പിന്നീട് കന്യകാമേരിയുടെ നാമത്തിലുള്ള മോണ്ട് വെര്‍ജിന്‍ ആയി മാറി.

കുറെകഴിഞ്ഞ് വില്യമിന്റെ ആശ്രമത്തിലെ ഏതാനും സന്ന്യാസിക്ക് തങ്ങള്‍ അനുസരിച്ചുപോന്ന ബെനഡിക്‌ടൈന്‍ നിയമങ്ങള്‍ പലതും അല്പം കടുപ്പമേറിയതായി അനുഭവപ്പെടുകയും, സ്ഥാപകപിതാവ് തങ്ങള്‍ക്ക് അനുഭവിക്കാനുള്ള സ്വത്തുക്കള്‍ ആവശ്യത്തിലേറെ സാധുക്കള്‍ക്കു നല്‍കുന്നത് ശരിയല്ലെന്ന് പരാതിപ്പെടുകയും ചെയ്തു. വില്യം അധികം വൈകാതെ അവരെ വിട്ടുപോകുകയും നേപ്പിള്‍സ് രാജാവ് റോജര്‍ ഒന്നാമന്റെ സംരക്ഷണയില്‍, അനേകം സന്ന്യാസഭവനങ്ങളും മഠങ്ങളും പടുത്തുയര്‍ത്തുകയും ചെയ്തു. ഒന്ന്, രാജാവിന്റെ കൊട്ടാരത്തിനു സമീപം സലെര്‍നോയില്‍ ആയിരുന്നു. എപ്പോഴും വില്യമിന്റെ ഉപദേശം ലഭിക്കാനായി അദ്ദേഹം അകലെയെങ്ങും പോകാതിരിക്കാനായിരുന്നു രാജാവ് അങ്ങനെ സൗകര്യം നല്‍കിയത്. 1142 ജൂണ്‍ 25-ന് മരണത്തിനു കീഴടങ്ങുന്നതുവരെ വില്യമിന് തന്റെ വിശ്വാസം 'പടച്ചട്ട'യായിരുന്നു.

മോണ്ടെ വെര്‍ജിന്‍ സന്ന്യാസികള്‍ ഒരു സമയത്ത് ഇറ്റലിയിലെങ്ങും ചിതറിക്കഴിഞ്ഞിരുന്നു. എന്നാല്‍, പിന്നീട് മാര്‍പാപ്പ അവരെ കാസ്സിനീസു സന്ന്യാസസഭയോടു ചേര്‍ത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org