വിശുദ്ധ വിര്‍ജീലിയസ് (700-784) : നവംബര്‍ 27

വിശുദ്ധ വിര്‍ജീലിയസ് (700-784) : നവംബര്‍ 27

താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിനു വളരെ മുമ്പേ സഞ്ചരിച്ച ഒരു ശാസ്ത്രജ്ഞനായിരുന്നു വിര്‍ജീലിയസ്. അയര്‍ലണ്ടില്‍ ഡബ്ലിനു സമീപ മുള്ള ആഗാബോയിലെ ആബട്ടായിരുന്ന അദ്ദേഹത്തിന്റെ ജിയോഗ്രഫിയിലുള്ള അസാധാരണ പാണ്ഡിത്യംകൊണ്ട് "ജിയോമീറ്റര്‍" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 743-ല്‍ വിശുദ്ധ നാട്ടിലേക്ക് ഒരു തീര്‍ത്ഥാടനം നടത്താനായി അയര്‍ലണ്ടില്‍ നിന്നു പുറപ്പെട്ടു. പക്ഷേ, ചാള്‍മേനിന്റെ പിതാവായ പെപ്പിന്റെ കൊട്ടാരം വിട്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കാരണം, 745-ല്‍ ബവേറിയായുടെ ഡ്യൂക്ക് ഒഡിലോയെ പെപ്പിന്‍ പരാജയപ്പെടുത്തി. അതുകൊണ്ട് വി. പീറ്ററിന്റെ നാമത്തിലുള്ള മൊണാസ്റ്ററിയുടെ ആബട്ടും സാല്‍സ്ബര്‍ഗ്ഗിന്റെ ബിഷപ്പുമായി സ്ഥാനമേല്‍ ക്കാന്‍ അദ്ദേഹം വിര്‍ജീലിയസിനെ അങ്ങോട്ടയച്ചു.
ആ ഭൂഖണ്ഡത്തിലെ പാരമ്പര്യത്തിനു വിരുദ്ധമായി ആബട്ടാണ് രൂപതയുടെ പരമാധികാരിയെന്നും, ബിഷപ്പ് അദ്ദേഹത്തിനു വിധേയനായിരിക്കുമെന്നും അയര്‍ലണ്ടില്‍ ഡിക്രി പാസ്സാക്കി. അങ്ങനെ, 767 ജൂണ്‍ 15-ന് വിര്‍ജീലിയസ് സ്വയം ബിഷപ്പായി അഭിഷേകം ചെയ്തു.
നേരത്തെ, ജ്ഞാനസ്‌നാനം ചെയ്യുന്ന രീതിയെ സംബന്ധിച്ച് സാല്‍സ്ബര്‍ഗ്ഗില്‍ വച്ച് വി. ബൊനിഫസ്സുമായി കൊമ്പുകോര്‍ത്തിരുന്നു. ആ വിഷയത്തില്‍ പോപ്പ് വിര്‍ജീലിയസിന് അനുകൂലമായി വിധി പ്രസ്താവിച്ചു. എന്നാല്‍, അസ്‌ട്രോണമി, ജിയോഗ്രഫി, ആന്ത്രോപ്പോളജി എന്നീ വിഷയങ്ങളില്‍ വിര്‍ജീലിയസ് ഉന്നയിച്ച വാദമുഖങ്ങള്‍ക്ക് മറുപടി നല്‍കാന്‍, ആ വിഷയങ്ങളില്‍ പരിജ്ഞാനമില്ലാതിരുന്ന ബോനിഫസിനു കഴിഞ്ഞില്ല. അതുകൊണ്ട് പോപ്പ് സക്കറി അവയെപ്പറ്റി പഠിച്ച് മറുപടി നല്‍കാന്‍ വേറെ ആളുകളെ നിയോഗിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല; തത്കാലം വിര്‍ജീലിയസ് തന്റെ ആശയങ്ങളില്‍ ഉറച്ചുനിന്നു.
വിര്‍ജീലിയസിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ അല്‍പ്പൈന്‍ അടിമകളെ മാനസാന്തരപ്പെടുത്തിയതും; അന്നുവരെ ഒരു മിഷണറിയും കാലുകുത്താതിരുന്ന ഹങ്കറിയിലേക്കും സമീപപ്രദേശങ്ങളിലേക്കും മിഷണറിമാരെ അയച്ചതുമാണ്. തന്റെ രൂപതയില്‍ത്തന്നെയുള്ള വിദൂരസ്ഥമായ ഒരു പ്രദേശത്തു പോയി വചനപ്രഘോഷണം നടത്തിയിട്ടു തിരിച്ചുപോന്ന വിര്‍ജീലിയസ് പെട്ടെന്ന് രോഗബാധിതനാകുകയും 784 നവംബര്‍ 27-ന് മരണമടയുകയും ചെയ്തു.
വിര്‍ജീലിയസ് തന്നെ പണികഴിപ്പിച്ച് സാല്‍സ്ബര്‍ഗ്ഗിലെ വി. റുപ്പര്‍ട്ടിനു സമര്‍പ്പിച്ച സുന്ദരമായ കത്തീഡ്രല്‍ 1181-ല്‍ തകര്‍ക്കപ്പെട്ടപ്പോഴാണ് വിര്‍ജീലിയസിന്റെ ശവകുടീരം കണ്ടെത്തിയത്. പിന്നീട്, 1233-ല്‍ പോപ്പ് ഗ്രിഗരി IX അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ച് ഞങ്ങള്‍ നിങ്ങളെ അറിയിച്ചത് കൗശലപൂര്‍വ്വം തിരഞ്ഞെടുത്ത കല്‍പിത കഥകള്‍ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍ അവന്റെ ശക്തിപ്രാഭവത്തിന്റെ ദൃക്‌സാക്ഷികള്‍ ആയതുകൊണ്ടാണ്… സ്വര്‍ഗ്ഗത്തില്‍ നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു; എന്തെന്നാല്‍, ഞങ്ങളും അവന്റെ കൂടെ വിശുദ്ധ മലയില്‍ ഉണ്ടായിരുന്നു.
2 പത്രോസ് 1:16-18

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org