വിശുദ്ധ തോമസ് വില്ലനോവ (1486-1555) : സെപ്തംബര്‍ 22

വിശുദ്ധ തോമസ് വില്ലനോവ (1486-1555) : സെപ്തംബര്‍ 22
ശരിയായി ജീവിക്കേണ്ടതെങ്ങനെ എന്നുള്ള ശാസ്ത്രീയമായ അറിവാണ് ഏറ്റവും വലിയ ജ്ഞാനം. ഈ ജ്ഞാനം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളാണ് ഏറ്റവും വലിയ ജ്ഞാനി.
വിശുദ്ധ തോമസ് വില്ലനോവ

സ്‌പെയിനില്‍ ജനിച്ച തോമസ് 'പാവങ്ങളുടെ പിതാവ്' എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ പിതാവും, അദ്ധ്വാനിച്ചുണ്ടാക്കുന്ന തുകയില്‍ ആവശ്യം കഴിഞ്ഞുള്ളതെല്ലാം ദരിദ്രര്‍ക്കു വിതരണം ചെയ്തിരുന്നു. അങ്ങനെ, പരസ്‌നേഹം പ്രസംഗിക്കാതെ, ജീവിതത്തില്‍ പ്രാവര്‍ത്തി കമാക്കി കാണിച്ചുകൊടുത്ത ഒരു കുടുംബത്തിലാണ് തോമസ് വളര്‍ന്നത്.
പതിനാറാമത്തെ വയസില്‍ സലമാംഗായിലെ അഗസ്റ്റീനിയന്‍ സന്ന്യാസസഭയില്‍ തോമസ് അംഗമായി. പൗരോഹിത്യസ്വീകരണത്തിനു ശേഷം പണ്ഡിതനായ ദൈവശാസ്ത്രജ്ഞനും ഊജ്വലവാഗ്മിയുമായി മാറിയ തോമസ് സ്‌പെയിനില്‍ വളരെ പ്രസിദ്ധനായി. യൂറോപ്പിലെ ഏറ്റവും പ്രശസ്തനായ ചക്രവര്‍ത്തിയായിരുന്ന ചാള്‍സ് അഞ്ചാമന്‍ തോമസിന്റെ വിശുദ്ധ ജീവിതത്തില്‍ ആകൃഷ്ടനായി അദ്ദേഹത്തെ കൊട്ടാരത്തിന്റെ ഉപദേശിയും കൗണ്‍സിലറുമായി നിയമിച്ചു. സ്‌പെയിനില്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍പോലും തോമസുമായി ചക്രവര്‍ത്തി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
വളരെ പെട്ടെന്ന് അഗസ്റ്റീനിയന്‍ സഭയുടെ പ്രൊവിന്‍ഷ്യലായി നിയമിതനായ തോമസ് മെക്‌സിക്കോയിലേക്ക് ആദ്യമായി ഒരു മിഷണറി സംഘത്തെ അയച്ചു. 1544-ല്‍ വാലെന്‍സിയായുടെ ആര്‍ച്ചുബിഷപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. നൂറുവര്‍ഷത്തിനിടയില്‍ ആ രൂപതയില്‍ അതുവരെ ഒരു ബിഷപ്പ് താമസിച്ചിരുന്നില്ല. പുതിയ സ്ഥാനം ഏറ്റെടുത്ത തോമസിന്റെ ആദ്യത്തെ ശ്രദ്ധ വൈദികരുടെയും അല്‍മായരുടെയും സാന്മാര്‍ഗ്ഗികബോധം മെച്ചപ്പെടുത്തുന്നതിലായിരുന്നു. അന്നു നിലവിലുണ്ടായിരുന്ന അണ്ടര്‍ഗ്രൗണ്ട് ജയിലുകള്‍ നിറുത്തലാക്കി, ജനറല്‍ ആശുപത്രി പരിഷ്‌കരിക്കുന്നതിന് കിട്ടിയ ധനം മുഴുവന്‍ ചെലവഴിച്ചു. കൂടാതെ, യുവവൈദികര്‍ക്കു കൂടുതല്‍ മെച്ചമായ വിദ്യാഭ്യാസം നല്‍കുവാന്‍ ഒരു കോളേജും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മറ്റൊരു കോളേജും ആരംഭിച്ചു. അനാഥരും അവഗണിക്കപ്പെട്ടവരുമായ കുട്ടികള്‍ക്കായി ഒരു അനാഥാലയവും സ്ഥാപിച്ചു. കൂടാതെ, നിത്യവും ജോലിക്കുപോകുന്നതുവരെ ഉദ്ദേശിച്ച് എന്നും അതിരാവിലെ വി. കുര്‍ബാന അര്‍പ്പിക്കുവാനും തുടങ്ങി.
അനാര്‍ഭാടവും തികച്ചും ലളിതവുമായ ജീവിതമായിരുന്നു തോമസിന്റേത്. തനിക്കാവശ്യമുള്ള വസ്ത്രങ്ങള്‍ പോലും അദ്ദേഹം സ്വന്തമായി തയിച്ചുണ്ടാക്കി. തന്റെ അതിരൂപതയുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ദരിദ്രര്‍ക്കു ദാനം ചെയ്തു. അങ്ങനെ അഞ്ഞൂറോളം ദരിദ്രരെ ദിവസവും സംരക്ഷിച്ചിരുന്നു. ചുരുക്കത്തില്‍ വി. തോമസിന്റെ ജീവിതം സമ്പൂര്‍ണ്ണമായും ആത്മസംയമനത്തിന്റെയും സാധുജനസേവനത്തിന്റെയുമായിരുന്നു.
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. ധാരാളം രോഗികളെ സുഖപ്പെടുത്തുകയും, കഠിനപാപികളെ മാനസാന്തരപ്പെടുത്തുകയും ചെയ്തിരുന്നു. മിസ്റ്റിക്കല്‍ തിയോളജി സംബന്ധിച്ച് അദ്ദേഹം രചിച്ച കൃതികളെല്ലാം അനേകം പതിപ്പുകള്‍ വിറ്റഴിഞ്ഞിരുന്നു.
1555-ല്‍ ചരമമടഞ്ഞ വി. തോമസ് 1618-ല്‍ വാഴ്ത്തപ്പെട്ടവനും 1658 നവംബര്‍ 1-ന് പോപ്പ് അലക്‌സാണ്ടര്‍ ഏഴാമനാല്‍ വിശുദ്ധനുമായി പ്രഖ്യാപിക്കപ്പെട്ടു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org