വിശുദ്ധ തെരേസ ബനഡിക്ത്ത (വിശുദ്ധ എഡിത്ത് സ്റ്റെയിന്‍) (1891-1942) : ആഗസ്റ്റ് 9

വിശുദ്ധ തെരേസ ബനഡിക്ത്ത (വിശുദ്ധ എഡിത്ത് സ്റ്റെയിന്‍) (1891-1942) : ആഗസ്റ്റ് 9

1891 ഒക്‌ടോബര്‍ 12-ന് ജര്‍മ്മനിയിലുള്ള ബ്രെസ്‌ലാവില്‍ ഒരു യഹൂദ കുടുംബത്തില്‍ പതിനൊന്നാമത്തെ സന്തതിയായി എഡിത്ത് ജനിച്ചു. യഹൂദര്‍ക്ക് ആ ദിവസം – "അനുതാപത്തിന്റെ ദിനം"-വളരെ പ്രധാനപ്പെട്ടതായിരുന്നു. അതുകൊണ്ടു തന്നെ അവളുടെ അമ്മയ്ക്ക് എഡിത്ത് വളരെ വിലപ്പെട്ടവളായി.
എഡിത്തിന് രണ്ടു വയസ്സാകുന്നതിനു മുമ്പുതന്നെ അവളുടെ പിതാവ് മരിച്ചു. പ്രാഥമിക വിദ്യാഭ്യാസം ബ്രെഡ്‌ലാവില്‍ത്തന്നെയായിരുന്നു. എങ്കിലും ബുദ്ധിശാലിയായ അവള്‍ കൗമാരത്തില്‍ത്തന്നെ ഒരു സത്യാന്വേഷിയായി മാറിയിരുന്നു. എന്തും സംശയിക്കാനും ചോദ്യം ചെയ്യാനും തുടങ്ങി.

നെഞ്ചില്‍ കൈവച്ചുകൊണ്ട് ദൈവം ഇല്ല എന്നു പറയാന്‍ ഒരു വിഡ്ഢിക്കു മാത്രമേ കഴിയൂ...

ഈ പഴമൊഴിയുടെ അര്‍ത്ഥം ആധുനിക തലമുറയ്ക്കു വ്യക്തമാക്കിക്കൊടുത്തത്, യഹൂദവിശ്വാസം ത്യജിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ച എഡിത്ത് സ്റ്റെയിനാണ്.

1910-ല്‍ തത്ത്വശാസ്ത്രപഠനം ആരംഭിച്ചു. രണ്ടു വര്‍ഷത്തിനുശേഷം ഉപരിപഠനത്തിനായി ഗോട്ടിങ്ങായിലെത്തി. അവിടെ വച്ചാണ് ലോകപ്രശസ്ത തത്ത്വചിന്തകന്‍ എഡ്മണ്ട് ഹൂസേളിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ പഠനവും ഗവേഷണവും തുടര്‍ന്നു. അവളുടെ ദൈവവിശ്വാസം നഷ്ടപ്പെട്ട സമയമായിരുന്നു അത്. ഒരു നല്ല സത്യാന്വേഷകയായ അവള്‍ വിരുദ്ധാശയങ്ങളും തത്ത്വചിന്തകളും സമര്‍ത്ഥമായി, യുക്തിഭദ്രമായി അവതരിപ്പിച്ചിരുന്നു. അങ്ങനെ രൂപം കൊണ്ടതാണ് "Finite and Eternal Being"; "The Science of the Cross" എന്നീ തത്ത്വശാസ്ത്രകൃതികള്‍.
1921-ല്‍ വളരെ യാദൃച്ഛികമായി ഒരു കൃതി അവളുടെ കൈയിലെത്തി-ആവിലായിലെ അമ്മ ത്രേസ്യായുടെ ആത്മകഥ. അവളത് ആദ്യന്തം ശ്രദ്ധാപൂര്‍വ്വം വായിച്ചു. അമ്മ ത്രേസ്യാ എഡിത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അവളുടെ സത്യാന്വേഷണം കത്തോലിക്കാവിശ്വാസത്തിലൂടെ തുടര്‍ന്നു. അങ്ങനെ 1922 ജനവരി 1-ാം തീയതി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിന്റെ നാന്ദിയായി മാമ്മോദീസാ സ്വീകരണം നടന്നു. ഈശോയുടെ ഛേദനാചാരത്തിരുനാള്‍ ദിനമായിരുന്നു അത്. അധികം വൈകാതെ എഡിത്തിന്റെ സഹോദരി റോസയും വിശ്വാസം സ്വീകരിച്ചു. സ്വന്തം അമ്മയുടെ യഹൂദമതവിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിച്ചുകൊണ്ടുതന്നെ എഡിത്ത്, ക്രിസ്തുമതവിശ്വാസത്തെപ്പറ്റിയുള്ള വിശദമായ പഠനങ്ങള്‍ തുടര്‍ന്നു.
അങ്ങനെ, 1933- ഒക്‌ടോബര്‍ 14-ന് എഡിത്ത് കൊളോണിലുള്ള കര്‍മ്മലമഠത്തില്‍ അംഗമായി ചേര്‍ന്നു. 1934 ഏപ്രില്‍ 15ന് സഭാവസ്ത്രം സ്വീകരിച്ചുകൊണ്ട് അവള്‍ കുരിശിന്റെ തെരേസ ബനഡിക്ത്തയായി. ഈ സമയത്ത് ജര്‍മ്മനിയില്‍ ഹിറ്റ്‌ലറിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം യഹൂദരെ പീഡിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ യഹൂദവിദ്വേഷം ആളിക്കത്തിച്ചു. സ്റ്റെയിന്‍ സഹോദരിമാരുടെ സുരക്ഷിതത്വത്തെ കരുതി, സുപ്പീരിയേഴ്‌സ് അവരെ ഹോളണ്ടില്‍ എക്ത്തായി ലേക്ക് അയച്ചു. പക്ഷേ, 1940-ല്‍ നാസികള്‍ നെതര്‍ലണ്ട് കീഴടക്കി. യഹൂദരെയും യഹൂദമതം ഉപേക്ഷിച്ചവരെയും തിരഞ്ഞു പിടിച്ച കൂട്ടത്തില്‍ എഡിത്തും റോസയും അറസ്റ്റു ചെയ്യപ്പെട്ടു. ഏഴാം ദിവസം അവരിരുവരും ഔഷ്‌വിറ്റ്‌സിലെ കുപ്രസിദ്ധമായ തടങ്കല്‍ പാളയത്തിലെത്തി. 1942 ആഗസ്റ്റ് ഒമ്പതിനോ പത്തിനോ സ്റ്റെയിന്‍ സഹോദരിമാര്‍ ആ ഗ്യാസ് ചേംബറില്‍ മരണത്തിനു കീഴടങ്ങി.
പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പശ്ചിമ ജര്‍മ്മനിയിലെ കൊളോണ്‍ സന്ദര്‍ശിച്ചപ്പോള്‍ 1987 മെയ് 1 ന് തെരേസ ബനഡിക്ത്തായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. പിന്നീട്, അദ്ദേഹം 1998 ഒക്‌ടോബര്‍ 11-ന് തെരേസയെ വിശുദ്ധയായി നാമകരണം ചെയ്തു.

logo
Sathyadeepam Weekly
www.sathyadeepam.org