
വളരെ കുലീനവും സമ്പന്നവുമായ പോളിഷ് കുടുംബത്തില്‍ ഏഴുമക്കളില്‍ രണ്ടാമനായിട്ടാണ് സ്തനിസ്ലാവൂസ് ജനിച്ചത്. അച്ഛന്‍ പ്രസിദ്ധനായ സെനറ്ററായിരുന്നു. വിയെന്നായില്‍ പുതിയതായി ആരംഭിച്ച ജസ്യൂട്ട് കോളേജില്‍ പതിന്നാലുവയസ്സുള്ള സ്തനിസ്ലാവൂസിനെയും മൂത്തസഹോദരന്‍ പോളിനെയും പിതാവ് കൊണ്ടുപോയി ചേര്‍ത്തു. വിയെന്നായില്‍ പഠിച്ചിരുന്ന മൂന്നുവര്‍ഷത്തില്‍ കുറച്ചുകാലം ആ സഹോദരന്മാര്‍ ഒരു ലൂഥറന്‍ വിശ്വാസിയുടെ വീട്ടിലാണു താമസിച്ചത്. സ്തനിസ്ലാവൂസ് പെട്ടെന്ന് ഭക്തിയുടെയും ആദ്ധ്യാത്മികതയുടെയും അന്തരീക്ഷ ത്തിലേക്കു മാറി. എന്നാല്‍, സഹോദരന്റെ 'സന്ന്യാസം' കണ്ട് പോളിന് അമര്‍ഷം സഹിക്ക വയ്യാതായി. ആകെപ്പാടെ ധര്‍മ്മസങ്കടത്തില്‍പ്പെട്ട സ്തനിസ്ലാവൂസ് അസ്വസ്ഥനായി. അസ്വസ്ഥത വളര്‍ന്ന് അവന്‍ രോഗിയായി. രോഗം മൂര്‍ച്ഛിച്ചപ്പോള്‍, പ്രൊട്ടസ്റ്റന്റ് വിശ്വാസിയോടൊപ്പം കഴിഞ്ഞിരുന്നതിനാല്‍, അവന് കൂദാശകള്‍ പോലും നിഷേധിക്കപ്പെട്ടു. എങ്കിലും വി. ബാര്‍ബറ, മാലാഖമാരോടൊപ്പം വന്ന് സ്വപ്നത്തില്‍ അവന് വി. കുര്‍ബാന നല്‍കി. പരി. കന്യകാമറിയം അവനു പ്രത്യക്ഷപ്പെട്ട്, ഈശോസഭയില്‍ ചേരാന്‍ ഉപദേശിച്ചിട്ട് മറഞ്ഞുപോയി. ഏതായാലും, സ്തനിസ്ലാവൂസ് രോഗത്തില്‍ നിന്നു പൂര്‍ണ്ണമായും മുക്തനായി.
പിതാവിന്റെ കര്‍ശനമായ എതിര്‍പ്പു മൂലം വിയെന്നായിലെ ഈശോസഭക്കാര്‍ സ്തനിസ്ലാവൂസിന് സെമിനാരിയില്‍ പ്രവേശനം നല്‍കി യില്ല. അതിനാല്‍ ഒരു ദിവസം നേരം പുലരുന്നതിനു മുമ്പേ അവന്‍ വീടുവിട്ടു പുറപ്പെട്ടു. ഒരു കാട്ടില്‍ ഒളിച്ചിരുന്ന് വേഷം മാറി. അങ്ങനെ ഒരു നാടന്‍ കര്‍ഷകന്റെ വേഷത്തില്‍ കാല്‍നടയായി അവന്‍ ഓഗ്‌സ്ബര്‍ഗ്ഗിനു പുറപ്പെട്ടു. 450 മൈലകലെ ജര്‍മ്മനിയിലുള്ള ആ സ്ഥലത്ത് നടന്നെത്തി ജര്‍മ്മന്‍ പ്രൊവിന്‍ഷ്യാളായ വി. പീറ്റര്‍ കനീസിയൂസിനെ അവന്‍ കണ്ടുമുട്ടി. അദ്ദേഹം ഒരു ശിപാര്‍ശക്കത്തും നല്‍കി സ്തനിസ്ലാവൂസിനെ റോമിലേക്കു പറഞ്ഞയച്ചു. വീണ്ടും 800 മൈല്‍ നടന്ന് അവന്‍ റോമിലെത്തി. അവിടത്തെ ഫാദര്‍ ജനറലായിരുന്ന വി. ഫ്രാന്‍സീസ് ബോര്‍ജിയ അവനെ സെമിനാരിയില്‍ പ്രവേശിപ്പിച്ചു. വിശുദ്ധിയും നിഷ്‌ക്കളങ്കതയും ചിന്തയിലും പ്രവൃത്തിയിലുമുള്ള ആത്മാര്‍ത്ഥതയുംകൊണ്ട് അവന്‍ ഏവരുടെയും ഹൃദയം കവര്‍ന്നു. ദുര്‍ബലമായ ശരീരപ്രകൃതിയായിരുന്നെങ്കിലും എല്ലാത്തരം പ്രായശ്ചിത്തപ്രവൃത്തികളും അവന്‍ അനുഷ്ഠിച്ചുകൊണ്ടിരുന്നു. ദൈവം അസാധാരണ വരങ്ങള്‍ നല്‍കി അവനെ അനുഗ്രഹിച്ചു.
നൊവീഷ്യറ്റ് തുടങ്ങി പത്താംമാസം 1568 ആഗസ്റ്റ് 10-ന് സ്തനിസ്ലാവൂസ് മാരകമായ രോഗത്തിന് അടിമയായി. അഞ്ചുദിവസത്തിനുശേഷം, അതായത് മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളില്‍, രോഗം മൂര്‍ഛിച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
1726 ഡിസംബര്‍ 31 ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട സ്തനിസ്ലാവൂസ് നൊവീഷ്യറ്റുകാരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ്.