വി. സോത്തര്‍ (175) ഏപ്രില്‍ 22

വി. സോത്തര്‍ (175) ഏപ്രില്‍ 22

ഇറ്റലിയിലാണു വി. സോത്തര്‍ ജനിച്ചത്. ഇറ്റലിയില്‍ ഗേത്താ എന്ന സ്ഥലത്തിനടുത്ത് ഫോണ്ടിയാണ് സോത്തറിന്റെ ജന്മദേശം. 166-ല്‍ വി. അനിസെറ്റസിന്റെ നിര്യാണത്തോടെയാണ് സോത്തര്‍ പന്ത്രണ്ടാമത്തെ പോപ്പായി അധികാരമേറ്റത്. ഒമ്പതുവര്‍ഷത്തെ ഭരണകാലത്ത് ഈ പോപ്പിനു നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രശ്‌നം മൊണ്ടാനസ് എന്ന ഫ്രീജിയക്കാരന്‍ അന്നു പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു അബദ്ധസിദ്ധാന്തമാണ്. ചില പാപങ്ങള്‍ ഒരിക്കലും ക്ഷമിക്കപ്പെടുകയില്ലെന്നും, ദൈവത്തിന്റെ പ്രത്യേക ദൂതനായതുകൊണ്ടാണ് താനിതു പഠിപ്പിക്കുന്നതെന്നുമായിരുന്നു അയാളുടെ വാദമുഖം. പോപ്പ് ഇയാളുടെ ആശയങ്ങളെ സമര്‍ത്ഥമായി ഖണ്ഡിച്ചു.

കോറിന്തിലെ പീഡിപ്പിക്കപ്പെട്ടിരുന്ന സഭയെ ആശ്വസിപ്പിച്ചുകൊണ്ട് പോപ്പ് സോത്തര്‍ അയച്ച കത്ത് നിര്‍ഭാഗ്യവശാല്‍ നഷ്ടപ്പെട്ടുപോയി. എങ്കിലും, കൊറിന്തിന്റെ ബിഷപ്പായിരുന്ന വി. ഡയനീഷ്യസ് അയച്ച മറുപടിക്കത്തില്‍നിന്ന് പോപ്പിന്റെ കത്തിന്റെ പ്രസക്തഭാഗങ്ങള്‍ നമുക്കു വായിച്ചെടുക്കാം. സ്‌നേഹസമ്പന്നനായ ഒരു പിതാവ് സ്വന്തം മക്കള്‍ക്ക് അയച്ച കത്തുപോലെ ആശ്വാസപ്രദമായിരുന്നു അത് എന്നാണ് വി. ഡയനീഷ്യസ് കുറിച്ചത്. "ഇന്ന്, കര്‍ത്താവിന്റെ ദിവസം, അങ്ങയുടെ കത്ത് ഞങ്ങള്‍ വായിച്ചു; ഇനിയും ഞങ്ങളതു വായിക്കുകയും അങ്ങയുടെ സാന്ത്വനം അനുഭവിക്കുകയും ചെയ്യും. മുമ്പ് വി. ക്ലമന്റ് അയച്ച കത്തുപേലെ ഈ കത്തും ഞങ്ങള്‍ നിധിപോലെ സൂക്ഷിക്കും."

വി. സോത്തര്‍ 175-ല്‍ മാര്‍ക്കസ് അവുറേലിയസിന്റെ കാലത്ത് രക്തസാക്ഷിയായെന്നു വിശ്വസിക്കപ്പെടുന്നു.

നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.

മത്തായി 5:20

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org