സൈമണ്‍ എന്നും അറിയപ്പെടുന്ന വി. ശിമയോന്‍ ക്ലെയോഫാസിന്റെ മകനാണ്. മത്തായിയുടെയും മര്‍ക്കോസിന്റെയും സുവിശേഷത്തില്‍ 'കര്‍ത്താവിന്റെ സഹോദരന്‍' എന്നാണ് പറയുന്നത്. അതായത്, മാതാവിന്റെ സഹോദരിയായ മറിയത്തിന്റെയും വി. യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫാസിന്റെയും മകനാണ് വി. ശെമയോന്‍. ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണസമയത്ത് സന്നിഹിതരായിരുന്ന 72 ശിഷ്യന്മാരില്‍ ഒരാളായിരുന്നു; പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവ് എഴുന്നള്ളിവന്നപ്പോഴും ശിമയോനുണ്ടായിരുന്നു. ഉയിര്‍പ്പിനുശേഷം എമ്മാവൂസിലേക്കുള്ള വഴിയില്‍വച്ച് ഈശോ കൂടെക്കൂടിയ രണ്ടുപേരില്‍ ഒരാള്‍ ശിമയോനാണെന്നും കരുതപ്പെടുന്നു.
62-ലെ ഈസ്റ്റര്‍ദിവസം, ജറൂസലത്തെ ബിഷപ്പായിരുന്ന ചെറിയ യാക്കോബിനെ യഹൂദര്‍ വധിച്ചു. ഉടന്‍ യാക്കോബിന്റെ അനുജനായ ശിമയോന്‍ ആ സ്ഥാനം ധൈര്യപൂര്‍വ്വം ഏറ്റെടുത്തു. എങ്കിലും, ക്രിസ്തുവിന്റെ ദൈവത്വത്തെയും മറ്റ് അടിസ്ഥാന വിശ്വാസങ്ങളെയും ചോദ്യംചെയ്യുന്ന പല വാദമുഖങ്ങളും ഉയര്‍ന്നുവന്ന് സഭയുടെ ഐക്യത്തെ അന്നു ശിഥിലമാക്കിക്കൊണ്ടിരുന്നു.
66-ല്‍ ജറൂസലം ആക്രമിക്കപ്പെടുമെന്നു മനസ്സിലാക്കിയ ശിമയോന്‍ തന്റെ വിശ്വാസികളെയും കൂട്ടി 65 മൈല്‍ അകലെ, ജോര്‍ദ്ദാന്റെ മറുകരയിലുള്ള പെല്ലാ എന്ന സ്ഥലത്തുപോയി താമസിച്ചു. നാലുവര്‍ഷത്തിനുശേഷം, തിത്തൂസിന്റെ സൈന്യം ജൂദയായില്‍ കടന്ന് ജറൂസലം കീഴടക്കി നശിപ്പിച്ചു. അന്ന് ആറുലക്ഷത്തോളം യഹൂദര്‍ വധിക്കപ്പെട്ടു. എന്നാല്‍, ക്രിസ്തുവിന്റെ ഒടുവിലത്തെ അത്താഴം ഒരുക്കുകയും, പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് എഴുന്നള്ളിവരുകയും ചെയ്ത സ്ഥലം അത്ഭുതകരമായി രക്ഷപെട്ടു. അവിടെ പിന്നീട് ഒരു ദൈവാലയം പണിതുയര്‍ത്തി. തകര്‍ക്കപ്പെട്ട നഗരത്തിലേക്ക് ബിഷപ്പും വിശ്വാസികളും തിരിച്ചെത്തിയെന്നും ആഡ്രിയന്‍ ചക്രവര്‍ത്തി 134-ല്‍ ആ നഗരം നശിപ്പിക്കുന്നതുവരെ അവിടെ കഴിഞ്ഞെന്നും കരുതപ്പെടുന്നു.
വെസ്‌പേഷ്യന്‍, ഡൊമീഷ്യന്‍ ചക്രവര്‍ത്തിമാര്‍ ദാവീദിന്റെ വംശത്തില്‍പ്പെട്ട മുഴുവനാളുകളെയും കൊന്നൊടുക്കാന്‍ ആജ്ഞാപിച്ചെങ്കിലും വി. ശിമയോന്‍ അത്ഭുതകരമായി രക്ഷപെട്ടു, പക്ഷേ, ട്രാജന്‍ മതപീഡനം ഏറ്റെടുത്തപ്പോള്‍ ചില യഹൂദ അവിശ്വാസികള്‍ ശിമയോന്‍ ക്രിസ്തുവിന്റെ ബന്ധുവാണെന്നും ക്രിസ്ത്യാനിയാണെന്നും പ്രചരിപ്പിച്ച് ഒറ്റിക്കൊടുത്തു. അങ്ങനെ അദ്ദേഹം തടവിലാക്കപ്പെടുകയും അനേകം ദിവസത്തെ പീഡിപ്പിക്കലിനുശേഷം കുരിശില്‍ തറയ്ക്കപ്പെട്ടു മരിക്കുകയും ചെയ്തു. അന്നു ശിമയോന് 120 വയസ്സു പ്രായമായിരുന്നു.
വി. ശിമയോന്റെ മരണത്തോടെ ക്രിസ്തുവിനെ നേരില്‍ക്കണ്ട ശിഷ്യരുടെ 'അപ്പസ്‌തോലിക് യുഗം' അവസാനിക്കുന്നു. യേശുവിനെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്ത അവസാനത്തെ വ്യക്തിയായിരുന്നു വി. ശിമയോന്‍.