വിശുദ്ധ സെര്‍ജിയസും വിശുദ്ധ ബാക്കസും (-303) : ഒക്‌ടോബര്‍ 8

വിശുദ്ധ സെര്‍ജിയസും വിശുദ്ധ ബാക്കസും (-303) : ഒക്‌ടോബര്‍ 8

സെര്‍ജിയസും ബാക്കസും സിറിയന്‍ അതിര്‍ത്തിയിലുണ്ടായിരുന്ന റോമന്‍ സൈന്യത്തിലെ ഓഫീസര്‍മാരായിരുന്നു. മാക്‌സിമിയന്‍ ചക്രവര്‍ ത്തിക്ക് വളരെ പ്രിയപ്പെട്ടവരുമായിരുന്നു. ഒരു ദിവസം ചക്രവര്‍ത്തി ജൂപ്പിറ്റര്‍ ദേവന്റെ അമ്പലത്തില്‍ പൂജയ്ക്കു പോയപ്പോള്‍ സെര്‍ജിയസും ബാക്കസും കൂടെയുണ്ടായിരുന്നു. പക്ഷേ, അവരിരുവരും തന്നോടൊപ്പം അമ്പലത്തില്‍ കയറിയില്ലെന്ന് ചക്രവര്‍ത്തിക്ക് മനസ്സിലായി. ഇരുവരെയും വിളിച്ച് ദേവന് കാഴ്ച സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല. മാത്രമല്ല, ചക്രവര്‍ത്തിയെ വിസ്മയിപ്പിച്ചുകൊണ്ട്, അവരിരുവരും ക്രിസ്തുവി ലുള്ള തങ്ങളുടെ വിശ്വാസം ധൈര്യപൂര്‍വ്വം ഏറ്റുപറയുകയും ചെയ്തു.
സെര്‍ജിയസിനെയും ബാക്കസിനെയും ഉടന്‍ കസ്റ്റഡിയിലെടുത്ത് ഇരുവരുടെയും സ്ഥാനചിഹ്നങ്ങളും വേഷവും അഴിച്ചുമാറ്റി, സ്ത്രീവേഷം ധരിപ്പിച്ച് തെരുവിലൂടെ നടത്തിച്ച് അപമാനിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഇത്തരം അപമാനങ്ങളും ഭീഷണികളും കൊണ്ടൊന്നും അവരുടെ തീരുമാനം മാറ്റാന്‍ സാധിച്ചില്ല.
അവരെ മെസപ്പൊട്ടേമിയയിലെ റിസേഫിലേക്കു കൊണ്ടുപോയി അവിടത്തെ ഗവര്‍ണരുടെ ഉത്തരവനുസരിച്ച് പീഡനങ്ങള്‍ക്കു വിധേയരാക്കി. അങ്ങനെ ചാട്ടയടിയേറ്റ് തളര്‍ന്ന് ബാക്കസ് മരിച്ചു. അദ്ദേഹത്തിന്റെ മൃതശരീരം കഴുകന്മാര്‍ക്കുവേണ്ടി തെരുവിലേക്കെറിഞ്ഞു. പക്ഷേ, നായ്ക്കള്‍ കടിച്ചു കീറാതെ കഴുകന്മാര്‍ ആ മൃതശരീരം സംരക്ഷിക്കുന്ന താണു ജനങ്ങള്‍ കണ്ടത്. സെര്‍ജിയൂസിനെ മുള്ളാണികള്‍ തറച്ച ചെരുപ്പു ധരിപ്പിച്ച് വളരെ ദൂരം തെരുവിലൂടെ വലിച്ചിഴച്ചിട്ട് ശിരഛേദം ചെയ്ത് വധിച്ചു.
ഹീറാപ്പോളിസിന്റെ മെത്രാപ്പോലീത്താ അലക്‌സാണ്ടര്‍ 431-ല്‍ വി. സെര്‍ജിയസിന്റെ ശവകുടീരത്തിനുമേല്‍ പണിതീര്‍ത്ത ദൈവാലയം പരിഷ്‌കരിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. ആറാം നൂറ്റാണ്ടില്‍ ആ ദൈവാലയത്തിന്റെ ഭിത്തികള്‍ വെള്ളികൊണ്ടു പൊതിഞ്ഞു. പൗരസ്ത്യദേശത്ത് ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ചത് റിസേഫിലുള്ള ദൈവാലയമായിരുന്നു. സെര്‍ജിയസും ബാക്കസും ബൈസന്റൈന്‍ ആര്‍മിയുടെ സ്വര്‍ഗ്ഗീയ സംരക്ഷകരായിത്തീരുകയും ചെയ്തു.

ശത്രുവിനെ ഹൃദയത്തില്‍ നിന്നൊഴിവാക്കിയാല്‍ നിശ്ശേഷം മറന്നേക്കുക; വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലും.
വിശുദ്ധ അഗസ്റ്റിന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org