വിശുദ്ധ സ്‌കൊളാസ്റ്റിക്ക (480-547) : ഫെബ്രുവരി 10

വിശുദ്ധ സ്‌കൊളാസ്റ്റിക്ക (480-547) : ഫെബ്രുവരി 10
പ്രസിദ്ധനായ വിശുദ്ധ ബനഡിക്ടിന്റെ ട്വിന്‍ സിസ്റ്ററാണ് വി. സ്‌കൊളാസ്റ്റിക്ക. ഇറ്റലിയാണ് ജന്മദേശം. സഹോദരനെപ്പോലെതന്നെ ചെറുപ്പം മുതലേ ദൈവകാര്യങ്ങളിലായിരുന്നു ശ്രദ്ധ. തന്റെ ഭൗതികസ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് സഹോദരന്റെ വഴിയേ പോകാനായിരുന്നു അവളുടെ താല്പര്യം. ബനഡിക്ട് മൊന്തെ കാസിനോയിലേക്കു താമസം മാറ്റിയപ്പോള്‍, അതിനു സമീപത്തായി സ്ത്രീകള്‍ക്കു വേണ്ടി ഒരു മഠം സ്ഥാപിച്ച് സ്‌കൊളാസ്റ്റിക്കയും അങ്ങോട്ടു താമസം മാറ്റി.

ആശ്രമത്തിനു വെളിയില്‍ ഒരു പ്രത്യേക സ്ഥലത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഈ സഹോദരങ്ങള്‍ കണ്ടുമുട്ടുകയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പരസ്പരം സംസാരിക്കുകയും ചെയ്തിരുന്നത്. മഹാനായ വി. ഗ്രിഗറി, ഈ സഹോദരങ്ങളുടെ അവസാനത്തെ കണ്ടുമുട്ടല്‍ വളരെ ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. തന്റെ മരണം അടുത്തെന്നു തോന്നിയ സഹോദരി അവരുടെ അവസാന കണ്ടുമുട്ടല്‍ പിറ്റേന്നു പുലര്‍ച്ചവരെ ദീര്‍ഘിപ്പിക്കാന്‍ ആഗ്രഹിച്ചു. അക്കാര്യം സഹോദരനോടു പറയുകയും ചെയ്തു. പക്ഷേ, തന്റെ ആശ്രമത്തിന്റെ നിയമം ഇക്കാര്യത്തിനുവേണ്ടി തെറ്റിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സഹോദരന്റെ വാദം. അതുകൊണ്ട്, തമ്മില്‍ സംസാരിച്ചശേഷം അസ്തമയത്തിനു മുമ്പുതന്നെ പിരിയാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍.
സഹോദരി ഉടനെതന്നെ മുട്ടിപ്പായി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. വളരെ പ്രസന്നമായിരുന്ന അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടു. ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. പെട്ടെന്ന് ഭയാനകമായ കൊടുങ്കാറ്റും ഇടിയും മഴയും ആരംഭിച്ചു. സഹോദരന് ഒരു പ്രകാരത്തിലും തിരിച്ചുപോകാന്‍ സാധിച്ചില്ല. അന്നുരാത്രി മുഴുവന്‍ ആ രണ്ടു വിശുദ്ധരും വിശുദ്ധകാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് കഴിച്ചുകൂട്ടി. വെളുപ്പിനേ ഇരുവരും പിരിയുകയും ചെയ്തു.
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വി. സ്‌കൊളാസ്റ്റിക്ക ദൈവത്തില്‍ ഭാഗ്യമരണം പ്രാപിച്ചു. അന്ന് അവര്‍ക്ക് 67 വയസ്സായിരുന്നു. മൊണ്ടെ കാസ്സിനോയിലെ ആശ്രമത്തോടനുബന്ധിച്ച് വി. ബനഡിക്ട് തനിക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന കല്ലറയില്‍ സഹോദരിയുടെ മൃതശരീരം സംസ്‌കരിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 547 മാര്‍ച്ച് 21 ന് സഹോദരിയുടെ വഴിയേ സഹോദരനും യാത്രയായി. സഹോദരിയെ അടക്കംചെയ്ത കല്ലറയോട് ചേര്‍ന്നുതന്നെ സഹോദരനും അന്ത്യവിശ്രമം കൊള്ളുന്നു.
ഈ സഹോദരങ്ങളാണ് ബനഡിക്‌ടൈന്‍ സഭയുടെ രണ്ടു മുഖ്യശാഖകള്‍ക്കു തുടക്കം കുറിച്ചത്. 14 നൂറ്റാണ്ടുകളായി ആ സഭ ലോകമെങ്ങും പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്നു. ഏതാണ്ട് 5000 വിശുദ്ധരെ ആഗോള സഭയ്ക്കു പ്രദാനം ചെയ്യുവാന്‍ ബനഡിക്‌ടൈന്‍ സഭയ്ക്കു കഴിഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org