ഇറ്റലിയിലെ വിറ്റര്‍ബോയില്‍ ദരിദ്രരും ഭക്തരുമായ മാതാപിതാക്കള്‍ക്കു പിറന്ന റോസ് ഏഴുവയസ്സായപ്പോഴേ അസാധാരണമായ മാനസികപക്വത കാട്ടിത്തുടങ്ങി. പ്രാര്‍ത്ഥന, ഉപവാസം, പരിത്യാഗം- ഇങ്ങനെ സന്ന്യാസ ജീവിതത്തോടുള്ള ആഭിമുഖ്യങ്ങള്‍.
എന്തിനേറെ, പത്താമത്തെ വയസ്സില്‍ വി. ഫ്രാന്‍സീസ് അസ്സീസിയുടെ മൂന്നാംസഭയില്‍ ചേര്‍ന്നു. വിറ്റെര്‍ബോയുടെ തെരുവുകളില്‍ പരിത്യാഗത്തെപ്പറ്റിയും മറ്റും പ്രസംഗിക്കാന്‍ തുടങ്ങി. മാര്‍പാപ്പായോടു വിശ്വസ്തരായിരിക്കാനും അന്ന് ഇറ്റലി ഭരിച്ചിരുന്ന ജര്‍മ്മന്‍ ചക്രവര്‍ത്തി ഫ്രഡറിക് രണ്ടാമനെ പ്രതിരോധിക്കാനും അവള്‍ രണ്ടുവര്‍ഷത്തോളം ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരുന്നു.
ആധികാരികമായി ഇത്ര ഊര്‍ജ്ജസ്വലതയോടെയുള്ള റോസിന്റെ പ്രസംഗവും സ്വാധീനവും ശ്രദ്ധിച്ച ചക്രവര്‍ത്തിയുടെ പ്രീഫെക്ട് അവളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചു. മാതാപിതാക്കളോടൊപ്പം ഉടന്‍ വിറ്റര്‍ബോ വിട്ടുപോകാന്‍ ഉത്തരവായി. അതോടെ, ആ നഗരത്തിനു വെളിയിലുള്ള നഗരങ്ങളും പട്ടണങ്ങളും കേന്ദ്രമാക്കി മാര്‍പാപ്പായ്ക്ക് അനുകൂലമായ കുരിശുയുദ്ധം അവള്‍ തുടര്‍ന്നു.
ഭാവികാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സിദ്ധിയും റോസിനുണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ മരണം പത്തുദിവസം മുമ്പേ അവള്‍ പ്രവചി ച്ചിരുന്നു. വിറ്റോര്‍ച്ചിയാനോ നഗരത്തില്‍ ഒരു മന്ത്രവാദിനി ജനങ്ങളെ വഴിതെറ്റിക്കുന്നതായി റോസ് മനസ്സിലാക്കി. ജനങ്ങളെ മാനസാന്തരപ്പെടുത്താനായി, അവള്‍ മൂന്നുമണിക്കൂര്‍ നേരം ഒട്ടും പൊള്ളലേല്‍ക്കാതെ ഒരു തീച്ചൂളയില്‍ നിന്നു. വഴിതെറ്റിപ്പോയ വിശ്വാസികളെ ഇങ്ങനെ അത്ഭുതകരമായി രക്ഷിച്ച കഥ വിശ്വാസയോഗ്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
1251-ല്‍ പോപ്പിന്റെ അധികാരം വിറ്റര്‍ബോയില്‍ പുനഃസ്ഥാപിക്കപ്പെട്ടപ്പോള്‍ റോസ് ജന്മദേശത്തേക്കു തിരിച്ചുപോന്നു. ഉടനെ ക്ലാരമഠത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചെങ്കിലും, അധികാരികള്‍ അനുവാദം നല്‍കിയില്ല. അതിനാല്‍, വിറ്റര്‌ബോയുടെ അതിര്‍ത്തിയില്‍ ഒരു കുടിലുകെട്ടി അവള്‍ ഏകാന്തവാസം തുടങ്ങി. തന്റെ മരണശേഷം ക്ലാരമഠംകാര്‍ തന്നെ സ്വീകരിക്കുമെന്നും അവള്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. അത് അങ്ങനെതന്നെ സംഭവിച്ചു. 1252 മാര്‍ച്ച് 6-ന് പതിനേഴാമത്തെ വയസ്സില്‍ റോസ് അന്തരിക്കുകയും പോപ്പ് അലക്‌സാണ്ടര്‍ നാലാമന്റെ നിര്‍ദ്ദേശപ്രകാരം റോസിന്റെ മൃതദേഹം ക്ലാരമഠത്തിന്റെ സെമിത്തേരിയില്‍ സംസ്‌കരിക്കുകയും ചെയ്തു.
1454-ല്‍ പോപ്പ് കല്ലിസ്റ്റസ് മൂന്നാമന്‍ റോസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും തിരുനാള്‍ ദിനത്തിന്റെ തലേന്ന് എഴുപതു പേര്‍കൂടി വി. റോസിന്റെ അഴുകാത്ത മൃതദേഹം വഹിച്ചുകൊണ്ട് നഗരത്തില്‍ ആഘോഷമായ പ്രദക്ഷിണം നടത്താറുണ്ടത്രെ!