വിശുദ്ധ റോസ് ഫിലിപ്പൈന്‍ (1769-1852) : നവംബര്‍ 18

വിശുദ്ധ റോസ് ഫിലിപ്പൈന്‍ (1769-1852) : നവംബര്‍ 18
ഫ്രാന്‍സില്‍ ഗ്രെനോബിളിലുള്ള പ്രസിദ്ധമായ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ റോസ് ഫിലിപ്പൈന്‍ 1769 ആഗസ്റ്റ് 29-ന് ജനിച്ചു. നിയമത്തിലും ബിസിനസ്സിലും രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരു കുടുംബമായതിനാല്‍ അച്ഛന്‍ പിയര്‍ ഫ്രാങ്കോയുടെ പാരമ്പര്യത്തില്‍ ജനങ്ങളെ സ്വാധീനിക്കുന്നതിലും, അമ്മ റോസിന്റെ പാരമ്പര്യത്തില്‍ ദീനാനുകമ്പയിലും അവള്‍ ശ്രദ്ധേയയായിക്കൊണ്ടിരുന്നു. ഏതായാലും ഇത്തരം കഴിവുകളും വ്യക്തിതാല്പര്യങ്ങളും കൂടിച്ചേര്‍ന്ന് വിശുദ്ധിയുടെ പാതയിലൂടെ അവള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ബാല്യത്തില്‍, അവളുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്ന ജസ്യൂട്ട് വൈദികനില്‍നിന്നു കേട്ട മിഷന്‍ പ്രവര്‍ത്തന കഥകള്‍, ഇന്‍ഡ്യാക്കാരുടെയിടയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്താനുള്ള താത്പര്യം അവളില്‍ ജനിപ്പിച്ചിരുന്നു. അതുകൊണ്ട്, പത്തൊമ്പതാമത്തെ വയസ്സില്‍, മാതാപി താക്കളുടെ താല്പര്യത്തിനു വിപരീതമായി, വി. മരിയേയുടെ വിസിറ്റേഷന്‍ കന്യാസ്ത്രീകളുടെ മഠത്തില്‍ ചേര്‍ന്നു. തന്നെപ്പോലെ പ്രാര്‍ത്ഥനാജീവിതം നയിച്ചിരുന്ന ഒരു സാധുസ്ത്രീയായിരുന്ന വി. മരിയേ കാനഡായിലെ ഇന്‍ഡ്യന്‍സിനുവേണ്ടിയാണ് അവളുടെ ജീവിതം ചെലവഴിച്ചത്.
1791-ല്‍ ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെട്ടതോടെ മതസ്വാതന്ത്ര്യം നഷ്ടപ്പെട്ടു. പള്ളികളും പള്ളികളോടു ബന്ധപ്പെട്ട സ്ഥാപനങ്ങളും കണ്ടുകെട്ടി. വൈദികരും സന്ന്യാസികളും സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാന്‍ തുടങ്ങി. വീട്ടില്‍ തിരിച്ചെത്തിയ ഫിലിപ്പൈന്‍ പാവങ്ങളെയും രോഗികളെയും ശുശ്രൂഷിച്ചുകൊണ്ട് കഴിഞ്ഞുകൂടി. ക്രമേണ, തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടികള്‍ക്കുവേണ്ടി ഒരു സ്‌കൂള്‍ ആരംഭിച്ചു. കൂടാതെ ഒളിവില്‍ കഴിഞ്ഞിരുന്ന വൈദികര്‍ക്കും മറ്റും, സ്വന്തം ജീവന്‍ പണയം വച്ചും, അവള്‍ സഹായം ചെയ്തുകൊണ്ടിരുന്നു.
1801-ല്‍ റോമും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ ഒരു ഉടമ്പടിപ്രകാരം പള്ളികളും കോണ്‍വെന്റുകളും മറ്റു മതസ്ഥാപനങ്ങളും വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍, വിസിറ്റേഷന്‍ കോണ്‍വെന്റ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള ഫിലിപ്പൈനിന്റെ ശ്രമം വിജയിച്ചില്ല. കാരണം, കന്യാസ്ത്രീകളെല്ലാം വീണ്ടും പഴയ ലൗകിക സുഖങ്ങളില്‍ മുഴുകിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്, വെറും നാലുവര്‍ഷം മുമ്പ് ആരംഭിച്ച സൊ സൈറ്റി ഓഫ് സേക്രട്ട് ഹാര്‍ട്ട് എന്ന മഠത്തിന്റെ മദര്‍ മാഡലീനെ വിസിറ്റേഷന്‍ കോണ്‍വെന്റിന്റെ ഉത്തരവാദിത്വം കൂടി ഫിലിപ്പൈന്‍ ഏല്പിച്ചു. ശേഷിച്ച നാലു കന്യാസ്ത്രീകളോടൊപ്പം അവരും പുതിയ മഠത്തില്‍ അംഗമായി 1805-ല്‍ വ്രതം സ്വീകരിച്ചു.
അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിന്റെ ബിഷപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഫിലിപ്പൈന്‍സിന്റെ നേതൃത്വത്തില്‍ അഞ്ചു കന്യാസ്ത്രീകള്‍ 1818 മെയ് 29-ന് ആ രൂപതയിലെത്തി. തിരുഹൃദയത്തിന്റെ തിരുനാള്‍ ദിനമായിരുന്നു അത്. മദര്‍ ഫിലിപ്പൈനിന്റെ നേതൃത്വത്തില്‍ അവര്‍ ഊര്‍ ജ്ജിതമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോണ്‍വെന്റുകളും സ്‌കൂളുകളും ആരംഭിച്ചു: യു.എസി.ലെ ഏറ്റവും വലിയ കുഗ്രാമമെന്നു മദര്‍ തന്നെ വിശേഷിപ്പിച്ച മിസ്സോറിയില്‍ ഒരു ഫ്രീ സ്‌കൂളും ബോര്‍ഡിംഗ് അക്കാദമിയും; ഫ്‌ളോറിസന്റില്‍ ഒരു അനാഥാലയവും നൊവിഷ്യേറ്റ് ഹൗസും (1819), ഗ്രാന്റ് കൊട്ടാവുവില്‍ ഒരു കോണ്‍വെന്റ് സ്‌കൂള്‍ (1821), സെന്റ് മൈക്കിള്‍സില്‍ മറ്റൊരു സ്‌കൂള്‍ (1825), സെന്റ് ളൂയിസില്‍ ഒരു അനാഥാ ലയവും അക്കാദമിയും (1827). അങ്ങനെ, 1830-ഓടെ സൊസൈറ്റിക്ക് ആറ് കോണ്‍വെന്റുകളും 64 കന്യാസ്ത്രീകളും സ്‌കൂളുകളില്‍ 350-ലേറെ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ മദറും മറ്റു കന്യാസ്ത്രീകളും സഹിച്ച കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല. താമസസൗകര്യം കണ്ടുപിടിക്കാനും ഭക്ഷണവും കുടിവെള്ളവും ഇന്ധനവും പണവും സംഘടിപ്പിക്കാനുമുള്ള കഷ്ടപ്പാടുകള്‍! എല്ലാം സഹിക്കാന്‍ അവര്‍ തയ്യാറായിരുന്നു.
1841-ല്‍ 72-ാമത്തെ വയസ്സിലാണ് ഫിലിപ്പൈനിന്റെ ഒരു ചിരകാലാഭിലാഷം സഫലമായത്. അതായത്, സ്വന്തം നാട്ടില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കാനുള്ള മോഹം. ഫാ. പിയര്‍ ജീനിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ഷുഗര്‍ക്രീക്കിലുള്ള ഇന്‍ഡ്യന്‍സിന്റെ ഇടയില്‍ പ്രവര്‍ത്തിക്കാനാണ് അവര്‍ പോയത്. ആരോഗ്യം തൃപ്തികരമല്ലായിരുന്നെങ്കിലും മറ്റു മൂന്നു കന്യാസ്ത്രീകളോടൊപ്പം ഒരു പുതിയ സ്‌കൂള്‍ ആരംഭിക്കാനുള്ള ശ്രമത്തില്‍ പങ്കുചേര്‍ന്നു. മറ്റുള്ളവര്‍ സ്‌കൂളില്‍ പഠിപ്പിച്ചപ്പോള്‍ ഫിലിപ്പൈന്‍ ആ സമയം മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. നാട്ടുകാര്‍ പോലും ഇതു ശ്രദ്ധിച്ചിരുന്നു. രാവിലെ ജോലിക്കു പോകുന്നവര്‍ ചാപ്പലില്‍ മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിക്കുന്ന ഫിലിപ്പൈനിനെ കണ്ടിരുന്നു. അവരില്‍ പലരും തിരിച്ചുവന്നപ്പോഴും സിസ്റ്ററിനെ അതേ നിലയില്‍ കണ്ടെത്തിയിരുന്നു. "സദാ പ്രവര്‍ത്തനനിരതയായ കന്യാസ്ത്രീ" എന്നാണ് ആള്‍ക്കാര്‍ അവരെപ്പറ്റി പറഞ്ഞിരുന്നത്.
1842-ല്‍ അവര്‍ മിസ്സോറിയിലേക്ക് തിരിച്ചുപോന്നു. ശിഷ്ടജീവിതം അവിടെ ചെലവഴിച്ചു. 1852 നവംബര്‍ 18-ന് 83-ാമത്തെ വയസ്സില്‍ മരിക്കു ന്നതുവരെ തന്റെ ചുറ്റുമുള്ളവര്‍ക്കെല്ലാം എന്തു കഷ്ടപ്പാടുകളും സഹിക്കാനുള്ള കരുത്തും പ്രചോദനവുമായി അവര്‍ നിലകൊണ്ടു.
1940 മെയ് 12 ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടു. 1988 ജൂലൈ 3 ന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍, റോസ് ഫിലിപ്പൈനിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

"ക്രിസ്തുവിനുവേണ്ടി ഒരു ചെറിയ സ്ഥലം മാത്രമാണ് നാം കൃഷി ചെയ്യുന്നത്. എങ്കിലും, നമ്മള്‍ അതില്‍ സന്തുഷ്ടരാണ്. കാരണം, ദൈവം വലിയ വലിയ നേട്ടങ്ങളല്ല, നിസ്വാര്‍ത്ഥമായ ഒരു ഹൃദയമാണു പ്രതീക്ഷിക്കുന്നതെന്നു നമുക്കറിയാം… ക്രിസ്തുവിനെ സ്വന്തമാക്കിയവര്‍ക്ക് എല്ലാമുണ്ട്"
വിശുദ്ധ റോസ് ഫിലിപ്പൈന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org