വിശുദ്ധ റീത്ത (കാഷിയാ) (1381-1457) : മെയ് 22

വിശുദ്ധ റീത്ത (കാഷിയാ) (1381-1457) : മെയ് 22
Published on
"അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥ" എന്നാണ് ഈ വിശുദ്ധ അറിയപ്പെടുന്നത്.

ഇറ്റലിയില്‍ ഉമ്പ്രിയായിലെ അപ്പന്നൈന്‍ മലനിരകളിലുള്ള കര്‍ഷക കുടുംബത്തിലാണ് മര്‍ഗ്ഗരീത്ത എന്ന റീത്തയുടെ ജനനം. "ഈശോയുടെ സമാധാനപാലകര്‍" എന്നാണ് റീത്തയുടെ മാതാപിതാക്കളെപ്പറ്റി അയല്‍ക്കാര്‍ പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ക്കു പ്രാര്‍ത്ഥിച്ചു ലഭിച്ച ഏകസന്തതിയായിരുന്നു റീത്ത. ഏകാന്തതയെ സ്‌നേഹിച്ചിരുന്ന അവള്‍, കാഷിയായിലെ അഗസ്തീനിയന്‍ മഠത്തില്‍ ചേരാന്‍ 18-ാമത്തെ വയസ്സില്‍ താല്പര്യം കാണിച്ചതാണ്. എന്നാല്‍, എന്തോ കാരണത്താല്‍, അവളുടെ മാതാപിതാക്കള്‍ മുന്‍കോപിയും മദ്യപനുമായ പോള്‍ ഫെര്‍ഡിനാന്റുമായി അവളുടെ വിവാഹം ഉറപ്പിക്കുകയാണു ചെയ്തത്. അതായിരിക്കും ദൈവത്തിന്റ തിരുമനസ്സ് എന്നു കരുതി റീത്ത മാതാപിതാക്കളുടെ തീരുമാനം സ്വീകരിച്ചു.

ഭര്‍ത്താവിന് റീത്തയുടെ ഭക്തിയും മറ്റും ഇഷ്ടപ്പെട്ടില്ല. കുടിച്ചു മത്തനായി വന്ന് അയാള്‍ റീത്തയെ ഉപദ്രവിച്ചിരുന്നു. തനിക്കുണ്ടായ രണ്ട് ആണ്‍കുട്ടികളായിരുന്നു റീത്തയുടെ ആശ്വാസം. ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കാന്‍ അവരും അമ്മയോടൊപ്പം പോകും. ഏതായാലും, അവളുടെ പ്രാര്‍ത്ഥനകള്‍ക്കും പ്രായശ്ചിത്തങ്ങള്‍ക്കും ദരിദ്ര-രോഗീസന്ദര്‍ശനങ്ങള്‍ക്കും ദൈവം ഫലം നല്‍കി. അവളുടെ ഭര്‍ത്താവ് മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ചു. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അയാളെ കുത്തേറ്റു മരിച്ച നിലയില്‍ വനപ്രദേശത്ത് കണ്ടെത്തുകയായിരുന്നു. അയാളുടെ ഘാതകരോട് റീത്ത ആത്മാര്‍ത്ഥമായി ക്ഷമിച്ചു. എന്നാല്‍, വളര്‍ന്നുവന്ന മക്കള്‍ അവരെ കൊല്ലാനുള്ള ആവേശത്തിലായിരുന്നു. അങ്ങനെ ഒരു കൊലപാതകം നടക്കുന്നതിനുമുമ്പ് മക്കള്‍ മരിച്ചാല്‍ മതിയെന്നായിരുന്നു അവളുടെ പ്രാര്‍ത്ഥന. ഏതായാലും ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടു മക്കളും മരണമടഞ്ഞു.

അന്നു റീത്തയ്ക്കു 30 വയസ്സാണു പ്രായം. മഠത്തില്‍ ചേരാനുള്ള ആഗ്രഹവുമായി ചെന്നപ്പോള്‍ രണ്ടുപ്രാവശ്യം അധികാരികള്‍ അനുമതി നല്‍കിയില്ല. കന്യകകളെ മാത്രമേ മഠത്തില്‍ പ്രവേശിപ്പിക്കുകയുള്ളു എന്നായിരുന്നു അവരുടെ ന്യായം. എങ്കിലും ദൈവം ഒരു അത്ഭുതം പ്രവര്‍ത്തിച്ചു. സെന്റ് അഗസ്റ്റിന്‍, വി. സ്‌നാപകയോഹന്നാന്‍, വി. നിക്കോളാസ് ടൊളന്റിനോ എന്നിവര്‍ ചേര്‍ന്ന് റീത്തയെ കാസിയോയിലെ മഠം കപ്പേളയിലെത്തിച്ചു. രാവിലെ കന്യാസ്ത്രീകള്‍ പൂട്ടിയിരുന്ന കപ്പേള തുറന്നപ്പോള്‍ അള്‍ത്താരയുടെ മുമ്പില്‍ റീത്തയെ കണ്ട് അത്ഭുതപ്പെട്ടു. അവര്‍ റീത്തയുടെ വാക്കുകള്‍ വിശ്വസിച്ച് മഠത്തില്‍ പ്രവേശനം നല്‍കി.

നൊവീഷ്യറ്റു മുതല്‍ നിത്യവ്രതവാഗ്ദാനം വരെ റീത്ത വിശുദ്ധിയില്‍ വളര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ 25 വര്‍ഷം ആത്മീയ ശാന്തതയില്‍ അവള്‍ കഴിഞ്ഞു. 1442-ല്‍ കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചു കൊണ്ടിരുന്നപ്പോള്‍ മഠത്തിന്റെ ഭിത്തിയിലുണ്ടായിരുന്ന ക്രൂശിതരൂപത്തിലെ മുള്‍മുടിയില്‍ നിന്നുവന്ന പ്രകാശരശ്മികള്‍ അവളുടെ നെറ്റിയില്‍ പതിച്ചു. ഒരു മുള്ളുകൊണ്ടതുപോലുള്ള മുറിവും നെറ്റിയിലുണ്ടായി. പിന്നീട് ആ മുറിവ് വലുതാവുകയും പഴുത്ത് ദുര്‍ഗ്ഗന്ധം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനാല്‍ റീത്തയ്ക്ക് തന്റെ കൊച്ചുമുറി യില്‍ത്തന്നെ ഏകാകിയായി എട്ടുവര്‍ഷം ക്ഷമയോടെ, എല്ലാം സന്തോഷപൂര്‍വ്വം സഹിച്ചുകൊണ്ട് കഴിയേണ്ടിവന്നു.

1450 ജൂബിലിവര്‍ഷത്തിലായിരുന്നു സീയെന്നായിലെ വി. ബര്‍ണര്‍ ദീനിന്റെ നാമകരണ നടപടികള്‍ റോമില്‍ നടക്കുന്നത്. അതില്‍ സംബന്ധിക്കാന്‍ പോകുന്ന തീര്‍ത്ഥാടകസംഘത്തില്‍ ചേരുവാന്‍ റീത്ത അതിയായി ആഗ്രഹിച്ചു. വീണ്ടും അത്ഭുതം പ്രവര്‍ത്തിച്ചു. റീത്തയുടെ നെറ്റിയിലെ വ്രണം പെട്ടെന്ന് അപ്രത്യക്ഷമായി. 69 വയസ്സുള്ള റീത്ത 90 മൈല്‍ നടന്ന് റോമിലെത്തി പരിപാടികളില്‍ പങ്കെടുത്തു. ആ നാമകരണ ചടങ്ങുകളില്‍, പിന്നീട് വിശുദ്ധരാക്കപ്പെട്ട നാലുപേര്‍ പങ്കെടുത്തിരുന്നു. ബൊളോഞ്ഞയിലെ വി. കാതറീന്‍, വി. ജോണ്‍ കപ്പിസ്ട്രാന്‍, വി. ജയിംസ് മാര്‍ച്ചസ്, വി. ഡിയേഗോ കാഡിസ് എന്നിവര്‍. 1457 മെയ് 22 ന് റീത്ത മരണമടഞ്ഞു.

1900 മെയ് 24-ന് പോപ്പ് ലെയോ പതിമ്മൂന്നാമന്‍ റീത്തയെ വിശുദ്ധയെന്നു നാമകരണം ചെയ്തു. "അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥ" എന്നാണ് ഈ വിശുദ്ധ അറിയപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org