
ഇറ്റലിയിലെ കാമ്പാനിയയില്‍ ജനിച്ച സെലസ്റ്റിന്‍ റോമില്‍ ഡീക്കനായിരുന്നപ്പോഴാണ് 422 സെപ്തംബര്‍ 20-ന് ബോനിഫസ് ഒന്നാമനുശേഷം പോപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. പത്തുവര്‍ഷം നീണ്ട തന്റെ ഭരണകാലത്ത് ഏറ്റെടുത്ത പ്രധാന ദൗത്യം അന്നു നിലവിലിരുന്ന രണ്ടു ശക്തമായ പാഷണ്ഡതകള്‍ക്കെതിരെ-നെസ്‌തോറിയനിസവും പെലാഗിയനിസവും-യുദ്ധം ചെയ്ത് അവയെ കീഴടക്കുക എന്നതായിരുന്നു.
428-ല്‍ നെസ്‌തോറിയസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കായി തിരഞ്ഞെടുത്തത് സെലസ്റ്റിന്‍ തന്നെയായിരുന്നു. എങ്കിലും, അദ്ദേഹം ക്രിസ്തുവിനെയും മാതാവിനെയും പറ്റി പ്രചരിപ്പിച്ച തെറ്റായ സിദ്ധാന്തങ്ങളെ തിരുത്തേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിന്റേതായി. അന്ന് അലക്‌സാണ്ഡ്രിയയിലെ ആര്‍ച്ചുബിഷപ്പായിരുന്ന വി. സിറിലിനെ സെലസ്റ്റിന്‍ ഈ ഉത്തരവാദിത്വം ഏല്പിച്ചു. അങ്ങനെ 431-ല്‍ കൂടിയ മൂന്നാം എഫേസൂസ് സൂനഹദോസില്‍ നെസ്‌തോറിയന്‍ പാഷണ്ഡതയെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രഖ്യാപനമുണ്ടായി. ഈ പ്രഖ്യാപനത്തിന് സെലസ്റ്റിന്‍ അംഗീകാരം നല്‍കിയതോടെ നെസ്‌തോറിയന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും അങ്ങനെ ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന ഒരു ശീശ്മ ഉടലെടുക്കുകയും ചെയ്തു.
429-ല്‍ പെലാജിയസിന്റെ തെറ്റായ സിദ്ധാന്തത്തെ എതിര്‍ത്തു തോല്പിക്കാനായി രണ്ടു ഫ്രഞ്ചു ബിഷപ്പുമാരെ-വി. ജെര്‍മ്മാനൂസും വി. ലൂപ്പസും-റോമിലേക്കയച്ചു. കൂടാതെ, 431-ല്‍ റോമില്‍വച്ച് വി. പല്ലാഡിയസിനെ ബിഷപ്പായി അഭിഷേകംചെയ്ത് അയര്‍ലണ്ടിനെ സുവിശേഷവല്‍ക്കരിക്കാന്‍ അവിടത്തെ പ്രഥമ മെത്രാനായി നിയമിച്ച് അയച്ചു.
432 ജൂലൈ 27-ന് വി. സെലസ്റ്റിന്‍ ഇഹലോകവാസം വെടിഞ്ഞു.