

ഫ്രാന്‍സിലെ ലൊറെയിന്‍ ആണ് പീറ്റര്‍ ഫോറിയറുടെ ജന്മദേശം. 1565 നവംബര്‍ 30 ന് ജനിച്ച അദ്ദേഹം പോണ്ടാമുസ്സോണില്‍ ജസ്യൂട്ട് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം ചെയ്തു. 1585-ല്‍ സെ. അഗസ്റ്റിന്റെ കാനന്‍ റെഗുലര്‍ എന്ന സഭയില്‍ അംഗമായി; 1589-ല്‍ പൗരോഹിത്യം സ്വീകരിച്ചു; 1595-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും സമര്‍ത്ഥമായി പാസ്സായി.
കാല്‍വനിസ്റ്റു പാഷണ്ഡതയുടെ പിടിയില്‍ അകപ്പെട്ടുപോയ, വളരെ ദയനീയാവസ്ഥയിലായിരുന്ന സ്വന്തം ജന്മനാടായ മറ്റെയ്ന്‍ കോര്‍ട്ടുതന്നെ പ്രവര്‍ത്തനമേഖലയായി അദ്ദേഹം തിരഞ്ഞെടുത്തു. ആത്മസംയമനവും ലളിതജീവിതവും സ്‌നേഹപൂര്‍വ്വമായ ഉപദേശവും തീക്ഷ്ണമായ പ്രാര്‍ത്ഥനയുംകൊണ്ട് അദ്ദേഹം നാട്ടില്‍ ആദ്ധ്യാത്മിക പരിവര്‍ത്തനം വരുത്തിക്കൊണ്ടിരുന്നു.
വിവിധ സംഘങ്ങള്‍ക്ക് അദ്ദേഹം രൂപം കൊടുത്തു - പ്രായമായവര്‍ക്കായി സെന്റ് സെബാസ്റ്റ്യന്‍ ഗില്‍ഡ്; വനിതകള്‍ക്കായി റോസറി സൊസൈറ്റി; യുവതികള്‍ക്കായി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സൊസൈറ്റി; കുട്ടികള്‍ക്ക് ''ഗുഡ് ഫാദര്‍ ഓഫ് മറ്റെയ്ന്‍കോര്‍ട്ട്'' എന്ന സംഘം രൂപീകരിച്ച്, സംഭാഷണരൂപത്തില്‍ ക്രിസ്തീയ സുകൃതങ്ങള്‍ രചിച്ച്, ഞായറാഴ്ചകളില്‍ അവരെക്കൊണ്ട് ചൊല്ലിച്ചിരുന്നു. ഇടവകയിലെ പാവങ്ങളെ സംരക്ഷിക്കാനായി ഒരു ''പരസ് പരസഹായനിധി''യും നാട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഒരു ''വോളണ്ടറി കോടതി''യും അദ്ദേഹം നടപ്പാക്കി.
വിദ്യാഭ്യാസമില്ലാത്ത ആണ്‍കുട്ടികളെക്കാള്‍ സമൂഹത്തിനു ഭീഷണിയാകുന്നത് വിദ്യാഭ്യാസമില്ലാത്ത പെണ്‍കുട്ടികളാണെന്ന ബോധ്യത്തില്‍ സാധു പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി വാഴ്ത്തപ്പെട്ട അലിക്‌സ് ലെക്ലാര്‍ക്കിന്റെ സഹകരണത്തോടെ 1597-ല്‍ ഒരു സൊസൈറ്റിക്ക് ആരംഭം കുറിച്ചു. ഈ സൊസൈറ്റിക്ക് 1616-ല്‍ മാര്‍പാപ്പയുടെ അംഗീകാരവും ലഭിച്ചു.
Canonesses Regular of St. Augustine of the Congregation of Notre Dame. ഈ സഭയിലെ അംഗസംഖ്യ അടിയ്ക്കടി പെരുകിക്കൊണ്ടിരുന്നു. ഫ്രഞ്ചു വിപ്ലവം പൊട്ടിപ്പുറപ്പെട്ട പ്പോള്‍ ഈ സഭയുടെ അംഗസംഖ്യ 4000 കവിഞ്ഞിരുന്നു
താവൂള്‍ രൂപതയുടെ ബിഷപ്പിന്റെ അഭ്യര്‍ത്ഥനപ്രകാരം പീറ്റര്‍ 1621-ല്‍ അഗസ്റ്റീനിയന്‍ കാനന്‍സ് റെഗുലര്‍ സഭയെ പുനരുദ്ധരിക്കാനുള്ള ശ്രമം തുടങ്ങി. അങ്ങനെയാണ് Congregation of Our Saviour 1629-ല്‍ രൂപം കൊണ്ടത്. 1682-ല്‍ പീറ്റര്‍ അതിന്റെ സുപ്പീരിയര്‍ ജനറലായി.
കാല്‍വനിസ്റ്റുകളെ മാനസാന്തരപ്പെടുത്തുന്നതില്‍ പീറ്റര്‍ സമ്പൂര്‍ ണ്ണമായി വിജയിച്ചു. കൂടാതെ ആറുമാസം കൊണ്ട് സാം എന്ന പ്രദേശത്തെ മുഴുവന്‍ പ്രൊട്ടസ്റ്റന്റു വിശ്വാസികളെയും അദ്ദേഹം സഭയിലേക്കു തിരികെ കൊണ്ടുവന്നു.
1640 ഡിസംബര്‍ 9-ന് മരണമടഞ്ഞ പീറ്റര്‍ ഫോറിയര്‍ 1730-ല്‍ വാഴ്ത്തപ്പെട്ടവനാകുകയും, 1897-ല്‍ പോപ്പ് ലെയോ XIII നാല്‍ വിശുദ്ധനെന്നു പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.