വിശുദ്ധ പീറ്റര്‍ ഡാമിയന്‍ (1007-1072) : ഫെബ്രുവരി 21

വിശുദ്ധ പീറ്റര്‍ ഡാമിയന്‍ (1007-1072) : ഫെബ്രുവരി 21
ഇപ്പോള്‍ നിങ്ങള്‍ എന്തായിരിക്കുന്നുവോ അതായിരുന്നു ഞാന്‍. ഇപ്പോള്‍ ഞാന്‍ എന്തായിരിക്കുന്നുവോ അതാകും നിങ്ങള്‍. ഓര്‍ക്കുക: ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ഈ മണ്ണായി മാറിയ പീറ്ററിന്റെമേല്‍ കരുണയുണ്ടാകണമേ.
പീറ്റര്‍ ഡാമിയന്‍.
അനേകം കുട്ടികളുള്ള ഒരു കുടുംബത്തില്‍ ഇളയ മകനായിട്ടാണ് പീറ്റര്‍ ജനിച്ചത്. കുലീന കുടുംബമായിരുന്നെങ്കിലും സാമ്പത്തികമായി പിന്നോക്കമായിരുന്നു. പീറ്ററിന്റെ ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കള്‍ മരിച്ചു. അനാഥനായിത്തീര്‍ന്ന പീറ്ററിനെ പന്നിയെ നോക്കാന്‍ ഏല്‍പിച്ച മൂത്ത സഹോദരന്‍ ശരിക്കു ഭക്ഷണം പോലും നല്‍കിയില്ല.

എന്നാല്‍, പീറ്ററിന്റെ ഭക്തിയും ബുദ്ധിസാമര്‍ത്ഥ്യവും മനസ്സിലാക്കിയ ഇളയ സഹോദരന്‍ അവന്റെ വിദ്യാഭ്യാസകാര്യങ്ങള്‍ ഏറ്റെടുത്തു. വൈദികനായിരുന്ന ആ സഹോദരനോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ പേരുകൂടി ചേര്‍ത്ത് പീറ്റര്‍ ഡാമിയനായി. പീറ്ററിന്റെ പിന്നീടുള്ള വളര്‍ച്ച ധൃതഗതിയിലായിരുന്നു. 25-ാമത്തെ വയസ്സില്‍ പീറ്റര്‍ ഇറ്റലിയിലെ റാവന്നായിലും പാര്‍മായിലുമൊക്കെ പ്രസിദ്ധനായ അദ്ധ്യാപകനായിത്തീര്‍ന്നു.
എങ്കിലും, അന്നത്തെ യൂണിവേഴ്‌സിറ്റികളിലെ തികച്ചും ലൗകികമായ ജീവിതം പീറ്ററിനെ അസ്വസ്ഥനാക്കി. അങ്ങനെ 1034-ല്‍ സന്ന്യാസം സ്വീകരിക്കുവാന്‍ തീരുമാനമെടുത്ത പീറ്റര്‍, കര്‍ശനമായ ജീവിതചര്യകളുള്ള ബനഡിക്‌ടൈന്‍ ആശ്രമത്തിലെ അന്തേവാസിയായി. പ്രാര്‍ത്ഥനയുടെയും പ്രായശ്ചിത്തപ്രവൃത്തികളുടെയും ആധിക്യം നിമിത്തം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. അതോടെ അദ്ദേഹം താമസിച്ചിരുന്ന ആശ്രമത്തിലെയും സമീപപ്രദേശങ്ങളിലുള്ള മറ്റ് ആശ്രമങ്ങളിലെയും സന്ന്യാസികളുടെ ആദ്ധ്യാത്മികഗുരുവായി അദ്ദേഹം നിയമിതനായി.
മാതാവിന്റെ ഒരു വലിയ ഭക്തനായിരുന്നു പീറ്റര്‍. 36-ാമത്തെ വയസ്സില്‍ അദ്ദേഹം ഫൊണ്ടെ അവല്ലാന ആശ്രമത്തിന്റെ അധിപനായി. മരണം വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു. ഈ കാലയളവില്‍ ആശ്രമത്തിലെ നിയമങ്ങള്‍ അദ്ദേഹം കാലികമായി ബുദ്ധിപൂര്‍വ്വം പരിഷ്‌കരിച്ചു. അനേക സഹോദരസ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
ഭാവിയിലെ ഒരു വലിയ പരിഷ്‌കര്‍ത്താവും പോപ്പ് ഗ്രിഗരി ഏഴാമനും ആകാനിരുന്ന ഹില്‍ഡെ ബ്രാന്റ് പീറ്ററിന്റെ അടുത്ത സുഹൃത്തായിരുന്നു. അവരൊരുമിച്ച്, സഭയ്‌ക്കെതിരെ അന്നുയര്‍ന്നുവന്നിരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശക്തമായ ഭാഷയില്‍ മറുപടി നല്‍കിക്കൊണ്ടിരുന്നു. അന്നത്തെ പുരോഹിതരെ വിമര്‍ശിച്ചുകൊണ്ട് 1051-ല്‍ അദ്ദേഹം രചിച്ച "Liber Gomorrhianus'' എന്ന ഗ്രന്ഥം അവരുടെ തലയില്‍ വീണ ഇടിത്തീയായിരുന്നു.
1057-ല്‍ പോപ്പ് സ്റ്റീഫന്‍ X പീറ്ററിനെ ഓസ്തിയയിലെ ബിഷപ്പായി നിയമിച്ചു. വൈകാതെ കര്‍ദ്ദിനാളായി നിയമിതനായ അദ്ദേഹം അതു നിര്‍ബന്ധത്തിനു വഴങ്ങിയാണ് സ്വീകരിച്ചത്. അങ്ങനെ, ഏഴു മാര്‍പാപ്പമാരുടെ ഉപദേശകസമിതിയില്‍ അംഗമായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു. റോമിലായിരുന്നപ്പോള്‍ ഒരിക്കല്‍ പെട്ടെന്ന് രോഗിയായി മാറിയ പീറ്റര്‍ 1072 ഫെബ്രുവരി 28-ന് രോഗം മൂര്‍ച്ഛിച്ച് മരണമടഞ്ഞു. ഫേന്‍സാ കത്തീഡ്രലിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. ഔദ്യോഗികമായി വിശുദ്ധനെന്നു പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും പീറ്റര്‍ ഡാമിയനെ സഭയുടെ ഔദ്യോഗിക വേദപാരംഗതനായി അംഗീകരിച്ചിട്ടുണ്ട്.
പീറ്റര്‍ ഡാമിയന്റെ ശവക്കല്ലറയില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍ അദ്ദേഹത്തിന്റേതുതന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org