വിശുദ്ധ പീറ്റര്‍ ക്രൈസോളഗസ് (380-450) : ജൂലൈ 30

വിശുദ്ധ പീറ്റര്‍ ക്രൈസോളഗസ് (380-450) : ജൂലൈ 30

അഞ്ചാം നൂറ്റാണ്ടില്‍ പാശ്ചാത്യ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം റോം ആയിരുന്നില്ല. റാവെന്ന ആയിരുന്നു. റാവെന്നയുടെ ഏറ്റവും പ്രസിദ്ധനായ ആര്‍ച്ചുബിഷപ്പായിരുന്നു. വി. പീറ്റര്‍ ക്രൈസോളഗസ്. ക്രൈസോളഗസ് എന്നു പറഞ്ഞാല്‍ "കനകവചസ്സുകള്‍" എന്നര്‍ത്ഥം. പീറ്ററിന്റെ അസാധാരണമായ പ്രസംഗചാതുര്യമാണ് അദ്ദേഹത്തെ ക്രൈസോളഗസ് ആക്കിയത്. ഉറച്ച ബോധ്യവും സഭയോടുള്ള ആത്മാര്‍ ത്ഥമായ വിധേയത്വവും കൊണ്ട് അദ്ദേഹം വികലമായ ചിന്തകള്‍ക്കും പ്രബോധനങ്ങള്‍ക്കും എതിരെ ധാര്‍മ്മികയുദ്ധം പ്രഖ്യാപിച്ചു.

ഇറ്റലിയിലെ ഇമോളയാണ് വി. പീറ്ററിന്റെ ജന്മദേശം. വെറുമൊരു ഡീക്കനായിരുന്നപ്പോള്‍ പീറ്റര്‍ റാവെന്നയിലെ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. വളരെ തീക്ഷ്ണതയോടെ ആ രൂപതയ്ക്കുവേണ്ടി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു. വി. ബലിയില്‍ കൂടെക്കൂടെ സംബന്ധിക്കാന്‍ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരുന്നു. അതിരുകള്‍ ലംഘിച്ചുള്ള ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കെതിരെ പ്രസംഗിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "സാത്താനോടൊപ്പം ആഹ്ലാദിക്കുന്നവന് ക്രിസ്തുവിനോടുകൂടെ ആനന്ദിക്കാന്‍ സാധിക്കില്ല."

അദ്ദേഹത്തിന്റെ രചനകളും പ്രസംഗങ്ങളുമായി 176 കൃതികള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. വേറിട്ട ചിന്തകള്‍ അധികമില്ലെങ്കിലും സുകൃത ജീവിതം നയിക്കാന്‍ ധാര്‍മ്മിക പിന്തുണയുടെ ആവശ്യകത അദ്ദേഹം എടുത്തു പറയുന്നുണ്ട്. തെറ്റായ ചിന്തകള്‍ക്കും പഠനങ്ങള്‍ക്കുമെതിരെ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: "തിരുസ്സഭയുടെ സമാധാനം സ്വര്‍ഗ്ഗത്തില്‍ സന്തോഷം ഉളവാക്കുമെങ്കില്‍ ഭിന്നത സങ്കടം ഉളവാക്കും." 1729-ല്‍ പോപ്പ് ബനഡിക്ട് പതിമൂന്നാമന്‍ പീറ്ററെ സഭാപാരംഗതനായി അംഗീകരിച്ചു.

വിദ്യാഭ്യാസത്തിന്റെയും പഠനങ്ങളുടെയും പ്രാധാന്യം അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. വിശ്വാസത്തിന്റെയും ഭക്തിയുടെയും അടിസ്ഥാനം വിജ്ഞാനമായിരിക്കണം. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും വിശ്വാസികളെ രക്ഷിക്കാന്‍ വിജ്ഞാനത്തിനേ കഴിയൂ. വിജ്ഞാനത്തില്‍ ഉറപ്പിച്ച വിശ്വാസം പാറമേല്‍ പണിത വീടുപോലെയാണ്. അടിസ്ഥാനമില്ലാത്ത ചിന്തകള്‍ക്കൊന്നും അതിനെ ഉലയ്ക്കാനാവില്ല. സത്യം നിങ്ങളെ സ്വതന്ത്രനാക്കുമെന്നാണ് ക്രിസ്തു പറഞ്ഞത്. സത്യം കണ്ടെത്താന്‍ വിജ്ഞാനത്തിന്റെ വെളിച്ചം വേണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org