വിശുദ്ധ നോര്‍ബര്‍ട്ട് (1060-1134) : ജൂണ്‍ 6

വിശുദ്ധ നോര്‍ബര്‍ട്ട് (1060-1134) : ജൂണ്‍ 6

ജര്‍മ്മനിയില്‍ സാന്റന്‍ റൈന്‍ലാന്റ് എന്ന സ്ഥലത്ത് ഒരു രാജകുടുംബത്തിലാണ് നോര്‍ബര്‍ട്ട് ജനിച്ചത്. സുഖഭോഗങ്ങളില്‍ മുഴുകി അലസ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതരീതി മാറ്റിമറിച്ചത് ഒരു യാദൃച്ഛിക സംഭവമാണ്. ഒരിക്കല്‍ കുതിരപ്പുറത്ത് യാത്രചെയ്യുമ്പോള്‍ ഇടിമിന്നലേറ്റ് നോര്‍ബര്‍ട്ട് തെറിച്ചുവീണ് മരണത്തോടു മല്ലടിച്ച് മണിക്കൂറുകള്‍ കിടന്നു. ബോധം തെളിഞ്ഞപ്പോള്‍, മരണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ടതിനെപ്പറ്റിയായി അദ്ദേഹത്തിന്റെ ചിന്ത.
അങ്ങനെ അദ്ദേഹത്തിന്റെ ജീവിതരീതി തന്നെ മാറി. ധ്യാനവും പ്രായശ്ചിത്തവുമായി ശിഷ്ടജീവിതം കഴിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. കൊട്ടാരത്തിലെ സ്ഥാനമാനങ്ങളെല്ലാം ത്യജിച്ചു. തന്റെ സമ്പത്തെല്ലാം പാവങ്ങള്‍ക്കു വിതരണം ചെയ്തു. അങ്ങനെ പൂര്‍ണദരിദ്രനായി, നഗ്നപാദനായി ഫ്രാന്‍സിലെ വി. ഗില്‍സിന്റെ അടുത്തെത്തി. അവിടെ വച്ചാണ് പോപ്പ് ഗലാസിയൂസ് രണ്ടാമന്‍ ലോകത്തെവിടെയും പോയി സുവിശേഷം പ്രസംഗിക്കുവാനുള്ള പൂര്‍ണസ്വാതന്ത്യം നോര്‍ബര്‍ട്ടിനു നല്‍കിയത്.
പോപ്പ് കലിക്ടസ് രണ്ടാമന്റെയും ലയോണിലെ ബിഷപ്പായിരുന്ന ബര്‍ത്തലോമിയോയുടെയും അഭ്യര്‍ത്ഥനപ്രകാരം 1121-ല്‍ പതിമൂന്നു സുഹൃത്തുക്കളെയും കൂട്ടി നോര്‍ബര്‍ട്ട് ഒരു സന്ന്യാസസഭ സ്ഥാപിച്ചു. വി. അഗസ്റ്റിന്റെ സഭാനിയമങ്ങളാണ് പരിഷ്‌കരിച്ച് സഭയില്‍ നടപ്പാക്കിയത്. ആ സഭയുടെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. അഞ്ചുവര്‍ഷംകൊണ്ട് പത്ത് പുതിയ ആശ്രമങ്ങള്‍ ജന്മംകൊണ്ടു. 1131-ല്‍ ലീഗ് കൗണ്‍സിലിനുശേഷം പോപ്പ് ഇന്നസെന്റ് രണ്ടാമന്‍ ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ സഭയില്‍ 500 വൈദികരും സന്ന്യാസാര്‍ത്ഥികളും അത്മായപ്രേഷിതരുമുണ്ടായിരുന്നു. പത്തുവര്‍ഷത്തിനുശേഷം അംഗസംഖ്യ ആയിരം കവിഞ്ഞു. സ്ത്രീകള്‍ ക്കായി ഒരു കന്യകാലയവും വിശ്വാസികളുടെ കൂട്ടായ്മകളും രൂപം കൊണ്ടിരുന്നു.
തിരുവോസ്തിക്കെതിരെ ആന്റ്‌വെര്‍പ്പില്‍ നടന്നിരുന്ന പ്രചരണത്തിനെതിരെ ശക്തമായി പ്രതികരിച്ചത് നോര്‍ബര്‍ട്ടാണ്. അതോടെ മാഗ്ഡബര്‍ഗ്ഗിന്റെ ആര്‍ച്ചുബിഷപ്പായി അദ്ദേഹം നിയമിതനായി. ആരോപണ വിധേയരായ വൈദികരെയും സഭയെയും സംരക്ഷിക്കാനുള്ള ശ്രമത്തില്‍ മൂന്നുപ്രാവശ്യം അദ്ദേഹം വധഭീഷണിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
രാജാവിന്റെ ചാന്‍സിലറും ഉപദേശകനുമായിരുന്ന നോര്‍ബര്‍ട്ടാണ് അന്ന് പോപ്പ് ഇന്നസെന്റ് രണ്ടാമനെതിരെ വെല്ലുവിളിയുയര്‍ത്തിയ ആന്റിപോപ്പ് പിയെത്ര ഡി ലെയോണിക്കെതിരെ റോമിലേക്ക് പോയ സംഘത്തെ നയിച്ചത്. പക്ഷേ, അതിനുശേഷം തിരിച്ചെത്തിയ അദ്ദേഹം പെട്ടെന്ന് രോഗിയായി. 1134 ജൂണ്‍ 6-ന് ഇഹലോകവാസം വെടിയുകയും ചെയ്തു.
1852-ല്‍ പോപ്പ് ഗ്രിഗരി XIII നോര്‍ബര്‍ട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. മാഗ്ഡബര്‍ഗ്ഗ് പ്രൊട്ടസ്റ്റന്റുമത സ്വാധീനത്തിലായപ്പോള്‍ വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ 1627-ല്‍ പ്രേഗിലേക്കു മാറ്റി. അതിനുശേഷം പ്രേഗിലെ 600 പ്രൊട്ടസ്റ്റന്റുകാര്‍ മാനസാന്തരപ്പെട്ടു കത്തോലിക്കാസഭയിലേക്ക് തിരിച്ചുവന്നെന്നു പറയപ്പെടുന്നു. അതോടുകൂടി ബൊഹേമിയാ (ചെക്കോസ്ലോവാക്യ)യുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനും സംരക്ഷകനുമായിത്തീര്‍ന്നു വി. നോര്‍ബര്‍ട്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org