വിശുദ്ധ നിക്കോളാസ് ഫ്‌ളു (1417-1487) : മാര്‍ച്ച് 21

വിശുദ്ധ നിക്കോളാസ് ഫ്‌ളു (1417-1487) : മാര്‍ച്ച് 21
പ്രാര്‍ത്ഥനയിലും ഏകാന്തധ്യാനത്തിലുമായി നീണ്ട ഇരുപതു വര്‍ഷം ചെലവഴിച്ചു. ആ കാലഘട്ടത്തില്‍ അദ്ദേഹം വി. കുര്‍ബാന ഉള്‍ക്കൊള്ളുകയല്ലാതെ, മറ്റൊന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാറില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രദര്‍ ക്ലാവൂസ് എന്നാണ് നിക്കോളാസ് അറിയപ്പെട്ടിരുന്നത്. സ്വിറ്റ്‌സര്‍ലണ്ടിനു വെളിയില്‍ പോലും അദ്ദേഹത്തിന് ആരാധകരുണ്ടായിരുന്നു. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ ഉപദേശങ്ങള്‍ക്കും പ്രാര്‍ത്ഥനാസഹായത്തിനുമായി ആളുകള്‍-പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ-അദ്ദേഹത്തെ സമീപിച്ചിരുന്നു.

സന്ന്യാസം സ്വീകരിക്കുന്നതിനു മുമ്പ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് അംഗീകാരം നേടിയെടുത്ത ഒരു പ്രതിഭാശാലിയായിരുന്നു വി. നിക്കോളാസ്. സ്വിറ്റ്‌സര്‍ലണ്ടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം.
യുവാവായിരുന്നപ്പോള്‍ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന ഒരു സൈന്യാധിപനായിരുന്നു നിക്കോളാസ്. ക്യാപ്റ്റന്‍ റാങ്കുവരെ എത്തിയശേഷം വിവാഹിതനായി. ഡൊരോത്തി വൈസ് ആയിരുന്നു ഭാര്യ. പത്തു മക്കളെ കൊണ്ട് സമ്പന്നമായിരുന്നു ആ കുടുംബം.
രാജ്യത്തിനു വേണ്ടി രാഷ്ടീയ സാമൂഹിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കൗണ്‍സിലറും മജിസ്‌ട്രേറ്റും മറ്റുമായി ശ്രദ്ധേയമായ ജീവിതം കാഴ്ചവച്ചു. ഈ ജോലിത്തിരക്കിനിടയിലും രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ നീളുന്ന പ്രാര്‍ത്ഥനയില്‍ അദ്ദേഹം മുഴുകുമായിരുന്നു. എന്നിട്ടും മനസ്സമാധാനം ലഭിച്ചില്ല. അതുകൊണ്ട് 1465 ല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ചു. 1467 ല്‍ ലഭിച്ച ഒരു വെളിപാടു വഴി എല്ലാ ഭൗതികബന്ധങ്ങളും അവസാനിപ്പിച്ച് പരിപൂര്‍ണ്ണമായി ദൈവിക കാര്യങ്ങളില്‍ മുഴുകുവാന്‍ അദ്ദേഹം തീരുമാനമെടുത്തു.
അന്ന് അദ്ദേഹത്തിന് അമ്പതു വയസ്സുണ്ട്. ഭാര്യയുടെ അനുവാദം വാങ്ങി, കുടുംബകാര്യങ്ങളെല്ലാം വേണ്ടരീതിയില്‍ ക്രമീകരിച്ചു. എന്നിട്ട് റാഫ്റ്റ് മലനിരകളിലെ ഏകാന്തതയിലേക്ക് അദ്ദേഹം പിന്‍വലിഞ്ഞു. നിക്കോളാസിന്റെ ജീവിതവിശുദ്ധിയെപ്പറ്റി ബോധ്യമുണ്ടായിരുന്ന ലോക്കല്‍ അധികാരികള്‍ അദ്ദേഹത്തിന്റെ സൗകര്യത്തിനായി ഒരു ആശ്രമവും ചാപ്പലും പണികഴിപ്പിച്ചു നല്‍കി. അവിടെ പ്രാര്‍ത്ഥനയിലും ഏകാന്തധ്യാനത്തിലുമായി നീണ്ട ഇരുപതു വര്‍ഷം ചെലവഴിച്ചു. ആ കാലഘട്ടത്തില്‍ അദ്ദേഹം വി. കുര്‍ബാന ഉള്‍ക്കൊള്ളുകയല്ലാതെ, മറ്റൊന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാറില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്രദര്‍ ക്ലാവൂസ് എന്നാണ് നിക്കോളാസ് അറിയപ്പെട്ടിരുന്നത്. സ്വിറ്റ്‌സര്‍ലണ്ടിനു വെളിയില്‍ പോലും അദ്ദേഹത്തിന് ആരാധകരുണ്ടായിരുന്നു. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ ഉപദേശങ്ങള്‍ക്കും പ്രാര്‍ത്ഥനാസഹായത്തിനുമായി ആളുകള്‍-പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ-അദ്ദേഹത്തെ സമീപിച്ചിരുന്നു. 1481 ല്‍ അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ രൂപം കൊണ്ടപ്പോള്‍ ഭരണാധികാരികള്‍ ബ്രദര്‍ ക്ലാവൂസിനെത്തന്നെ ക്ഷണിച്ചുവരുത്തി. മാതൃരാജ്യത്തോടുള്ള സ്‌നേഹവും ഭക്തിയും പ്രകടമാക്കിക്കൊണ്ട് അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ തീരുമാനമെടുത്തു. അങ്ങനെ ആധുനിക ഐക്യ സ്വിറ്റ്‌സര്‍ലണ്ടിന് അദ്ദേഹം അടിസ്ഥാനമിട്ടു.
എഴുപതാമത്തെ വയസ്സില്‍ 1487 മാര്‍ച്ച് 21 ന് നിക്കോളാസ് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. 1669 ല്‍ ദൈവദാസനായി അംഗീകരിക്ക പ്പെട്ടു. പോപ്പ് പയസ്സ് XII, 1947 മെയ് 15 ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. കത്തോലിക്കാ മതവിശ്വാസികള്‍ക്കുമാത്രമല്ല, പ്രൊട്ടസ്റ്റന്റ് മതവിശ്വാസികള്‍ക്കും ഒരുപോലെ സുസ്സമ്മതനായ ഒരു വിശുദ്ധനാണ് വി. നിക്കോളാസ് ഫ്‌ളൂ.

കര്‍ത്താവായ ദൈവമേ എന്നെ അങ്ങില്‍ നിന്നകറ്റുന്ന സകലതും എന്നില്‍ നിന്നു മാറ്റിക്കളയണമേ!എന്നെ അങ്ങയോട് അടുപ്പിക്കുന്ന സകലതും എനിക്കു നല്‍കണമേ!
വി. നിക്കോളാസ് ഫ്‌ളൂ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org