വിശുദ്ധ നെമേസിയൂസ് (250) : ഡിസംബര്‍ 19

വിശുദ്ധ നെമേസിയൂസ് (250) : ഡിസംബര്‍ 19

ഈജിപ്തായിരുന്നു നെമേസിയൂസിന്റെ ജന്മദേശം. ട്രാജന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് അലക്‌സാണ്ഡ്രിയായില്‍ വച്ച് നെമേസിയൂസ് ഒരു കളവുകേസില്‍ കുടുങ്ങി. ഒരു നല്ല ക്രിസ്തുവിശ്വാസിയായിരുന്ന അദ്ദേഹം കള്ളക്കേസില്‍ നിന്നു തലയൂരിയെങ്കിലും അദ്ദേഹം ഒരു ക്രിസ്ത്യാനിയാണെന്നു മനസ്സിലായതോടെ വീണ്ടും തടവിലായി. എന്നാല്‍, ക്രിസ്തുവിലുള്ള വിശ്വാസം അദ്ദേഹം നിഷേധിച്ചില്ല. മാത്രമല്ല, തന്റെ വിശ്വാസം അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ചക്രവര്‍ത്തിയുടെ ഭീഷണിയൊന്നും അദ്ദേഹം വകവച്ചില്ല. കള്ളന്മാരോടും പിടിച്ചുപറിക്കാരോടും പെരുമാറുന്നതിനേക്കാള്‍ മൃഗീയമായി അവര്‍ നെമേസിയൂസിനെ പീഡിപ്പിച്ചു. എന്നിട്ട്, അഗ്നിയില്‍ ദഹിപ്പിച്ചു കൊല്ലാനായിരുന്നു വിധി. ക്രിസ്തുവിന്റെ പീഡാനുഭവം പോലുള്ള വിധി.
പ്രീഫെക്ടിന്റെ ഏറ്റവും അടുത്ത ആജ്ഞാനുവര്‍ത്തികളായ സൈനികരില്‍ നാലുപേര്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവരായിരുന്നു. അവര്‍ അടുത്തു നിന്ന് നെമേസിയൂസിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അതോടെ അവര്‍ നാലുപേരും ന്യായാധിപന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. അവരെ ശിരച്ഛേദം ചെയ്തു വധിക്കാനായിരുന്നു വിധി. എന്നാല്‍, അവര്‍ സന്തോഷത്തോടെ വിധിസ്ഥലത്തേക്കു പോകുന്നതു കണ്ട് ജഡ്ജി ആശ്ചര്യപ്പെട്ടു.
ഹെറോണ്‍, അര്‍സേനിയസ്, ഇസിദോര്‍, ഡയോസ്‌കോറസ് എന്നീ നാല് ഈജിപ്തുകാരും അലക്‌സാണ്ഡ്രിയായിലെ പീഡനകാലത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. ക്രൂരമായ പീഡനമുറകള്‍ക്കുശേഷം മൂന്നുപേരും വധിക്കപ്പെട്ടു. എന്നാല്‍, വെറും 15 വയസുകാരനായ ഡയോസ്‌കോറസിനെ, പശ്ചാത്തപിക്കാനുള്ള സമയം കൊടുത്തുകൊണ്ട് ജഡ്ജി വെറുതെ വിട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org