ഇക്വഡോറില്‍ 1854-നവംബര്‍ 7-ന് ജനിച്ച വിശുദ്ധന്റെ മാമ്മോദീസാ പേര് ഫ്രാന്‍സിസ്‌കോ എന്നായിരുന്നു. ജന്മനാ കാലിലുണ്ടായിരുന്ന വൈകല്യം എന്നും ഒരു ദുഃഖകാരണമായിരുന്നെങ്കിലും അദ്ദേഹം എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നു.
പതിനഞ്ചാമത്തെ വയസ്സില്‍ ഫ്രാന്‍സീസ്‌കോ "ബ്രദേഴ്‌സ് ഓഫ് ക്രിസ്ത്യന്‍ സ്‌കൂള്‍സ്" എന്ന സന്ന്യാസസഭയില്‍ ചേര്‍ന്നു. ഈ സഭയില്‍ ചേര്‍ന്ന് നിത്യവ്രതവാഗ്ദാനം നടത്തിയ ആദ്യത്തെ ലാറ്റിനമേരിക്കന്‍ ബ്രദറായിരുന്നു ഫ്രാന്‍സീസ്. ഈ സഭയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം ബ്രദര്‍ മിഗുവെല്‍ എന്ന നാമം സ്വീകരിച്ചു.
വര്‍ഷങ്ങളോളം അദ്ദേഹം ക്വിറ്റോയിലെ സ്‌കൂളുകളില്‍ ഭാഷകളും സാഹിത്യവും പഠിപ്പിച്ചു. കുട്ടികള്‍ക്കുവേണ്ടി അനേകം ടെക്സ്റ്റ്ബുക്കുകളും അദ്ദേഹം തയ്യാറാക്കി. അവയൊക്കെ തെക്കെ അമേരിക്കയിലെ മിക്ക സ്‌കൂളുകളിലും പാഠപുസ്തകങ്ങളായി അംഗീകരിച്ചിരുന്നു. എന്നാല്‍, മിഗുവെല്‍ ഏറ്റവും ശോഭിച്ചത്, കുട്ടികളെ ധാര്‍മ്മിക വിഷയങ്ങള്‍ പഠിപ്പിക്കുന്നതിലായിരുന്നു.
അമ്പത്താറാമത്തെ വയസ്സില്‍ ന്യുമോണിയ ബാധിച്ച് മിഗുവേല്‍ ചരമമടഞ്ഞു. പോപ്പ് ജോണ്‍ പോള്‍ II ആണ് 1984 ഒക്‌ടോബര്‍ 21-ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.