വിശുദ്ധ മെത്തോഡിയസ് (847) : ജൂണ്‍ 14

വിശുദ്ധ മെത്തോഡിയസ് (847) : ജൂണ്‍ 14

ഇറ്റലിയിലെ സിസിലിയില്‍ ജനിച്ച മെത്തോഡിയസ് സിറാക്കൂസ് ടൗണിലാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അതിനുശേഷം കോടതിയില്‍ ഒരു ഉയര്‍ന്ന ഉദ്യോഗം തേടി അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളിലെത്തി (ടര്‍ക്കി). പക്ഷേ, അവിടെവച്ച് ഒരു സന്ന്യാസിയെ കണ്ടെത്തുകയും അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ഇഹലോകസുഖങ്ങളെല്ലാം ത്യജിച്ച് ചെനോലാക്കോസ് മൊണാസ്റ്ററിയില്‍ ചേരുകയും ചെയ്തു.

815-ല്‍ ലെയോ അഞ്ചാമന്‍ ചക്രവര്‍ത്തി പ്രതിമകളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രണ്ടാമത്തെ മതപീഡനം ആരംഭിച്ചു. തിരുസ്വരൂപങ്ങളെ ബഹുമാനിക്കുന്നതില്‍ തെറ്റില്ലെന്ന വാദത്തില്‍ മെത്തോഡിയസ് ഉറച്ചുനിന്നു. എന്നാല്‍, വി. നൈസ്‌ഫോറസിനെ അറസ്റ്റുചെയ്ത് ചക്രവര്‍ത്തി നാടുകടത്തിയപ്പോള്‍ മെത്തോഡിയസ് റോമിലേക്കു കടന്നു. പോപ്പ് പാസ്‌കല്‍ I നെ കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ലെയോ അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ മരണംവരെ മെത്തോഡിയസ് റോമില്‍ തങ്ങി.

821-ല്‍ മെത്തോഡിയസ് കോണ്‍സ്റ്റാന്റിനോപ്പിളില്‍ തിരിച്ചെത്തിയത് ചക്രവര്‍ത്തി മൈക്കിളിനുള്ള പോപ്പിന്റെ ഒരു കത്തുമായിട്ടാണ്. വി. നൈസ്‌ഫോറസിനെ കുറ്റവിമുക്തനാക്കണമെന്നാണ് പോപ്പ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, കത്തു വായിച്ചശേഷം ചക്രവര്‍ത്തി മെത്തോഡിയസിനെ തല്ലിച്ചതച്ച് ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടു. അങ്ങനെ പീഡിപ്പിക്കപ്പെട്ട മെത്തോഡിയസ് ഏഴുവര്‍ഷം വി. ആന്‍ഡ്രുദ്വീപില്‍ കഴിയേണ്ടിവന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മോചനത്തിനുശേഷം പുതിയ ചക്രവര്‍ത്തി തിയോഫിലസ് വീണ്ടുമൊരു മതപീഡനം ആരംഭിച്ചു. മെത്തോഡിയസിനെ ചക്രവര്‍ത്തി തന്റെ മുമ്പില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

മെത്തോഡിയസിന്റെ കഴിഞ്ഞകാലപ്രവര്‍ത്തനങ്ങളായിരുന്നു ചര്‍ച്ചാവിഷയം. താന്‍ പ്രേരിപ്പിച്ചല്ലേ പോപ്പിനെക്കൊണ്ട് ആ കത്ത് എഴുതിപ്പിച്ചത് എന്നായിരുന്നു ചക്രവര്‍ത്തിയുടെ ചോദ്യം. "ക്രിസ്തുവിന്റെ ചിത്രം വണങ്ങുന്നത് തെറ്റാണെങ്കില്‍ അങ്ങെന്തിന് സ്വന്തം ചിത്രങ്ങള്‍ വണക്കത്തിനായി സ്ഥാപിക്കുന്നു?" എന്നായിരുന്നു മെത്തോഡിയസിന്റെ ചോദ്യം. 842-ല്‍ ചക്രവര്‍ത്തി മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തിയഡോറ റീജന്റായി ഭരണമേറ്റു. അവര്‍ മെത്തോഡിയസിനെ സപ്പോര്‍ട്ടു ചെയ്യുകയാണ് ചെയ്തത്.

തിയോഫിലസ് ചക്രവര്‍ത്തിയുടെ മരണശേഷം മെത്തോഡിയസ് മൊണാസ്റ്ററിയിലേക്ക് മടങ്ങി. പാത്രിയാര്‍ക്കായി നിയമിതനായ അദ്ദേഹം തന്റെ നാലു വര്‍ഷത്തെ ഭരണകാലത്ത് ഒരു സിനഡു വിളിച്ചുകൂട്ടുകയും, തന്റെ ആശയങ്ങള്‍ സ്ഥാപിച്ചെടുക്കുകയും ചെയ്തു. നാടുകടത്തപ്പെട്ട് തടവില്‍ കിടന്നു മരണമടഞ്ഞ വി. നൈസ്‌ഫോറസിന്റെ ഭൗതികാവശിഷ്ടം കോണ്‍സ്റ്റാന്റിനോപ്പിളില്‍ കൊണ്ടുവന്ന് അടക്കം ചെയ്യുകയും ചെയ്തു. കൂടാതെ, വി. മരീന, വി. അഗത്ത, വി. കോസ്മാസ്, വി. ഡാമിയന്‍, വി. തെയോഫിന്‍സ് തുടങ്ങിയ വിശുദ്ധരുടെ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചു.

847 ജൂണ്‍ 14-ന് വി. മെത്തോഡിയസ് രോഗബാധിതനായി മരണമടഞ്ഞു.

ദൈവത്തെ മാത്രം കാണാനായി വിശുദ്ധര്‍ മറ്റു കാഴ്ചകളെല്ലാം ഉപേക്ഷിച്ചു. അവിടുത്തെ മാത്രം കണ്ടെത്താനായി അവര്‍ സൃഷ്ടവസ്തുക്കളെയെല്ലാം വിസ്മരിച്ചു. ഇതാണു സ്വര്‍ഗ്ഗത്തിലെത്താനുള്ള മാര്‍ഗ്ഗം.
വി. ജോണ്‍ മരിയ വിയാനി

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org