
"കരുണയുടെ ഈശോയെ" ആധുനികയുഗത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച വിശുദ്ധയാണ് മരിയ ഫൗസ്റ്റീന. പോളണ്ടില്‍ ഗ്ലോഗോവിക്കില്‍ 1905 ആഗസ്റ്റ് 25നാണ് മരിയയുടെ ജനനം. ഹെലെനാ എന്നായിരുന്നു ഓമനപ്പേര്. പതിന്നാലു വയസ്സുവരെ മാതാപിതാക്കളായ സ്തനിസ്ലാവൂസിനെയും മരിയന്നയെയും സഹായിച്ചുകൊണ്ട് വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടി. 1925 ആഗസ്റ്റ് 1-നാണ്, വാര്‍സോയിലുള്ള കരുണയുടെ മാതാവിന്റെ നാമത്തിലുള്ള കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നത്. മഠത്തില്‍ വെറും സാധാരണ അംഗത്തെപ്പോലെ കുക്കിംഗും ഗാര്‍ഡനിംഗും ഗേറ്റ് കീപ്പിംഗും ഒക്കെയായി കഴിച്ചുകൂട്ടി.
എന്നാല്‍, 1931 ഫെബ്രുവരി 22 നാണ് ഒരു പ്രത്യേക നിയോഗത്തിനായി ഫൗസ്റ്റീന തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വെളിപാടിലൂടെ ഈശോ ഫൗസ്റ്റീനയെ തന്റെ സെക്രട്ടറിയായി നിയോഗിച്ചതായി അറിയിക്കുകയാ യിരുന്നു. വിശ്വസ്തയായ സെക്രട്ടറിയും സന്ദേശവാഹകയുമായിത്തീര്‍ന്ന ഫൗസ്റ്റീനയെ കരുണയുടെചിത്രം വരയ്ക്കാനും, ആ ചിത്രവും കരുണയുടെ സന്ദേശവും പ്രചരിപ്പിക്കാനുമായിരുന്നു നിയോഗിച്ചത്. ഈശോ വെളിപ്പെ ടുത്തിക്കൊടുത്ത രീതിയില്‍ ഫൗസ്റ്റീന ഒരു ചിത്രകാരനെക്കൊണ്ടു വരപ്പിച്ച ചിത്രമാണ് ഇന്നു ലോകം മുഴുവന്‍ പ്രചരിക്കുന്ന കരുണയുടെ ഈശോയുടെ ചിത്രവും പ്രാര്‍ത്ഥനകളും.
ധാരാളം അലൗകിക അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള ഫൗസ്റ്റീന തന്റെ അനുഭവങ്ങളെല്ലാം ആദ്ധ്യാത്മിക ഉപദേ ഷ്ടാവിന്റെയും ഈശോയുടെ തന്നെയും നിര്‍ബന്ധത്തിനു വഴങ്ങി "ഡയറി"യില്‍ രേഖപ്പെടുത്തിയത് അനേകം ഭാഷകളില്‍ പ്രസിദ്ധം ചെയ്തതോടൊപ്പം മലയാളത്തിലും ലഭ്യമാണ്.
സി. ഹെലെന്‍ 1926 ഏപ്രില്‍ 30 ന് നൊവീഷ്യറ്റില്‍ പ്രവേശിച്ചപ്പോഴാണ് മരിയ ഫൗസ്റ്റീന എന്ന നാമം സ്വീകരിച്ചത്. 1933 മെയ് 1-ന് നിത്യവ്രതവാഗ്ദാനവും നടത്തി. 1934 ജനുവരി 2-നാണ് ഇ. കസിമിരോവ്‌സ്‌കി എന്ന ആര്‍ട്ടിസ്റ്റിനെ, കരുണയുടെ ചിത്രം പെയിന്റ് ചെയ്യാനായി ആദ്യം സമീപിച്ചത്.
നിത്യരോഗിയായിരുന്ന ഫൗസ്റ്റീന രോഗത്തിന്റെ പേരിലും വെളിപാടുകളുടെ പേരിലുമൊക്കെ സംശയിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയയാവുകയും ചെയ്തിരുന്നു. എങ്കിലും തന്റെ മനസ്സാക്ഷിയുടെ സ്വരത്തിനും മഠാധിപയ്ക്കും കര്‍ത്താവിനും വിധേയയായി എല്ലാം ക്ഷമയോടെ സഹിച്ച് അവള്‍ ജീവിച്ചു. വൈദികര്‍ക്കും സഭയ്ക്കും ലോകത്തിനും വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. "ഡയറി"യില്‍ ഫൗസ്റ്റീന ഈശോയുടെ വാക്കുകള്‍ ഇങ്ങനെ കുറിച്ചിട്ടു. "എന്റെ മകളേ, നീ എന്റെ ആനന്ദമാണ്. എന്റെ ഹൃദയത്തിന്റെ ആശ്വാസ മാണ്. നിനക്കു സ്വീകരിക്കാന്‍ കഴിയുന്നിടത്തോളം അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു തരാം. നീ എപ്പോഴും എന്നെ സന്തോഷിപ്പിക്കുന്നു. എന്റെ അതിരുകളില്ലാത്ത കരുണയെ നീ ലോകത്തിനു വെളിപ്പെടുത്തണം."
ഏറ്റവും വിനീത ഹൃദയത്തോടെ, തന്നെ സംരക്ഷിച്ച കോണ്‍ഗ്രിഗേഷനോട് കൊച്ചു തെറ്റുകള്‍ക്കുപോലും ക്ഷമയാചിച്ചുകൊണ്ട്, സ്വര്‍ഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ഈശോ വരുന്ന സമയം കാത്ത് കഴിഞ്ഞ ഫൗസ്റ്റീന പറഞ്ഞു: "സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടൊപ്പം കഴിയുക മാത്രമാണ് എന്റെ ജീവിതലക്ഷ്യം."
1938 ഒക്‌ടോബര്‍ 5-ന് 33-ാമത്തെ വയസ്സില്‍ വി. മരിയ ഫൗസ്റ്റീന അന്തരിച്ചു. പോളണ്ടുകാരനായ പോപ്പ് ജോണ്‍ പോള്‍ കക ജൂബിലിവര്‍ഷമായ 2000-ല്‍ ഏപ്രില്‍ 30-ാം തീയതി പോളണ്ടുകാരിയായ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചു.