വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്ക്  (1647-1690) : ഒക്‌ടോബര്‍ 16

വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്ക്  (1647-1690) : ഒക്‌ടോബര്‍ 16

പ്രൊട്ടസ്റ്റന്റു മതത്തിന്റെയും ജാന്‍സെനിസത്തിന്റെയും പ്രചാരത്തോടെ ഇംഗ്ലണ്ടിലെ കത്തോലിക്കാവിശ്വാസത്തിന് മങ്ങലേറ്റു. ലൂയി പതിന്നാലാമന്റെ ഭരണത്തോടെ 17-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിന്റെ ആദ്ധ്യാത്മിക നിലവാരവും തകര്‍ന്നു. ഈ ദുരവസ്ഥയില്‍ നിന്ന് ഫ്രാന്‍സിനെയും യൂറോപ്പിനെയും രക്ഷിക്കാന്‍ ദൈവം തിരഞ്ഞെടുത്തതാണ് മാര്‍ഗരറ്റ് മേരി അലക്കോക്ക് എന്ന അജ്ഞാത ഫ്രഞ്ചു കന്യാസ്ത്രീയെ.
1647-ല്‍ ഏഴുമക്കളില്‍ അഞ്ചാമത്തവളായി ജനിച്ച മാര്‍ഗരറ്റ് 1671-ല്‍ വിസിറ്റേഷന്‍ കോണ്‍വെന്റില്‍ ചേര്‍ന്നു. 1673 നും 75 നും മദ്ധ്യേ ക്രിസ്തുവിന്റെ അനേകം വെളിപാടുകള്‍ അവര്‍ക്കു ലഭിച്ചുകൊണ്ടിരുന്നു. കത്തോലിക്കാ ലോകത്തിനു മുഴുവന്‍ പ്രസക്തമായ കാര്യങ്ങളാണ് മാര്‍ഗരറ്റ് വഴി വെളിവാക്കപ്പെട്ടത്.
"എന്റെ ഹൃദയം മനുഷ്യരോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുകയാണ്. അത് ലോകം മുഴുവന്‍ അറിയണം. ഈ ഉത്തരവാദിത്വം നീതന്നെ ഏറ്റെടുക്കണം. അവര്‍ക്കാവശ്യമായ അനുഗ്രഹങ്ങള്‍ ഞാന്‍ വര്‍ഷിക്കും. അതുവഴി അവര്‍ വിശുദ്ധീകരിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യും. അവരുടെ ഇന്നത്തെ അപകടകരമായ അവസ്ഥയില്‍ നിന്നു രക്ഷപ്പെടാന്‍ എന്റെ സഹായങ്ങള്‍ വേണം. ഇക്കാര്യം നീ പ്രചരിപ്പിക്കണം."
തന്റെ പന്ത്രണ്ടു വാഗ്ദാനങ്ങള്‍ ഈശോ മാര്‍ഗരറ്റിനെ അറിയിച്ചു. അവരുടെ പുതിയ ആദ്ധ്യാത്മിക ഗുരുവായിരുന്ന വാഴ്ത്തപ്പെട്ട ക്ലോഡ് ദെലാ കൊളമ്പിയര്‍ എന്ന ഈശോസഭാ വൈദികന്റെ സഹായത്താല്‍ ഈശോയുടെ ഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കാനും അങ്ങനെ ഈശോയോടുള്ള വാഗ്ദാനം നിറവേറ്റാനും മാര്‍ഗ്ഗരറ്റിനു കഴിഞ്ഞു.
ഫ്രാന്‍സിലെ ലാന്തെക്കാര്‍ എന്ന സ്ഥലത്ത് 1647 ജൂലൈ 22 നു ജനിച്ച, മാര്‍ഗ്ഗരറ്റ് മേരി അലക്കോക്ക് 1690 ഒക്‌ടോബര്‍ 17-ന് അന്തരിച്ചു. 1920 മെയ് 13-ന് പോപ്പ് ബനഡിക്ട് തഢ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org