
വെസ്റ്റ്ഫാലിയായുടെ അപ്പസ്‌തോലന്‍ എന്നു പരക്കെ അറിയപ്പെട്ടിരുന്ന ലുഡ്ഗര്‍ ലാളിത്യവും ദീനാനുകമ്പയും പരസ്‌നേഹവും കൊണ്ട് ജനങ്ങളുടെ മനസ്സു കവര്‍ന്നു. അങ്ങനെ ഭൂരിപക്ഷ സാക്‌സണ്‍മാരും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. 804 ല്‍ മൂണ്‍സ്റ്ററിന്റെ ബിഷപ്പായിത്തീര്‍ന്ന ലൂഡ്ഗര്‍ ഭക്തിയും ആത്മാര്‍ത്ഥതയും ചുറുചുറുക്കുമുള്ള ഒരു പുരോഹിതസമൂഹത്തെ വാര്‍ത്തെടുക്കാനുള്ള യജ്ഞത്തിലായിരുന്നു.
ഹോളണ്ടിലാണ് വി. ലുഡ്ഗര്‍ ജനിച്ചത്. ജര്‍മ്മനിയുടെ മഹാനായ വിശുദ്ധന്‍ ബോനിഫസിനെ ഒമ്പതാമത്തെ വയസ്സില്‍ ലുഡ്ഗര്‍ കണ്ടുമുട്ടി. അതാണ് ലുഡ്ഗറിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അങ്ങനെ, വി. ബോനിഫസിന്റെ ശിഷ്യനായ വി. ഗ്രിഗറി സ്ഥാപിച്ച സ്‌കൂളിലാണ് പഠനം ആരംഭിച്ചത്. വാഴ്ത്തപ്പെട്ട ആല്‍കുയിന്റെ കീഴിലായിരുന്നു പഠനവും പ്രവര്‍ത്തനങ്ങളും തുടര്‍ന്നത്. പിന്നീട് ചാര്‍ളിമെയ്ന്‍ ചക്രവര്‍ത്തിയുടെ ഭരണകൂടത്തില്‍ വിദ്യാഭ്യാസകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വ്യക്തിയായിത്തീര്‍ന്ന ആല്‍കുയിന്‍, മരണം വരെ ലുഡ്ഗറിന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു.
777 ല്‍ ലുഡ്ഗര്‍ പൗരോഹിത്യം സ്വീകരിച്ചു. ഉടനെ അദ്ദേഹത്തിനു മിഷന്‍ പ്രവര്‍ത്തനത്തിനായി ഫ്രീസ്‌ലന്റിലേക്കു പോകേണ്ടിവന്നു അവിടെ ഡോക്കം എന്ന സ്ഥലത്തായിരുന്നു വി. ബോനിഫസിന്റെ അന്ത്യം. ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ സാക്‌സണ്‍സ് അവരുടെ പഴയ കാടന്‍ വിശ്വാസങ്ങളിലേക്ക് തിരിച്ചുപോകുകയും മിഷനറിമാരെ നാടുകടത്തുകയും പള്ളികള്‍ നശിപ്പിക്കുകയും ചെയ്തു. ആ സമയത്ത് റോമിലെത്തിയ ലുഡ്ഗര്‍ റോമിലും മൊന്തെ കാസ്സിനോയിലുമായി മൂന്നു വര്‍ഷം കഴിച്ചു കൂട്ടി. ചാര്‍ളിമെയ്ന്‍ അപ്പോഴേക്കും വിമതനേതാവായ വിദുകൈന്റിനെ പരാജയപ്പെടുത്തി അവര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ലുഡ്ഗര്‍ വീണ്ടും ഉണര്‍വ്വോടെ മിഷന്‍ പ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചുവന്നു. അധികം താമസിയാതെ, സാക്‌സണ്‍സും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയിലായി. അങ്ങനെ ലുഡ്ഗര്‍ തന്റെ ആദ്യത്തെ മുഖ്യ ആശ്രമം മൂണ്‍സ്റ്ററില്‍ സ്ഥാപിച്ചു. വെസ്റ്റ്ഫാലിയായുടെ അപ്പസ്‌തോലന്‍ എന്നു പരക്കെ അറിയപ്പെട്ടിരുന്ന ലുഡ്ഗര്‍ ലാളിത്യവും ദീനാനുകമ്പയും പരസ്‌നേഹവും കൊണ്ട് ജനങ്ങളുടെ മനസ്സു കവര്‍ന്നു. അങ്ങനെ ഭൂരിപക്ഷ സാക്‌സണ്‍മാരും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. 804 ല്‍ മൂണ്‍സ്റ്ററിന്റെ ബിഷപ്പായിത്തീര്‍ന്ന ലൂഡ്ഗര്‍ ഭക്തിയും ആത്മാര്‍ത്ഥതയും ചുറുചുറുക്കുമുള്ള ഒരു പുരോഹിതസമൂഹത്തെ വാര്‍ത്തെടുക്കാനുള്ള യജ്ഞത്തിലായിരുന്നു.
809 മാര്‍ച്ച് 26 ല്‍ പീഡാനുഭവ ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ലുഡ്ഗര്‍ മരണമടഞ്ഞു വെര്‍ഡനില്‍ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അവിടെ ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്, മൂണ്‍സ്റ്റര്‍ രൂപതയുടെ 11-ാം സെന്റിനറി 1909 ല്‍ ആഘോഷിച്ചപ്പോള്‍, വിശ്വാസികളുടെ ശ്രദ്ധാകേന്ദ്രം, വി. ലുഡ്ഗര്‍ മാമ്മോദീസാ നല്‍കാന്‍ ഉപയോഗിച്ചിരുന്ന കിണറായിരുന്നു.