ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ (1873-1897) : ഒക്‌ടോബര്‍ 1

ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ (1873-1897) : ഒക്‌ടോബര്‍ 1
Published on

'ചെറുപുഷ്പം' എന്നും 'കൊച്ചുത്രേസ്യ' എന്നും അറിയപ്പെടുന്ന മരിയ ഫ്രാന്‍സിസ് തെരേസ 1873 ജനുവരി 2-ന് ഫ്രാന്‍സിലെ അലെന്‍ കോണില്‍ ജനിച്ചു. മാതാപിതാക്കളായ ലൂയി മാര്‍ട്ടിനും സെലിയും ചെറുപ്പത്തില്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും ഒമ്പതു മക്കളെ ജനിപ്പിച്ച് അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി കാണാനായിരുന്നു അവരുടെ ഭാഗ്യം. മരിയ, പൗളി, ലെയോനി, സെലിന്‍, തെരേസ എന്നീ അഞ്ചുപേരില്‍ നാലുപേര്‍ കര്‍മ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും അംഗങ്ങളായി.
ഒമ്പതാമത്തെ സന്തതിയായി ജനിച്ച തെരേസ ചേച്ചിമാരെ കണ്ടാണു വളര്‍ന്നത്. നാലു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അതോടെ മാര്‍ട്ടിനും കുടുംബവും ലിസ്യുവിലേക്കു താമസം മാറ്റി. 14-ാമത്തെ വയസ്സില്‍ മഠത്തില്‍ ചേരാന്‍ താല്പര്യം കാണിച്ച തെരേസയെ, പ്രായമായില്ലെന്നു പറഞ്ഞ് ബിഷപ്പ് തിരിച്ചയച്ചു. എന്നാല്‍, 15-ാം വയസ്സില്‍ റോമിലെത്തിയ തെരേസ, പോപ്പ് ലെയോ പതിമ്മൂന്നാമനെ നേരില്‍ കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. അങ്ങനെ 1888 ഏപ്രില്‍ 9-ന് തെരേസ സഭാവസ്ത്രം സ്വീകരിച്ചു. അടുത്തവര്‍ഷം സെപ്തംബര്‍ 8-ന് പ്രഥമവ്രതവാഗ്ദാനവും നടന്നു.
ഉണ്ണീശോയുടെ വി. തെരേസ എന്നറിയപ്പെടുന്ന കൊച്ചുത്രേസ്യായുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ച, 22-ാം വയസ്സില്‍ അവരെ നൊവിസ് മിസ്ട്രസ്സാക്കി. ശിശുസഹജമായ നിഷ്‌കളങ്കത, വിനയം, നിരന്തരമുള്ള ആത്മസംയമനം, പരിഹാര പ്രവൃത്തികള്‍, ഈശോയിലുള്ള കളങ്കമില്ലാത്ത വിശ്വാസം, അതിരുകളില്ലാത്ത സ്‌നേഹം – എല്ലാം അവരുടെ പ്രത്യേകതകളായിരുന്നു.
"ഇത്രയും ശക്തനും ദയാലുവുമായ ദൈവത്തില്‍നിന്ന് മനുഷ്യന്‍ വളരെയേറെ പ്രതീക്ഷിക്കരുത്, അവന് അര്‍ഹതപ്പെട്ടത് തീര്‍ച്ചയായും അവനു ലഭിച്ചിരിക്കും." എന്നാല്‍, ജീവിതത്തിലെ കൊച്ചു കാര്യങ്ങള്‍ ഏറ്റവും ഭംഗിയായി ചെയ്താണ് കൊച്ചുത്രേസ്യ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ മാതൃകയായത് അങ്ങനെ അനേകായിരങ്ങള്‍ക്ക് അവള്‍ പ്രചോദനമായി. ലോകപ്രസിദ്ധമായ 'ആത്മകഥ'യില്‍ എല്ലാം അവള്‍ വ്യക്തമാക്കുന്നുണ്ട്. ജ്യേഷ്ഠസഹോദരിമാരുടെയും മഠാധിപ ഗോണ്‍സാഗയുടെയും നിര്‍ബന്ധത്തിനു വഴങ്ങി തെരേസ എഴുതിയതാണ് ആത്മകഥ. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാനല്ല; ആരെയും കുറ്റപ്പെടുത്താനല്ല; താന്‍ രോഗിയാണെന്നും കഷ്ടപ്പെടുകയാണെന്നും ആരേയും അറിയിക്കാനുമല്ല ആത്മകഥ എഴുതിയത്. മറ്റുള്ളവരോട്, തന്നെ സംശയ ദൃഷ്ട്യാ നോക്കുന്നവരോടുപോലും, തന്റെ ഹൃദയം തുറന്ന് സൗഹൃദം പ്രകടിപ്പിക്കാനായിരുന്നു; ഒരു നറുപുഞ്ചിരി സമ്മാനിക്കാനായിരുന്നു അത്. അവരുടെ ആദ്ധ്യാത്മിക ശിശുത്വവും സമ്പൂര്‍ണ്ണ ആത്മസമര്‍പ്പണവും ആദ്ധ്യാത്മികതയില്‍ വളരാനുള്ള കുറുക്കുവഴികളും അതില്‍ വ്യക്തമായി വായിക്കാം.
ഒമ്പതരവര്‍ഷം മാത്രം നീണ്ടുനിന്ന കൊച്ചുത്രേസ്യയുടെ കന്യകാലയ ജീവിതം ആരുടെയും ശ്രദ്ധയില്‍പെടാത്ത ഒന്നായിരുന്നെങ്കിലും, മിക്കവരും അവരെ തെറ്റിദ്ധരിച്ചു. സഭയുടെ വൈദികരെയും മിഷനറിമാരെയും പ്രാര്‍ത്ഥനയും പരിഹാരപ്രവൃത്തികളും വഴി സഹായിക്കുകയാണു തന്റെ കടമയെന്ന് കരുതി അവര്‍ ജീവിച്ചു. ഏതായാലും ക്ഷയരോഗിയായി മാറിയ തെരേസ 24-ാമത്തെ വയസ്സില്‍ 1897 സെപ്തംബര്‍ 30 ന് ഇഹലോകവാസം വെടിഞ്ഞു. "ഈശോയെ സ്‌നേഹിക്കുക; ഈശോയ് ക്കുവേണ്ടി ആത്മാക്കളെ നേടുക" എന്നുമാത്രം വിശ്വസിച്ച ആ ജീവിതം അങ്ങനെ സ്മരണയായി.
1925-ല്‍ പോപ്പ് പീയൂസ് തക തെരേസയെ വിശുദ്ധരുടെ പട്ടികയില്‍ പെടുത്തി. ഫ്രാന്‍സീസ് സേവ്യറിനൊപ്പം മിഷണറിമാരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയുമാണ് അവര്‍. പോപ്പ് ജോണ്‍ പോള്‍ II 1997 ല്‍ അവരെ സഭയുടെ വേദപാരംഗതയായി ഉയര്‍ത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org