
ഫ്രാന്‍സില്‍, അല്‍സെസ് എന്ന സ്ഥലത്ത് 1002 ജൂണ്‍ 21-ന് സമ്പന്നമായ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് വി. ലിയോ ഒമ്പതാമന്‍ ജനിച്ചത്. ഈ "നല്ലവനായ ബ്രൂണോ" ചക്രവര്‍ത്തി കൊണ്‍റാഡ് രണ്ടാമന്റെ അടുത്ത ബന്ധുവുമായിരുന്നു. പതിനഞ്ചാത്തെ വയസ്സില്‍ ബ്രൂണോ താവൂള്‍ രൂപതയിലെ കാനണായി. 25-ാമത്തെ വയസ്സില്‍ 1027 സെപ്തംബര്‍ 9ന് അവിടത്തെ ബിഷപ്പുമായി. 20 വര്‍ഷം നീണ്ടുനിന്ന രൂപതാഭരണം പ്രശ്‌നസങ്കീര്‍ണ്ണമായിരുന്നു.
പിന്നീടാണ് റോമിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തിയത്. ആ സമയത്ത് പുതിയ പോപ്പാകാന്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടായി. ജര്‍മ്മന്‍കാരനായിരുന്ന പോപ്പ് റുമാസസ് രണ്ടാമനുശേഷം റോമാക്കാര്‍ ബ്രൂണോയെ നിര്‍ബന്ധിച്ച് പോപ്പ് ലിയോ ഒമ്പതാമനാക്കി. 1049 ഫെബ്രുവരി 12 മുതല്‍ അഞ്ചുവര്‍ഷം മാത്രം നീണ്ടുനിന്ന ഈ ഭരണകാലം, പോപ്പ് ലിയോയെ മദ്ധ്യകാലത്തെ ഏറ്റവും മഹാനായ പരിഷ്‌കര്‍ത്താവായി അംഗീകാരം നേടിക്കൊടുത്തു. ആല്‍പ്‌സ് പര്‍വ്വതം കടന്ന് ജര്‍മ്മനിയിലേക്കും ഫ്രാന്‍സിലേക്കും നിരന്തരം അദ്ദേഹം നടത്തിയ യാത്രകള്‍ നോര്‍മന്‍സിനെ പ്രകോപിപ്പിച്ചു. അതൊന്നും വകവയ്ക്കാതെ ഈ 'തീര്‍ത്ഥാടകനായ അപ്പസ്‌തോലന്‍' സൂനഹദോസുകള്‍ വിളിച്ചുകൂട്ടുകയും തികച്ചും ആത്മീയമായവ വിറ്റ് ഭൗതികലാഭമുണ്ടാക്കുന്നതിനെതിരെയും ലൗകികതയില്‍ മുഴുകി ജീവിച്ചിരുന്ന പുരോഹിതര്‍ക്കെതിരെയും നടപടി എടുക്കുകയും ചെയ്തു.
അന്ന് അദ്ദേഹത്തിന്റെ ആലോചനാസമിതിയില്‍ പിന്നീട് പോപ്പ് ഗ്രിഗരി ഏഴാമനായ ഹിഡല്‍ബ്രാന്റും വി. പീറ്റര്‍ ഡാമിയനും മറ്റുമുണ്ടായിരുന്നു. പീറ്റര്‍ ഡാമിയന്‍ എഴുതുന്നു: "ഫ്രാന്‍സില്‍ വച്ചുനടത്തിയ ഒരു സിനഡില്‍ ഇംഗ്ലണ്ടില്‍നിന്നുള്ള ബിഷപ്പുമാരും സഭാശ്രേഷ്ഠന്മാരും പങ്കെടുത്തിരുന്നു. കൂടാതെ, സ്‌പെയിന്‍. സ്‌കോട്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഈ "സഞ്ചരിക്കുന്ന പോപ്പിനെ" ശ്രവിക്കാന്‍ ആളുകള്‍ എത്തിയിരുന്നു.
പോപ്പ് ലിയോയുടെ ഭരണകാലത്താണ് സ്‌കോട്‌ലണ്ടിന്റെ രാജാവ് മാക്ബത്ത് റോം സന്ദര്‍ശിച്ചത്. "Transubstantiation"-ന് എതിരായ ബെറങ്കേരിയസ് പാഷണ്ഡതയെ എതിര്‍ക്കുകയും, ഐസ്‌ലണ്ടില്‍ നാട്ടുകാരനായ ബിഷപ്പിനെ വാഴിക്കുകയും മറ്റും ചെയ്തത് പോപ്പ് ലിയോയാണ്. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പേട്രിയാര്‍ക്ക് മൈക്കിള്‍ സെരുളാരിയൂസ് പല ലത്തീന്‍ രീതികളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കുകയും പല ലത്തീന്‍ പള്ളികളും പൂട്ടിയിടുകയും ചെയ്തത് ഈ കാലഘട്ടത്തിലാണ്. കുപ്രസിദ്ധമായ പൗരസ്ത്യശീശ്മയുടെ ആരംഭമായിരുന്നു അത്.
ഈ സമയത്ത് നോര്‍മന്‍കാര്‍ പേപ്പല്‍ രാജ്യങ്ങള്‍ ആക്രമിച്ച് കീഴടക്കുകയും പോപ്പ് ലിയോയെ പിടിച്ച് ഒമ്പതുമാസം തടവിലിടുകയും ചെയ്തു. പിന്നീട് മോചിതനായെങ്കിലും ആരോഗ്യം വല്ലാതെ ക്ഷയിച്ചിരുന്നു. നോര്‍മന്‍സുമായുള്ള യുദ്ധത്തില്‍ അനേകം ജീവിതങ്ങള്‍ അകാലത്തില്‍ പൊലിഞ്ഞുപോയതില്‍ അതീവദുഃഖിതനുമായിരുന്നു അദ്ദേഹം. അങ്ങനെ, അമ്പത്തിരണ്ടാമത്തെ വയസ്സില്‍, 1054 ഏപ്രില്‍ 19-ന് പോപ്പ് ലിയോ ദിവംഗതനായി. 1087-ല്‍ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.