മാര്‍പാപ്പയുടെ ആര്‍ച്ച് ഡീക്കന്‍ എന്നാണ് ലോറന്‍സ് അറിയപ്പെട്ടിരുന്നത്. വലേരിയന്‍ ചക്രവര്‍ത്തിയുടെ വിളംബരമനുസരിച്ച് സിക്സ്റ്റസ് മാര്‍പാപ്പ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, സഭയുടെ സ്വത്തെല്ലാം ദരിദ്രര്‍ക്കു ദാനം ചെയ്യാന്‍ അദ്ദേഹം ലോറന്‍സിനോട് ആവശ്യപ്പെട്ടു. ലോറന്‍സ് സന്തുഷ്ടനായി തന്റെ കൈവശമുണ്ടായിരുന്ന സ്വത്തെല്ലാം ദരിദ്രര്‍ക്കും വിധവകള്‍ക്കുമായി ഭാഗിച്ചുകൊടുത്തു. റോമന്‍ പ്രീഫക്ട് സ്വര്‍ണത്തിനായി ലോറന്‍സിനെ സമീപിച്ചപ്പോള്‍ ലോറന്‍സ് സമൂഹത്തിലെ വിധവകളെയും ദരിദ്രരെയും കാണിച്ചു കൊടുത്തു. ക്ഷുഭിതനായ പ്രീഫെക്ട് ലോറന്‍സിനെ ഇരുമ്പുപലകയില്‍ കിടത്തി പലകയുടെ അടിയില്‍ തീയിട്ടു.
റോമില്‍ ജീവനോടെ ദഹിപ്പിക്കപ്പെട്ട ഒരു രക്തസാക്ഷിയാണ് വി. ലോറന്‍സ്. വി. അംബ്രോസ് ലോറന്‍സിന്റെ രക്തസാക്ഷിത്വത്തെപ്പറ്റി എഴുതിയിട്ടുണ്ട്.
258-ല്‍ റോമന്‍ ചക്രവര്‍ത്തി വലേറിയന്‍ എല്ലാ ക്രിസ്തീയ വിശ്വാസികളെയും വിചാരണ ചെയ്ത് കൊന്നുകളഞ്ഞു. പോപ്പ് സിക്സ്റ്റസ് II ഉം അദ്ദേഹത്തിന്റെ നാലു ഡീക്കന്മാരും വധിക്കപ്പെട്ടു. പോപ്പിനെ കസ്റ്റഡിയില്‍ കൊണ്ടുപോയപ്പോള്‍, തന്നെക്കൂടി കൊണ്ടുപോകണമേ എന്നു ലോറന്‍സ് വേദനയോടെ, വിളിച്ചുപറഞ്ഞു. അതുകേട്ട് പോപ്പ് സിക്സ്റ്റസ് ആശ്വസിപ്പിച്ചു: "കരയാതെ മോനേ; മൂന്നു ദിവസത്തിനകം നീ എന്നെ അനുധാവനം ചെയ്യും."
സഭയുടെ ഭൗതിക സമ്പത്തുക്കളുടെയും ധനത്തിന്റെയും സംരക്ഷകനായിരുന്നു ലോറന്‍സ്. സഭയുടെ പേരിലുണ്ടായിരുന്ന സ്ഥാവരജംഗമ വസ്തുക്കളെല്ലാം വിറ്റ് ചക്രവര്‍ത്തിയുടെ ഖജനാവില്‍ മുതല്‍ക്കൂട്ടാക്കുവാന്‍ ലോറന്‍സിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ലോറന്‍സ് സമ്പത്തെല്ലാം പാവങ്ങള്‍ക്കു വിതരണം ചെയ്തിട്ട്, മൂന്നു ദിവസം കഴിഞ്ഞ് അന്ധരും മുടന്തരും അംഗഹീനരും കുഷ്ഠരോഗികളും വിധവകളും അനാഥരും ഉള്‍പ്പെടുന്ന ഒരു വലിയ ജനക്കൂട്ടത്തെ പ്രീഫെക്ടിന്റെ മുമ്പിലെത്തിച്ചു. ലോറന്‍സ് പ്രീഫെക്ടിനോടു പറഞ്ഞു: "ഇതാണ് സഭയുടെ സമ്പത്ത്!"
ക്ഷുഭിതനായ പ്രീഫെക്ട്, ലോറന്‍സിനെ തീയില്‍ ചുട്ടുകൊല്ലാന്‍ ഉത്തരവായി. തീയില്‍ ദഹിച്ചുകൊണ്ടിരുന്നപ്പോള്‍ ലോറന്‍സ് പറഞ്ഞത്രേ: "പാകത്തിനു വെന്തുകഴിഞ്ഞു; ഇനി നിങ്ങള്‍ക്കു ഭക്ഷിക്കാം."