വിശുദ്ധ ജസ്റ്റിന്‍ (100-166) : ജൂണ്‍ 1

വിശുദ്ധ ജസ്റ്റിന്‍ (100-166) : ജൂണ്‍ 1
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ പ്രതി സഹിക്കാനുള്ള പീഡനങ്ങളാണ് നാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കേണ്ടത്. കാരണം, അതാണ് നമ്മെ ആനന്ദിപ്പി ക്കുന്നത്; എല്ലാ മനുഷ്യരും പ്രത്യക്ഷപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യുന്ന അവിടുത്തെ കോടതി മുമ്പാകെ നില്‍ക്കാനുള്ള ആത്മധൈര്യം നല്കുന്നത്.
വിശുദ്ധ ജസ്റ്റിന്‍.

നിരന്തരമായ അന്വേഷണത്തിന്റെ ഫലമായി അറിവിലും വിശുദ്ധിയിലും വളര്‍ന്നുവന്ന പണ്ഡിതനായ ഒരു വിശുദ്ധനാണ് ജസ്റ്റിന്‍. വൈദികനോ ബിഷപ്പോ പോപ്പോ അല്ലാത്ത രണ്ടു സഭാപണ്ഡിതരേ നമുക്കുള്ളൂ; വി. ജസ്റ്റിനും വി. എഫ്രേമും.

സിറിയയിലെ ഫ്‌ളാവിയ നിയപ്പോളിസിലാണ് ജസ്റ്റിന്റെ ജനനം. യുവാവായിരുന്നപ്പോള്‍ത്തന്നെ, സാമാന്യം നല്ല വിദ്യാഭ്യാസം ലഭിച്ച ജസ്റ്റിന്‍ സത്യത്തെയും ദൈവത്തെയും അന്വേഷിച്ചിരുന്നു. അന്നത്തെ തത്ത്വജ്ഞാനികള്‍ക്കൊന്നും ജസ്റ്റീനെ തൃപ്തിപ്പെടുത്താനായില്ല. അങ്ങനെ ഈജിപ്തില്‍ അലക്‌സാണ്ഡ്രിയായിലെ കടല്‍ത്തീരത്തു കൂടെ ചിന്താമൂകനായി നടന്നുപോകുമ്പോള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു വൃദ്ധനെ കണ്ടുമുട്ടുകയും ദീര്‍ഘകാല ദാര്‍ശനിക ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ചെയ്തു. അതിന്റെ ഫലമായിട്ടാണ് ജസ്റ്റിന്‍ പ്രവാചകന്മാരെപ്പറ്റിയുള്ള പഠനം ആരംഭിച്ചത്. ദൈവത്തില്‍ എത്തിച്ചേരാന്‍ ഭൗതികജ്ഞാനം മാത്രം പോരെന്ന് അദ്ദേഹത്തിനു ബോദ്ധ്യമാവുകയും ചെയ്തു.

കൂടാതെ, മതപീഡനക്കാലത്ത് രക്തസാക്ഷികളായ അനേകരുടെ സഹനവും മരണവും ജസ്റ്റിന്‍ നേരില്‍ കണ്ടു. വേദനയുടെയും മരണത്തിന്റെയും മുമ്പില്‍ എല്ലാം സഹിച്ച്, ധീരരായി നിന്ന അവരുടെ ജീവിതം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അവാച്യവും അസാധാരണവുമായ എന്തോ ഒന്ന് അവരിലുണ്ടായിരുന്നു. വെറും വികാരജീവികളോ ക്രൂരന്മാരോ ആയിരുന്നില്ല അവര്‍. രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യവും തിരുവചനങ്ങ ളെപ്പറ്റിയുള്ള വിശദമായ പഠനവും 30-ാമത്തെ വയസ്സില്‍ ജസ്റ്റിനെ മാനസാ ന്തരപ്പെടുത്തി.

വിശുദ്ധവും ചിന്താനിര്‍ഭരവുമായ ഒരു ജീവിതം നയിച്ചുകൊണ്ട് ജസ്റ്റിന്‍ ഒരു താത്ത്വികന്റെ വേഷത്തില്‍ ഏഷ്യാ മൈനര്‍ (തുര്‍ക്കി) മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. ഡീക്കന്റെ പദവി ലഭിച്ച അദ്ദേഹം ക്രിസ്തുവിനെപ്പറ്റിയുള്ള സത്യം പ്രസംഗിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. രണ്ടു പ്രാവശ്യം റോം സന്ദര്‍ ശിക്കുകയും കൂടുതല്‍ സമയം അവിടെ ചെലവഴിക്കുകയും ചെയ്തു. അദ്ദേഹം താമസിച്ചിരുന്ന സ്ഥലം, ക്രിസ്തീയ തത്ത്വങ്ങള്‍ പ്രസംഗിക്കു വാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു പരിശീലന സ്‌കൂളായി രൂപാന്തരപ്പെട്ടു. അന്നു പ്രചാരത്തിലിരുന്ന തെറ്റായ ആശയങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം ധാരാളം എഴുതി. വി. ജറോം പോലും വിലമതിച്ച ആ പ്രബന്ധങ്ങളെല്ലാം നിര്‍ഭാഗ്യവശാല്‍ നഷ്ടപ്പെട്ടുപോയി. അവയില്‍ രണ്ടെണ്ണം, അനറ്റോണിയസ് പയസ് ചക്രവര്‍ത്തിയെയും മാര്‍ക്കസ് അവുറേലിയസ് ചക്രവര്‍ത്തിയെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളവ മാത്രം, ശേഷിച്ചു.

ജസ്റ്റിന്റെ ഒരു പ്രബന്ധം വി. കുര്‍ബാനയെപ്പറ്റിയുള്ളതാണ്. അതു വായിച്ചിട്ടാണ് അനറ്റോണിയസ് ചക്രവര്‍ത്തി, മേലില്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ പാടില്ലെന്ന് കല്പന പുറപ്പെടുവിച്ചത്.

160-ല്‍ ജസ്റ്റിന്‍ എഫേസൂസിലേക്കു മടങ്ങി. മഹാനായ റബ്ബി ട്രൈഫണ്‍ എന്ന പ്രസിദ്ധനും ഇസ്രായേല്‍ക്കാരനുമായ തത്ത്വചിന്തകനെ ജസ്റ്റിന്‍ ഒരു ദിവസം കണ്ടുമുട്ടി. രണ്ടു ദിവസം നീണ്ടുനിന്ന ഒരു സംവാദം അവര്‍ തമ്മില്‍ നടന്നു. അനേകം ശ്രോതാക്കളുടെ മദ്ധ്യത്തില്‍ അവര്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. പഴയ നിയമം പുതിയതിലാണ് പൂര്‍ത്തിയാ കുന്നതെന്ന് പ്രവാചകന്മാരെ കൂട്ടുപിടിച്ച് സ്ഥാപിക്കാന്‍ ജസ്റ്റിന്‍ ശ്രമിച്ചു. മിശിഹാ വരേണ്ട സമയം കഴിഞ്ഞിരിക്കാമെന്ന് റബ്ബി സമ്മതിച്ചെങ്കിലും ക്രിസ്തു പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി അയാള്‍ അംഗീകരിച്ചില്ല.

ജസ്റ്റിന്‍ കുറിച്ചു: "ഒരു വലിയ ദൈവാനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് ആശംസിക്കുന്നു. അതായത്, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വിശേഷബുദ്ധികൊണ്ട് ഒരു ദിവസം നിങ്ങള്‍ തിരിച്ചറിയും, ജീസസ്സ് ദൈവപുത്രനാണെന്ന്."

രണ്ടാമത്തെ പ്രബന്ധം വിശ്വാസത്തെപ്പറ്റിയായിരുന്നു. മാര്‍ക്കസ് അവുറേലിയസ് ചക്രവര്‍ത്തിയുടെ ട്യൂട്ടറായിരുന്ന തത്ത്വജ്ഞാനി ഡയോഗ്നീറ്റസിന്റെ സംശയത്തിനുള്ള മറുപടിയായിരുന്നു അത്. ജസ്റ്റിന്‍ നിരൂപി ച്ചതുപോലെ തന്നെ, 67-ാമത്തെ വയസ്സില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ശിരച്ഛേദം ചെയ്തു വധിച്ചു.

കത്തോലിക്കാ തത്ത്വശാസ്ത്രത്തിന്റെ മഹാനായ പ്രഥമ മദ്ധ്യസ്ഥനാണ് വി. ജസ്റ്റിന്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org